“ആ കാര്യം അറിഞ്ഞ നിമിഷം മുതൽ നിലത്തൊന്നുമായിരുന്നില്ല ഞാൻ, ചെന്നൈയിലെ റോഡിലൂടെ തുളളിചാടിയാണ് സന്തോഷം പങ്കുവെച്ചത്”; സൂര്യ 41 ഓഡിഷൻ അനുഭവത്തെ കുറിച്ച് മമിത ബൈജു/Mamitha Baiju


 

തന്റെ കരിയറിൽ വളർച്ചയുടെ പാതയിലാണ് മമിത ബൈജു. 2017ലിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമാ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. പിന്നീട് ഖോ ഖോ, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചു. ഖോ ഖോയിലെ അഭിനയത്തിന് താരത്തിന് 2022ലെ മികച്ച സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചിട്ടുണ്ട്.

2022ൽ റിലീസായ സൂപ്പർ ശരണ്യയിലെ സോന എന്ന കഥാപാത്രമാണ് മമിതയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. നായികയുടെ കൂട്ടുകാരിയാണെങ്കിലും ചിത്രത്തിൽ മമിതയുടെ കഥാപാത്രമായിരുന്നു കൂടുതൽ തിളങ്ങി നിന്നത്.

സൂപ്പർ ശരണ്യയ്ക്ക് ശേഷം സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നമിതയെ തിരഞ്ഞെടുത്തിരുന്നു. ആ സമയത്ത് റോഡിലൂടെ തുള്ളിച്ചാടിയാണ് സന്തോഷം പങ്കുവെച്ചതെന്ന് താരം പറയുന്നു. വണങ്കാൻ എന്ന് പേരിട്ടിരുന്ന ചിത്രം തിരക്കഥയിൽ വന്ന ചില മാറ്റങ്ങൾ കാരണം സൂര്യ ഉപേക്ഷിച്ചു. ബാല തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. താനും സൂര്യയും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നായിരുന്നു ബാല പറഞ്ഞത്.

ജിഞ്ചർ മീഡിയ എന്റർട്ടൈൻമെന്റിന് നൽകിയ ഇന്റർവ്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സിനിമയിലേക്ക് വന്നതിന് ശേഷവും മുൻപുമുള്ള ജീവിതങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചപ്പോൾ ജീവിതം തിരക്ക് പിടിച്ചതായി മാറി എന്നാണ് താരം പറഞ്ഞത്. നമുക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളുണ്ടാകും മറു വശത്ത് നമ്മുടെ ഉത്തരവാദിത്വങ്ങളുണ്ടാകും ഇത് രണ്ടും തമ്മിൽ ചേർന്ന് പോകാൻ ബുദ്ധിമുട്ടാണെന്ന് താരം പറയുന്നു.

തനിക്ക് ക്രാഫ്റ്റ് വർക്കുകൾ ചെയ്യാൻ ഇഷ്ടമാണ്, ഇപ്പോൾ അതൊന്നും ചെയ്യാൻ സമയം കിട്ടുന്നില്ലെന്ന് താരം പരിഭവിച്ചു. കൂ‌ടാതെ, ക്ലേ മോഡലിങ് പഠിക്കുന്നുണ്ടെന്നും, ഈയടുത്ത് ഒരു പ്രതിമയുണ്ടാക്കിയെന്നും താരം പറഞ്ഞു.

മറ്റുള്ളവരെ വിധിക്കാൻ നമ്മളാരുമല്ല എന്നാണ് താരത്തിന്റ പക്ഷം. ഫോട്ടോഷൂട്ട് ഫോട്ടോസ് സാമൂഹ്യമാധ്യമത്തിൽ പങ്കുവയ്ക്കുമ്പോഴെല്ലാം യുവ താരങ്ങൾ ഏറെ വിമർശിക്കപ്പെടാറുണ്ട്. പലപ്പോഴും അബ്യൂസീവായുള്ള കമന്റുകളായിരിക്കും വരുന്നത്. ഇതേക്കുറിച്ചുള്ള അഭിപ്രായം എന്താണെന്നുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമിത.

“മറ്റുള്ളവരെ വിധിക്കാൻ നമ്മളാരുമല്ല. ചില ആളുകളുണ്ട്, അവർ പൊതുസ്ഥലത്ത് വളരെ മാന്യൻമാരായിരിക്കും. എന്നാലവരെ വ്യക്തിജീവിതത്തിൽ വേറൊരാൾക്ക് സഹിക്കാൻ കൂടി പറ്റുന്നുണ്ടാവില്ല. ഒരാളെ വിധിക്കുന്നതിന് മുൻപ് നമ്മളാലോചിക്കുക നമ്മൾ പെർഫെക്ട് ആണോന്ന്. കോംപ്ലിമെന്റ് കൊടുക്കാനാവുമെങ്കിൽ കൊടുക്കുക, അത് മറ്റുള്ളവർക്ക് ഒരു നിമിഷത്തേക്കെങ്കിലും സന്തോഷം നൽകും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇല്ല എന്ന് പറയുക, അതേക്കുറിച്ച് കൂടുതൽ കമന്റ്സ് പറയാൻ നിൽക്കരുത്”- താരം വ്യക്തമാക്കി.

പ്രണയവിലാസം ആണ് നമിതയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അർജുൻ അശോകനും ഐശ്വര്യ രാജനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു ​വീഡിയോ ​ഗാനം ഈയടുത്താണ് റിലീസായത്.