”കണ്ണെരിഞ്ഞും, ചുമച്ചും, ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നസിനോട്”; രൂക്ഷവിമർശനവുമായി കൊച്ചിയിലെ താരങ്ങൾ| Ramesh Pisharody| Prithviraj | Brahmapuram Plant


ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചിയിലെ ജനങ്ങളെല്ലാം വലഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും ചർച്ച സജീവമാണ്. വിഷയത്തിൽ പ്രതികരിച്ച് കൊച്ചിയിൽ താമസിക്കുന്ന ചലച്ചിത്ര താരങ്ങളും രം​ഗത്തെത്തുകയാണ്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയും തന്റെ എതിർപ്പ് അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

ബ്രഹ്മപുരം മാലിന്യപ്ലാൻറിലെ തീപിടിത്തത്തിൽ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപമാണെന്നാണ് പിഷാരടി പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് താരത്തിന്റെ പ്രതികരണം. ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.

ഫേസ്‌ബുക്കിൽ തന്റെ പ്രൊഫൈൽ ചിത്രം മാറ്റിയാണ് നടൻ വിനയ് ഫോർട്ട് പ്രതിഷേധം അറിയിച്ചത്. ‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന് ആലേഖനം ചെയ്ത മാസ്ക് ധരിച്ചിരിക്കുന്ന മുഖവും തലയിൽ കൂടികിടക്കുന്ന മാലിന്യങ്ങളുടെ ചിത്രീകരണമാണ് പ്രൊഫൈൽ ചിത്രമായി വിനയ് ഫോർട്ട് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. കൊച്ചിയിൽ വിഷപ്പുക പടരുന്ന സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായി ഇരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നടൻ ഉണ്ണി മുകന്ദനും ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിൻറെ കാര്യം ശ്രദ്ധിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. ബ്രഹ്‍മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോൾ ബന്ധപ്പെട്ട അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക’ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ കുറിപ്പ്. പൃഥ്വിരാജും വിഷയത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പറഞ്ഞു. നടൻ വിജയ് ബാബു, നീരജ് മാധവ്, സംവിധായകൻ ഷാംദത്ത് എന്നിവരും വിഷയത്തിൽ പ്രതികരിച്ച് നേരത്തെ രം​ഗത്തെത്തിയിരുന്നു.

അതേസമയം ബ്രാഹ്മപുരത്തെ പ്രശ്നത്തിൽ കൊച്ചിയിൽ താമസിക്കുന്ന സൂപ്പർ താരങ്ങൾ പ്രതികരിക്കാത്തതിനെതിരെ നിർമ്മാതാവ് ഷിബു ജി. സുധാകരൻ രം​ഗത്തെത്തിയിരുന്നു.”കഴിഞ്ഞ കുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നത്തിന് എതിരെ പ്രതികരിക്കാൻ കൊച്ചിയിൽ താമസിക്കുന്ന നമ്മുടെ സ്റ്റാറുകളായ മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്.

ഇതിനിടെ ബ്രഹ്മപുരത്തെ പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുകയാണ്. തീ 80 ശതമാനം നിയന്ത്രണ വിധേയമായതോടെ രണ്ട് ദിവസത്തിനുള്ളിൽ പുകയും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന നിരീക്ഷണ സമിതി ഇന്ന് ബ്രഹ്മപുരത്ത് സന്ദർശനം നടത്തിയേക്കും. പുക വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.