‘ഏറ്റവും സുന്ദരനായ നടന്മാരുടെ പട്ടികയില്‍ എന്താ ശ്രീനിവാസന്‍ ഇല്ലാത്തത്? ഏത് ചോക്കലേറ്റ് ഹീറോയെക്കാള്‍ വാല്യു ശ്രീനിവാസനാണ്’; ടി.വി പരിപാടിക്കിടെ രൂക്ഷമായി പ്രതികരിച്ച് നടി ഉര്‍വ്വശി


അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. തെന്നിന്ത്യയിലെ തന്നെ പേരെടുത്ത അഭിനേത്രിയായ ഉര്‍വ്വശി തന്റെ എട്ടാം വയസിലാണ് അഭിനയരംഗത്തേക്ക് കടന്നത്. അന്ന് തൊട്ട് ഇന്നുവരെ ഉര്‍വ്വശി അവതരിപ്പിച്ച കഥാപാത്രങ്ങളെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

മലയാളത്തിലെ ഏതാണ്ട് എല്ലാ താരങ്ങള്‍ക്കും നടന്മാര്‍ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട് ഉര്‍വ്വശി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പര്‍താരങ്ങള്‍ക്ക് പുറമെ മുകേഷ്, ജയറാം, ജഗദീഷ്, ശ്രീനിവാസന്‍, സിദ്ദിഖ് തുടങ്ങിയ നടന്മാര്‍ക്കൊപ്പവും മികച്ച കഥാപാത്രങ്ങള്‍ ഉര്‍വ്വശി അവതരിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള കഥാപാത്രങ്ങളെക്കാള്‍ മികച്ച കഥാപാത്രങ്ങളെ ഉര്‍വ്വശിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഈ നടന്മാര്‍ക്കൊപ്പമാണ് എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല.

ഒരു ടെലിവിഷന്‍ പരിപാടിക്കിടെ തനിക്കൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ചുള്ള ചോദ്യവും അതിന് ഉര്‍വ്വശി രൂക്ഷമായ ഭാഷയില്‍ അവതാരകയ്ക്ക് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഏറ്റവും സുന്ദരനായ നായകനാര് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിനുള്ള ഓപ്ഷനുകളായി മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ജഗദീഷ്, സുരേഷ് ഗോപി എന്നീ പേരുകള്‍ പറഞ്ഞ ശേഷം ഇതില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനാണ് അവതാരക ഉര്‍വ്വശിയോട് ആവശ്യപ്പെട്ടത്.

തുടര്‍ന്നാണ് ഉര്‍വ്വശി രൂക്ഷമായി ഇതിനോട് പ്രതികരിച്ചത്. അതെന്താണ് നിങ്ങള്‍ ശ്രീനിവാസനെ ഉള്‍പ്പെടുത്താത്തത് എന്നായിരുന്നു ഉര്‍വ്വശിയുടെ മറുചോദ്യം. ഏറ്റവും സുന്ദരനായ നടന്‍ ശ്രീനിച്ചേട്ടനനാണ് എന്നും ഉര്‍വ്വശി അടിവരയിട്ട് പറഞ്ഞു.

ഈ മറുപടി കേട്ട് അവതാരക ചിരിച്ചതോടെ വീണ്ടും ഗൗരവത്തില്‍ ഉര്‍വ്വശി പ്രതികരിച്ചു. താന്‍ തമാശ പറയുകയല്ല എന്ന് അവതാരകയോടായി ഉര്‍വ്വശി പറഞ്ഞു. തുടര്‍ന്ന് ഉര്‍വ്വശിയുടെ വാദത്തെ അവതാരകയും അംഗീകരിക്കുകയായിരുന്നു.

‘ഏത് ചോക്കലേറ്റ് ഹീറോ ഉള്ളപ്പൊഴും അതിനെക്കാള്‍ വാല്യു ഉണ്ടായിരുന്നു ശ്രീനിവാസന്‍ എന്ന നടന്. എല്ലാ വലിയ നായികമാരുടെ കൂടെയും ടോപ്പ് സ്റ്റാര്‍സിന്റെ കൂടെയും അഭിനയിച്ചു. ഇപ്പോഴും ഏത് ക്യാരക്റ്റര്‍ ആണെങ്കിലും ശ്രീനിയേട്ടന്‍ ഓ.കെയാണ്. ഒരു തരിമ്പ് പോലും നമുക്ക് വെറുപ്പില്ല. സൗന്ദര്യത്തിന് അതീതമാണ് കല.’ -ഉര്‍വ്വശി പറഞ്ഞു.

English Summary / Content Highlights: Actress Urvashi says Sreenivasan is the most handsome actor in malayalam movie industry.