Mollywool Actress Molly Kannamally Hospitalized in Critical Condition | സീരിയല്‍-സിനിമാ താരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍


കൊച്ചി: പ്രമുഖ ചലച്ചിത്രതാരം മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്.

കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് മകന്‍ ജോളി പറഞ്ഞു.

ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോള്‍ പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കേരള കഫെ, അന്‍വര്‍, ചാപ്പാകുരിശ്, പുതിയതീരങ്ങള്‍, ചാര്‍ളി, അമര്‍ അക്ബര്‍ അന്തോണി, ഷെര്‍ലക് ടോംസ്, കുട്ടനാടന്‍ മാര്‍പ്പാപ്പ, ലൗ 24 x 7, ഇടി, ഒരു മുത്തശ്ശി ഗദ, ജസ്റ്റ് മാരീഡ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ മോളി കണ്ണമാലി അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെയാണ് മോളി കണ്ണമാലി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. 1999 ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിലെ കാതോരം മൊഴിയാം എന്ന ഗാനം ആലപിച്ചിട്ടുണ്ട്.

Summary: Malayalam actress Molly Kannamali admitted hospital in critical condition.