‘അമ്മ സിനിമാ നടിയാണെന്ന് എന്റെ മക്കള്‍ അറിഞ്ഞത് അവരുടെ സ്‌കൂളിലെ കൂട്ടുകാര്‍ പറഞ്ഞപ്പോള്‍’; തന്റെ സിനിമകള്‍ മക്കളെ കാണിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ജോമോള്‍


ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മലയാളി സുന്ദരിയാണ് ജോമോള്‍. ഇന്നും ജോമോളുടെ മുഖം ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ കണ്ണെടുക്കാതെ നോക്കുന്നത് പതിവാണ്. സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ ജോമോള്‍ കാമ്പുള്ള ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് വെള്ളിത്തിരയിലൂടെ സമ്മാനിച്ചത്.

ഒരു വടക്കന്‍വീരഗാഥ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായാണ് ജോമോള്‍ സിനിമാലോകത്ത് എത്തുന്നത്. ഉണ്ണിയാര്‍ച്ചയുടെ ബാല്യം അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ ഇടപിടിച്ച ജോമോള്‍ പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ബാലതാരമായും നായികനടിയായും തിളങ്ങി.

നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി, മയില്‍പ്പീലിക്കാവ്, പഞ്ചാബിഹൗസ്, ഉസ്താദ്, അരയന്നങ്ങളുടെ വീട്, തില്ലാന തില്ലാന, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച. രാക്കിളിപ്പാട്ട് എന്നിങ്ങനെ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകളില്‍ ജോമോള്‍ അഭിനയിച്ചിട്ടുണ്ട്. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ജോമോള്‍ നേടിയിരുന്നു.

മറ്റ് പല വനിതാ ചലച്ചിത്രതാരങ്ങളെയും പോലെ വിവാഹശേഷമാണ് ജോമോള്‍ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറിനില്‍ക്കുന്നത്. ഓണ്‍ലൈന്‍ പ്രണയങ്ങളാല്‍ നിറഞ്ഞ ഇന്നത്തെ കാലത്തിനും രണ്ട് പതിറ്റാണ്ടുകള്‍ മുമ്പാണ് ജോമോള്‍ ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ തന്റെ ജീവിതപങ്കാളിയായ ചന്ദ്രശേഖര്‍ പിള്ളയെ കണ്ടെത്തിയത്. 2002 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ജോമോള്‍ മതം മാറുകയും ഗൗരി എന്ന പേര് സ്വീകരിക്കുകയും ചെയ്തതും അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

രണ്ട് പെണ്‍മക്കളാണ് ജോമോള്‍ക്കും ചന്ദ്രശേഖറിനുമുള്ളത്. ആര്യ പിള്ളയും ആര്‍ജ പിള്ളയും. തന്നെയും രണ്ട് മക്കളെയും കുറിച്ചുള്ള ചില രഹസ്യങ്ങള്‍ ജോമോള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോമോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

‘എന്റെ സിനിമകള്‍ ഞാന്‍ കാണാറില്ല. എന്റെ രണ്ട് മക്കളെയും കാണിച്ചിട്ടുമില്ല. പക്ഷേ ഞാനറിയാതെ അവര്‍ ഒന്നോ രണ്ടോ സിനിമകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് പോലും എന്റെ മക്കള്‍ക്ക് അറിയില്ലായിരുന്നു. അവരുടെ ഒപ്പം പഠിക്കുന്നവര്‍ പറഞ്ഞാണ് അമ്മ സിനിമകളിലഭിനയിച്ച കാര്യം അവര്‍ അറിയുന്നത്.ഞാന്‍ ഉറങ്ങിയ സമയത്ത് എന്റെ സിനിയായ മയില്‍പ്പീലിക്കാവ് കണ്ടുവെന്ന് അവരെന്നോട് പറഞ്ഞിട്ടുണ്ട്. അത്രയേ അവര്‍ പറയൂ, കൂടുതലൊന്നും അവര്‍ പറയാറില്ല.’ -ജോമോള്‍ എന്ന ഗൗരി പറഞ്ഞു.

‘എന്റെ സിനിമകള്‍ ഞാന്‍ കാണാറില്ല. ഞാന്‍ അഭിനയിച്ച പഴയ സിനിമകള്‍ കാണുമ്പോള്‍ എനിക്ക് ഒട്ടും രസം തോന്നാറില്ല. ഞാന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്നാണ് അതൊക്കെ കാണുമ്പോള്‍ തോന്നാറ്. ഇപ്പോള്‍ സംസാരിക്കുന്ന ഞാന്‍ നാളെ ഈ ഈ ഇന്റര്‍വ്യൂ കാണുമ്പോള്‍ അയ്യേ, കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നൊക്കെ വിചാരിക്കും.’

‘എനിക്ക് സിനിമകള്‍ ലഭിച്ചത് ഭാഗ്യമായിട്ടാണ് കാണുന്നത്. നമുക്കുചുറ്റും കഴിവുള്ള നിരവധി പേരുണ്ട്. പല പരിപാടികളും കാണുമ്പോള്‍ എനിക്ക് ഇക്കാര്യം തോന്നിയിട്ടുണ്ട്. ഇവരെയൊന്നും നിര്‍ഭാഗ്യവശാല്‍ ആരും തിരിച്ചറിയുന്നില്ല. അവര്‍ക്കിടയില്‍ നിന്ന് എന്നെ തെരഞ്ഞെടുത്തത് എനിക്ക് കിട്ടിയ അനുഗ്രഹം കൊണ്ടാണ്.’ -ജോമോള്‍ പറഞ്ഞു നിര്‍ത്തി.

Content Highlights / English Summary: Malayalam actress Jomol says why she doesn’t show her daughters the films she acted.