‘രാഷ്ട്രീയത്തിലെ പെരുങ്കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലിട്ട് മൂടുന്നത് വരെ അഴിമതി നടത്താനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം, നമ്മള്‍ ജീവിക്കുന്നത് നരകത്തില്‍’; ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍ | Actor Sreenivasan Latest Speech Against Politicians and Corruption
തന്റെ സിനിമകളിലൂടെ ശക്തമായ സാമൂഹ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ആളാണ് ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാളത്തില്‍ തിളങ്ങിയ ശ്രീനിവാസന്റെ വിമര്‍ശനങ്ങള്‍ സിനിമകള്‍ക്ക് പുറത്തും മലയാളികള്‍ കേട്ടിട്ടുണ്ട്. ജനങ്ങളെ ചിന്തിപ്പിക്കാന്‍ തക്ക ശേഷിയുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം തന്റെ പ്രസംഗങ്ങളിലൂടെ ഉന്നയിക്കാറ്.
സമകാലിക രാഷ്ട്രീയത്തിലെ മോശം പ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ച സന്ദേശം എന്ന ഒറ്ര സിനിമ മതി ശ്രീനിവാസന്റെ വിമര്‍ശനത്തിന്റെ മൂര്‍ച്ച അറിയാന്‍. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ ശ്രീനിവാസന്‍ തുറന്ന് കാട്ടിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ ഇന്നും പ്രസക്തമാണ് എന്നിടത്താണ് ശ്രീനിവാസന്റെ പ്രതിഭ നമുക്ക് മനസിലാകുന്നത്.
അടുത്തിടെയായി മുഖ്യധാരയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ശ്രീനിവാസന്‍. ആരോഗ്യ പ്രശ്‌നങ്ങളും ചികിത്സയും കാരണമമാണ് അദ്ദേഹത്തിന്റെ സാന്നിധ്യം കുറഞ്ഞത്. എന്നാല്‍ രോഗം തളര്‍ത്താത്ത വാക്കുകളുമായി വീണ്ടുമൊരു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ശ്രീനി ഇപ്പോള്‍. ശ്രീനിവാസന്റെ ശരീരത്തിന് മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂ, മനസ് പഴയതിനെക്കാള്‍ ശക്തമാണ് എന്ന് തെളിയിക്കുന്ന പ്രസംഗമാണ് ശ്രീനിവാസന്‍ നടത്തിയത്.
നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്ത് രജിഷ വിജയന്‍, അനിക സുരേന്ദ്രന്‍, ശ്രീനാഥ് ഭാസി, വെങ്കിടേഷ്, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിയിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മറന്ന് ശ്രീനിവാസന്‍ പങ്കെടുത്തത്. സംവിധായകന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ശ്രീനിവാസന്റെ പ്രസംഗം.
സിനിമയുടെ ഓഡിയോ ലോഞ്ച് ആണെങ്കിലും പതിവ് ശൈലിയില്‍ സമൂഹത്തിലെ മോശം പ്രവണതകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശ്രീനിവാസന്‍ പ്രസംഗത്തില്‍ ഉന്നയിച്ചത്. സരസമായി സംസാരിച്ച് തുടങ്ങിയ ശ്രീനിവാസന്‍ പിന്നീട് തന്റെ വാക്കുകളുടെ കടുപ്പം കൂട്ടുകയായിരുന്നു. രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് അദ്ദേഹം പ്രസംഗത്തില്‍ ആഞ്ഞടിച്ചത്.
‘ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല, എങ്കിലും മനസില്‍ ഉരുണ്ട് കൂടിക്കിടക്കുന്ന കുറച്ച് കാര്യങ്ങള്‍ ഒരു മൈക്ക് കിട്ടിയപ്പോള്‍ പറയുകയാണ്’ എന്നു പറഞ്ഞുകൊണ്ടാണ് ശ്രീനി വിമര്‍ശനം തുടങ്ങിയത്. നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നായിരുന്നു സമകാലിക സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത്.
‘ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത് ശരിക്കും. ഇവിടെ ജനാധിപത്യമാണ് എന്നാണ് പറയുന്നത്. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യമുണ്ടായത്. അന്ന്, തത്വചിന്തകനായ സോക്രട്ടീസ് അയാളുടെ അനുഭവത്തില്‍ നിന്ന് പറഞ്ഞത്, ‘കഴിവുള്ളവരെയാണല്ലോ ഭരിക്കാനായി ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്, ഈ കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവര്‍ക്കുണ്ടോ? അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്‌നം’ എന്ന് അദ്ദേഹം അന്ത കാലത്ത് പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ ഡെമോക്രസി കണ്ട് പിടിച്ചവരെ ചുട്ട് കൊന്നിട്ട് അയാള്‍ ആത്മഹത്യ ചെയ്‌തേനെ.’ -ശ്രീനിവാസന്‍ പറഞ്ഞു.
‘രാഷ്ട്രീയത്തിലെ പെരുങ്കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലിട്ട് മൂടുന്നത് വരെ അഴിമതി നടത്താനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെന്ന് എത്രയോ തവണ തെളിയിക്കപ്പെട്ട കള്ളന്മാരെ ഒരു ചുക്കും ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത ഒരു വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല, തെമ്മാടിപത്യം എന്നാണ് പറയുക. അതാണിപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. വളരെ ദയനീയമായ ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്.’ -ശ്രീനിവാസന്‍ തുടര്‍ന്നു.
‘ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആള്‍ക്കാര്‍ കക്കാനായി രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കും. കട്ട് കട്ട് നമ്മളെയും നശിപ്പിക്കും, നാടും നശിപ്പിക്കും. ഇത് എന്നെങ്കിലും മാറുമെന്ന പ്രതീക്ഷയില്‍ കഴിയാനല്ലാതെ മറ്റൊന്നും നമുക്ക് പ്രതീക്ഷിക്കാനില്ല. അഴിമതിയുടെ കാര്യത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി എടുത്ത് പറയാനില്ല, എല്ലാ പാര്‍ട്ടികളും കണക്കാണ്.’ -ശ്രീനിവാസന്‍ പറഞ്ഞു നിര്‍ത്തി.
സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ശ്രീനിവാസന്റെ വാക്കുകള്‍ക്ക് ലഭിച്ചത്. നിരവധി പേര്‍ ശ്രീനിവാസന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ അഭിനന്ദിച്ചുകൊണ്ട് അനേകം പേര്‍ കമന്റും ചെയ്തിട്ടുണ്ട്.
English Summary: Malayalam actor writer director Sreenivasan severely criticized politicians and their corruption in our society during the speech at audio launch function of upcoming film Lovefully Yours Veda starring Gautham Vasudev Menon, Rajisha Vijayan, Anikha Surendran, Sreenath Bhasi and directed by Pragesh P. Sukumaran.