പൈസ കൊടുത്താല്‍ സ്നേഹം കിട്ടുമോ? സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ ആ മറുപടി കേട്ട് സദസ്സില്‍ നിറഞ്ഞ കയ്യടി | Nanpakal Nerathu Mayakkam| Lijo Jose Pellissery | Mammootty


ലയാളിയുടെ സിനിമാകാഴ്ചകളിൽ വർഷങ്ങളായി ചിരപ്രതിഷ്ഠ നേടിയ പ്രിയ നടൻ മമ്മൂട്ടി ഇപ്പോൾ സ്നേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സ്നേഹ സൗഹൃദങ്ങൾക്ക് വിലനൽകുന്ന ഓരോ മനുഷ്യരുടെയും മനസിനെ ആഴത്തിൽ തൊടുന്നതാണ്.

ഐ.എഫ്.എഫ് കെ. വേദിയിലടക്കം നേരത്തേ ചർച്ചയായ മലയാള ചലച്ചിത്രം നന്‍പകൽ നേരത്ത് മയക്കത്തിന്റെ അണിയറപ്രവർത്തകരുമായി ഇന്ത്യൻ സിനിമാ ഗ്യാലറി നടത്തിയ അഭിമുഖത്തിനിടെയാണ് സ്നേഹത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പരാമർശം.

മമ്മൂക്കയുടെ കാഴ്ചപ്പാടിൽ എന്താണ് സൗഹൃദം എന്ന ചോദ്യത്തിന് “പൈസ കൊടുത്താലൊന്നും സ്നേഹം കിട്ടില്ല, പൈസ കൊടുത്താൽ ഒരു താങ്ക്സ് കിട്ടും. സ്നേഹം കൊടുത്താലേ സ്നേഹം കിട്ടൂ. പൈസ തീരുമ്പോൾ സ്നേഹം തീരും. മറ്റേത് തീരില്ല. കാരണം സ്നേഹം അങ്ങോട്ട് കൊടുത്താലേ തിരികെ കടം കിട്ടൂ. സ്നേഹം കുറച്ചെടുത്ത് ഒരാൾക്ക് കൊടുക്കാൻ പറ്റില്ല. പല ടോക്കണുകളായാണ് സ്നേഹം.നമ്മളിങ്ങനെ അണച്ച് പിടിക്കുന്നത് പോലും സ്നേഹമാണ്.” എന്ന ഹൃദയസ്പർശിയായ മറുപടിയാണ് മമ്മൂട്ടി നൽകുന്നത്. ആ വാക്കുകൾ നിറഞ്ഞ കയ്യടിയോടെ സദസ്സ് സ്വീകരിക്കുന്നുമുണ്ട്.

പുതുതലമുറയിലെ മികച്ച സംവിധായകർക്കും സിനിമാപ്രവർത്തകർക്കുമൊപ്പം സിനിമ ചെയ്യാൻ താൽപര്യം പ്രകടിപ്പിക്കുന്ന മമ്മൂട്ടി നൻപകൽ നേരം സിനിമയുടെ ഷൂട്ടിങ്ങ് അനുഭവത്തെക്കുറിച്ചും ആ സിനിമയുടെ ആത്മാവായ സൗണ്ട് സ്കേപ്പിങ്ങിനെക്കുറിച്ചുമെല്ലാം ഏറെ ആവേശത്തോടെയാണ് അഭിമുഖത്തിൽ സംസാരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിർവ്വഹിച്ച നൻപകൽ നേരത്ത് മയക്കം ഇരുപത്തി ഏഴാം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച പ്രേക്ഷക ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എഴുത്തുകാരൻ എസ്.ഹരീഷാണ് സിനിമയുടെ തിരക്കഥാകൃത്ത്. മമ്മൂട്ടിയും പെല്ലിശ്ശേരിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ മമ്മൂട്ടി, രമ്യാ പാണ്ഡ്യൻ, അശോകൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്