‘ഭാരത് ജോഡോ യാത്രയല്ല, ഏത് യാത്രയായാലും മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ കഴിയുന്നവരാകും ഭരിക്കുക’; രാഷ്ട്രീയപാര്‍ട്ടികളുമായുള്ള തന്റെ എല്ലാ ബന്ധവും വിച്ഛേദിച്ചതായി ജഗദീഷ്
മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജഗദീഷ്. കോമഡിയിലൂടെ തുടങ്ങിയ ജഗദീഷ് നായകനായും പിന്നീട് ഇപ്പോള്‍ വ്യത്യസ്തമായ വേഷശങ്ങളിലൂടെയും നമ്മളെ വിസ്മയിപ്പിക്കുകയാണ്. ഇതിനിടെ ടെലിവിഷന്‍ അവതാരകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചു.
നല്ലൊരു ഗായകന്‍ കൂടിയായ ജഗദീഷ് കേവലം കലാകാരന്‍ മാത്രമല്ല. കോളേജ് പ്രൊഫസര്‍ എന്ന ജോലിക്കൊപ്പമാണ് അദ്ദേഹം തന്റെ കലാജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അക്കാദമികമായും കലാപരമായുമുള്ള തന്റെ ജീവിതം ഒരുപോലെ മുന്നോട്ട് കൊണ്ടുപോയ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ജഗദീഷ്.
1984 ല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ജഗദീഷ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി കഥാപാത്രങ്ങളായി അദ്ദേഹം മലയാളികളുടെ മനസില്‍ ഇടം പിടിച്ചു. അടുത്ത വീട്ടിലെ ഒരാള്‍ എന്ന നിലയിലാണ് മലയാളികള്‍ അദ്ദേഹത്തെ കണ്ടത്. ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍ തുടങ്ങിയ മികച്ച ഹാസ്യസിനിമകളിലെല്ലാം ജഗദീഷ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
ഇതിനിടെ രാഷ്ട്രീയത്തിലും ജഗദീഷ് തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് അനുഭാവിയായ ജഗദീഷ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ ജഗദീഷ് തീരുമാനം തെറ്റായിപ്പോയി എന്ന് പറഞ്ഞിരുന്നു.
പത്തനാപുരത്ത് നിന്ന് മത്സരിച്ചത് അബദ്ധമായിപ്പോയി എന്നാണ് അന്ന് ജഗദീഷ് പറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തകന് സാമൂഹ്യ പ്രതിബദ്ധത ആവശ്യമാണ്. അയാള്‍ 24 മണിക്കൂറും ജനസേവകനായിരിക്കണം.പാര്‍ട്ട് ടൈം ജോലിയായി രാഷ്ട്രീയത്തെ കാണാന്‍ കഴിയില്ല എന്നും നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി ജഗദീഷ് പറഞ്ഞിരിക്കുകയാണ്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് തന്റെ നയം വ്യക്തമായിക്കിയത്.
‘രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള എല്ലാ ബന്ധവും ഞാന്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയെന്നല്ല, ഏത് യാത്രയാണെങ്കിലും ആത്യന്തികമായി മനുഷ്യന് ഇന്നത്തെ ലൈഫിനെക്കാളും ബെറ്ററായിട്ടുള്ള ഒരു ലൈഫ് ആര്‍ക്ക് കൊടുക്കാന്‍ കഴിയുന്നോ അവരായിരിക്കും ഭരിക്കുക. അത് വേസ്റ്റ് മാനേജ്‌മെന്റിന്റെ കാര്യത്തിലായിക്കോട്ടെ, എംപ്ലോയ്‌മെന്റിന്റെ കാര്യത്തിലായിക്കോട്ടെ, ഇന്‍ഡസ്ട്രീസിന്റെ കാര്യത്തിലായിക്കോട്ടെ. എ ബെറ്റര്‍ ടുമോറോ. ഹൂ ഇസ് കോംപീറ്റന്റ് ഇനഫ് ഫോര്‍ എ ബെറ്റര്‍ ടുമാറോ. അതാരാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുന്നവര്‍ അധികാരത്തില്‍ വരും. അവര് യാത്ര നടത്തിയോ എങ്ങനെയാണെങ്കിലും ജനങ്ങളെ കണ്‍വിന്‍സ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ വോട്ട് ചെയ്യും. അവര്‍ വോട്ട് ചെയ്താല്‍ അതാണ് ഫൈനല്‍ വെര്‍ഡിക്റ്റ്.’ -ജഗദീഷ് പറഞ്ഞു.
ആവാസവ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്ത കൃഷാന്ത് സംവിധാനം ചെയ്യുന്ന പുരുഷ പ്രേതം എന്ന ചിത്രമാണ് ജഗദീഷിന്റെ ഏറ്റവും പുതിയ ചിത്രം. സോണി ലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് പുരുഷ പ്രേതം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജഗദീഷിനൊപ്പം അലക്‌സാണ്ടര്‍ പ്രശാന്തും ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഭാര്യയായ ഡോ. രമയുടെ മരണത്തിന് ശേഷമാണ് ജഗദീഷ് സിനിമയില്‍ വീണ്ടും സജീവമാവുന്നത്.
English Summary / Content Highlights: Malayalam actor Jagadeesh says he has disconnected all connections with political parties in an interview.