”എനിക്ക് ഇനിയിവിടെ ജീവിക്കേണ്ട, ഞാൻ അപ്പാടെ കൂടെ വരാം”; ഒട്ടും സഹിക്കാതെയായപ്പോൾ മാളവിക അച്ഛനെ വിളിച്ചു| Malavika Jayaram| Parvathy Jayaram


മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര കുടുംബമാണ് നടൻ ജയറാമിന്റേത്. എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായ താരകുടുംബം തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ജയറാമിന്റെ മകൾ തന്റെ അമ്മ പാർവ്വതി ജയറാമിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വാർത്തയാകുന്നത്. ബിഹൈൻഡ് വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ജയറാം മനസ് തുറന്നത്.

താനും അമ്മയും വളരെ അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും ചെറുപ്പത്തിൽ ഇടയ്ക്ക് വഴക്ക് കൂടുമായിരുന്നു എന്നാണ് മാളവിക പറയുന്നത്. പാർവ്വതിയുടെ അമ്മ ഒരു സ്കൂൾ അധ്യാപികയായിരുന്നു. കണക്ക് ടീച്ചറുടെ മകളായ പാർവ്വതി സ്വാഭാവികമായും ഒരു പഠിപ്പിസ്റ്റും ഫസ്റ്റ് ബെഞ്ചറുമായിരുന്നു. അതുകൊണ്ട് കണക്കിൽ തൽപ്പരയല്ലാത്ത മാളവികയോട് എപ്പോഴും വഴക്കായിരുന്നു.

തന്റെ അമ്മ വലിയ വാശിക്കാരി ആണെന്നും പിണങ്ങിയാൽ രണ്ടും മൂന്നും ദിവസം മിണ്ടാതിരിക്കുമെന്നും താരം പറയുന്നു. ഒരു ദിവസം അമ്മയും മകളും തമ്മിലുള്ള വഴക്ക് അൽപ്പം ശക്തമായി. ഒടുവിൽ അച്ഛൻ ജയറാമിനെ വിളിച്ച് മാളവിക, തനിക്ക് ഇവിടെ ജീവിക്കാൻ വയ്യെന്ന് പറഞ്ഞതും തുടർന്നുള്ള രസകരമായ സംഭവങ്ങളും പങ്കുവയ്ക്കുകയാണ് താരപുത്രി.

”മിക്കപ്പോഴും പഠിക്കാത്ത കാര്യത്തിനാണ് ഞങ്ങൾ അടിയാകുന്നത്. അല്ലാത്തപ്പോൾ നല്ല കൂട്ടാണ്. പഠിത്തത്തിന്റെ കാര്യത്തിൽ മാത്രമേയുള്ളു ഇത്, അല്ലെങ്കിൽ പിരിക്കാൻ കഴിയാത്ത കൂട്ടുകാരാണ്. അമ്മ ഫസ്റ്റ് ബെഞ്ചറാണ്. ഞാൻ ബാക്ക് ബെഞ്ചറാണ്, ഈ കാര്യത്തിൽ ഞാൻ എന്റെ അച്ഛന്റെ മകളായിട്ട് വരും. പഠിത്തത്തിന്റെ കാര്യത്തിൽ മാത്രമേ ഞങ്ങൾ വഴക്കുണ്ടാക്കിയിട്ടുള്ളു, എനിക്ക് വരാത്ത ഒരു സബ്ജക്റ്റ് ആണ് മാത്സ്. അമ്മയാണെങ്കിൽ മാത്സ് ടീച്ചറുടെ മോൾ.

അമ്മ മാത്സ് ടോപ്പർ ആയിരുന്നു. 95 ശതമാനം മാർക്കെല്ലാം വാങ്ങുന്ന കൂട്ടത്തിലുണ്ടായിരുന്നതാ. പഠിക്കാത്ത കാര്യത്തിന് ഒരു ദിവസം ഒരുപാട് വഴക്ക് കിട്ടി. അപ്പൊ ഞാൻ അപ്പനെ വിളിച്ച് പറഞ്ഞു, എനിക്ക് ഇനി ഇവിടെ ജീവിക്കാൻ പറ്റില്ല, അമ്മയുടെ കൂടെ ഇവിടെ നിൽക്കാൻ പറ്റില്ല എന്ന്. അപ്പ ഏതോ ഷൂട്ടിലായിരുന്നു, ഞാൻ കരയുന്നത് കേട്ട് ആകെ പേടിച്ചു. അവസാനം അമ്മ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് അച്ഛനെ സമാധാനിപ്പിച്ചു”- മാളവിക പറഞ്ഞ് നിർത്തി.

അതേസമയം, സിനിമയിലല്ലെങ്കിലും മാളവിക ജയറാം സ്‍ക്രീനിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ‘മായം സെയ്‍തായ് പൂവെ’ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെൽവന്റെ നായികയായിട്ടാണ് വീഡിയോയിൽ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് ‘മായം സെയ്‍തായ് പൂവെ’ പാട്ടിന്റെ സംഗീത സംവിധായകൻ. ‘മായം സെയ്‍തായ് പൂവെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്.