‘മലൈക്കോട്ടെെ വാലിബനിലെത് സ്വപ്നം യാഥാർത്ഥ്യമായ അനുഭവം, മോഹൻലാലിന്റെ വിനയം എന്നെ അമ്പരപ്പിച്ചു’; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് നടി കഥ നന്ദി| Katha Nandi| Mohanlal


ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ഷൂട്ടിംഗ് വിശേഷങ്ങളും ആരാധകർക്കിടയിൽ ചൂടൂള്ള ചർച്ചാവിഷയമാണ്. എൽജെപി ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ബംഗാളി നടി കഥ നന്ദി വാലിബനിൽ അനുഭവിച്ചപ്പോഴുണ്ടായ തന്റെ അനുഭവം പങ്കുവെച്ചിരുന്നു.

സ്വപനം യാഥാർത്ഥ്യമായ അനുഭവമാണ് വാലിബൻ എന്നാണ് നടി പറഞ്ഞത്. ഒരുപാട് ട്വിസ്റ്റുകളുള്ള ചിത്രം ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമാണെന്നും കഥ നന്ദി വെളിപ്പെടുത്തി. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞത്.

“സ്വപ്നം യാഥാർത്ഥ്യമായത് പോലെയാണ് മലൈക്കോട്ടൈ വാലിബൻ. അങ്കമാലി ഡയറീസ് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധികയാണ് ഞാൻ. ഒരുപാട് ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും ഉണ്ട് ചിത്രത്തിൽ. വളരെ ശക്തമായ സ്ത്രീകഥാപാത്രാണ് എന്റേത്. കഥ നടക്കുന്ന കാലഘട്ടത്തിലെ ഭാഷാശൈലിയും രീതികളും ഞാൻ പഠിച്ചെടുത്തു.

മോഹൻലാലിനെ ആദ്യമായി കണ്ടത് മറക്കാനാകാത്ത നിമിഷമാണ്. അദ്ദേഹത്തിന്റെ വിനയം എന്നെ അമ്പരപ്പിച്ചു. എല്ലാവരെയും കംഫർട്ടബിൾ ആക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഞാൻ തുടക്കത്തിൽ വളരെ പേടിച്ചിരുന്നു, എന്നാൽ സെറ്റിലെ മുഴുവൻ അനുഭവവും വളരെ രസകരവും അവിസ്മരണീയവുമാക്കാൻ മോഹൻലാൽ സഹായിച്ചു,” കഥ പറഞ്ഞു.

ഈ വർഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാൽമീറിലാണ് വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. നിലവിൽ രാജസ്ഥാനിലെ പൊഖ്‌റാൻ കോട്ടയിൽ ആണ് ചിത്രത്തിന്റെ ഷെഡ്യൂൾ പുരോഗമിക്കുന്നത്. പൊഖ്‌റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാൽമീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന വാലിബൻ്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരിയുടേത് തന്നെയാണ്. ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത് പി എഫ് റഫീക്ക് ആണ്.