” അന്ന് വരാതിരുന്നത് വളരെ നന്നായി” ഇന്‍ ഹരിഹര്‍ നഗറില്‍ നായികയായി അഭിനയിക്കാന്‍ ക്ഷണിച്ചതിന്റെ അനുഭവം വെളിപ്പെടുത്തി മാല പാര്‍വ്വതി | Maala Parvathy | In Harigar Nagar


നാടക രംഗത്തും സിനിമാ രംഗത്തും ശ്രദ്ധനേടിയ താരമാണ് മാല പാര്‍വ്വതി. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിത. അമ്മ വേഷങ്ങളിലാണ് നടിയെ കൂടുതലും സിനിമകളില്‍ കണ്ടിട്ടുള്ളത്. എന്നാല്‍ താന്‍ ബാലതാരമായാണ് സിനിമയിലെത്തിയതെന്നും നായികയായി വരെ അവസരങ്ങള്‍ തന്നെ തേടിയെത്തിയിരുന്നെന്നും വെളിപ്പെടുത്തുകയാണ് താരം. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

1970 കളില്‍ പുറത്തിറങ്ങിയ സര്‍വ്വേക്കല്ല് എന്ന ചിത്രത്തിലൂടെയാണ് താന്‍ അഭിനയ രംഗത്തെത്തിയതെന്നാണ് മാല പാര്‍വ്വതി പറയുന്നത്. ചിത്രത്തില്‍ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലമാണ് അവതരിപ്പിച്ചത്. നഴ്‌സറിയിലോ മറ്റോ പഠിക്കുകയായിരുന്നു അന്നെന്നും അവര്‍ പറഞ്ഞു. തോപ്പില്‍ഭാസി വഴിയാണ് ആ സിനിമയിലേക്ക് അവസരം ലഭിച്ചത്. അദ്ദേഹം അച്ഛന്റെ സുഹൃത്തായിരുന്നെന്നും മാല വ്യക്തമാക്കി.

പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളില്‍ നിന്നും ശാരിയ്ക്കും പാര്‍വ്വതിയ്ക്കുമൊപ്പം മറ്റൊരു ചിത്രത്തിലും ചെറിയ വേഷം ചെയ്തിരുന്നു. അച്ഛന്‍ അറിയാതെയായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചത്. ഇതിന്റെ പേരില്‍ അച്ഛനില്‍ നിന്നും അടിയും വഴക്കും കിട്ടി. പിറ്റേദിവസം ആ സിനിമയിലെ ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ അച്ഛന്‍ കാണാതെ വീടിന്റെ മതില്‍ ചാടിയാണ് പോയതെന്നും മാല ഓര്‍ക്കുന്നു.

” സംവിധായകന്‍ രഞ്ജിത്ത് സാറായിരുന്നു അന്ന് എന്നെ വിളിക്കാന്‍ വന്ന വണ്ടിയിലുണ്ടായിരുന്നത്. ഷോളുവന്ന് വീഴുന്നു, ചെരുപ്പ് വന്ന് വീഴുന്നു, ബാഗ് വന്ന് വീഴുന്നു, ഒരാള് ചാടുന്നു എന്ന് രഞ്ജിത്ത് സാര്‍ ഇപ്പോഴും പറഞ്ഞ് കളിയാക്കും.”

അതിനുശേഷം രഞ്ജിത്ത് അടക്കമുള്ളവര്‍ ഒരു സിനിമ പ്ലാന്‍ ചെയ്ത് അതിലേക്ക് തന്നെ വിളിച്ചിരുന്നു. നടന്‍ കൃഷ്ണന്‍കുട്ടി നായര്‍ കോളേജിലെ ലൈബ്രേറിയനായിരുന്നു. അദ്ദേഹം ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് കോളേജില്‍വെച്ച് എന്റെ പുറകേ വന്നിരുന്നു. അച്ഛന്‍ എന്നെ വിടില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നെന്നും മാല പറഞ്ഞു.

” ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നു. അതിനകത്ത് ഗീതാ വിജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിനുവേണ്ടി. ദൂരദര്‍ശനിലെ ബൈജു ചേട്ടന്‍ വഴിയായിരുന്നു ഓഫര്‍ വന്നത്.” മാല പറഞ്ഞു.

എന്നാല്‍ അന്ന് സിനിമയിലേക്ക് വരാതിരുന്നത് വളരെ നന്നായി എന്നാണ് ഇപ്പോള്‍ തനിക്ക് തോന്നുന്നതെന്നാണ് അവര്‍ പറയുന്നത്. ” അന്ന് ഇമോഷണല്‍ ഇഷ്യൂസ് ഒന്നും കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു. ആര് വിളിച്ചാലും കൂടെപ്പോയെനെ. എന്ത് പറഞ്ഞാലും വിശ്വസിക്കും. നീയില്ലാതെ എനിക്ക് പറ്റില്ലയെന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍, ആണോ എന്ന് ചോദിക്കുന്ന സ്ഥിതിയായിരുന്നു. അഭിനയിക്കാനൊക്കെ പറ്റുമായിരുന്നു, പക്ഷേ പേഴ്‌സണല്‍ ലൈഫ് വളരെ കുഴപ്പത്തിലാവുമായിരുന്നേനെ.” മാല പാര്‍വ്വതി വ്യക്തമാക്കി.