”ഡിപ്രഷനിലൂടെ കടന്നുപോയ ഒരു കാലം എനിക്കുണ്ടായിരുന്നു”; ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തില്‍ പുതുമ വരാനുള്ള കാരണം വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി
മെഗാ സ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളിലെത്തും മുമ്പുതന്നെ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ഐ.എഫ്.എഫ്.കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷക സ്വീകാര്യതയ്ക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിലെ ട്രാന്‍ഫര്‍മേഷന്‍ പ്രകടമായ ചിത്രം എന്ന് സിനിമ കണ്ടവര്‍ ഒരുപോലെ പ്രശംസിക്കുമ്പോള്‍ അവതരണത്തിലെ ആ പുതുമയുടെ കാരണം വ്യക്തമാക്കുകയാണ് സംവിധായകന്‍. കുറച്ചുകാലത്തിനിടെ തന്റെ ജീവിതത്തിലും സിനിമയിലുമൊക്കെ സംഭവിച്ച മാറ്റങ്ങളാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ അവതരണത്തില്‍ പ്രതിഫലിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്.
”ഡിപ്രസീവായ സ്റ്റേജിലൂടെ കടന്നുപോയ, ആങ്‌സൈറ്റി കലര്‍ന്ന കുറച്ചു കാലമുണ്ടായിരുന്നു എനിക്ക്. അത് മറികടന്ന് വെളിയില്‍ വന്നപ്പോള്‍ ഞാന്‍ സിനിമയെ കാണുന്ന രീതി മാറി.” ദ ക്യൂവിനുവേണ്ടി മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
ജീവിതത്തില്‍ ദിവസവും വര്‍ഷങ്ങളും കടന്നുപോകുന്നത് അനുസരിച്ച് ഓരോ മനുഷ്യരും നവീകരിക്കപ്പെടുന്നുണ്ട്. നല്ലതും മോശവുമായ നവീകരണങ്ങള്‍ സംഭവിക്കാറുണ്ട്. തന്റെ കാര്യത്തില്‍ നല്ല രീതിയിലുള്ള മാറ്റങ്ങളാണ് വന്നതെന്നാണ് വിശ്വസിക്കുന്നതെന്നും ലിജോ പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി ഭൂതക്കണ്ണാടിയെ കവച്ചുവെക്കുന്ന പ്രകടനമുള്ള ഒരു ചിത്രമൊരുക്കുകയെന്നതായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രം ചെയ്യുമ്പോള്‍ തന്റെ മനസിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
”മമ്മൂട്ടി അഭിനയിച്ച തന്റെ ഏറ്റവും ഫേവറൈറ്റ് സിനിമ ഭൂതക്കണ്ണാടിയാണ്. തനിയാവര്‍ത്തനവും ഏറെ ഇഷ്ടമാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ കാര്യം മമ്മൂട്ടിയുമായി സംസാരിക്കുമ്പോള്‍ ആദ്യം തന്നെ പറഞ്ഞത് മമ്മൂട്ടിയവെച്ച് ഭൂതക്കണ്ണാടി പോലൊരു സിനിമയാണ് ഞാന്‍ ചെയ്യാനാഗ്രഹിക്കുന്നത് എന്നാണ്. വേള്‍ഡ് സിനിമയിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമെന്‍സ് ആയിട്ടാണ് ഞാന്‍ ഭൂതക്കണ്ണാടിയെ കാണുന്നത്. ” ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്.
രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.