”കൊച്ചിയിലെ ബ്രോഡ് വേയില്‍ ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല, ഒരു കടയില്‍ നിന്നും ചീത്തവിളിച്ച് ആട്ടിപ്പുറത്താക്കി” ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവം വെളിപ്പെടുത്തി ലെന | Lena | Article 21
നടി ലെന വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രമാണ് ലെനിന്‍ ബാലകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആര്‍ട്ടിക്കിള്‍ 21. ചിത്രത്തിനുവേണ്ടിയുള്ള ലെനയുടെ മേക്ക് ഓവര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് വേളയില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഈ മേക്കോവര്‍ കാരണം തനിക്ക് പണികിട്ടിയ കാര്യം ലെന വെളിപ്പെടുത്തുകയാണ്.
ആക്രി പെറുക്കുന്ന ഒരു സ്ത്രീയുടെ കഥാപാത്രത്തെയാണ് ലെന ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ബ്രോഡ് വേയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. മേക്കോവര്‍ കാരണം അവിടെയൊന്നും ആര്‍ക്കും തങ്ങളെ മനസിലായില്ലെന്നും യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് ഷൂട്ടിങ് നടന്നതെന്നും ലെന പറയുന്നു.
ഒരു കടയില്‍ നിന്നും തങ്ങളെ ചീത്തവിളിച്ച് ആട്ടിപ്പുറത്താക്കിയ സംഭവവുമുണ്ടായെന്നും ലെന വെളിപ്പെടുത്തുന്നു. ” അതൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. ക്യാമറ ഹിഡണ്‍ ആയിരുന്നു. കണ്ടാല്‍ തിരിച്ചറിയില്ല. അത്രയും നല്ല മേക്ക് ഓവറായിരുന്നു.” ലെന പറയുന്നു. ചിത്രത്തിന്റെ മേക്കപ്പ് ചെയ്ത മേക്കപ്പ്മാന്‍ റഷീദിന് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചകാര്യവും ലെന പങ്കുവെക്കുന്നു.
ജോജു ജോര്‍ജ്, ലെന, അജു വര്‍ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ് വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവരാണ് ആര്‍ട്ടിക്കിള്‍ 21ലെ പ്രധാന താരങ്ങള്‍.
അഷ്‌കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതവും, പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.