”ദിലീപ് രാത്രിക്ക് രാത്രി മഞ്ജുവിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുവന്നു, ആ വിവാഹം നടന്നു, പിന്നീടുള്ള കഥ എല്ലാവർക്കുമറിയുന്നതാണ്”; ഓർമ്മകൾ പങ്കുവെച്ച് ലാൽജോസ്| Dileep | Manju Warrier| Lal Jose


നിരവധി കാലം സഹ സംവിധായകനായി പ്രവർത്തിച്ചതിന് ശേഷം ലാൽജോസ് സ്വതന്ത്ര സംവിധായകനായ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, മോഹിനി, കലാഭവൻ മണി ദിവ്യാ ഉണ്ണി, ശ്രീനിവാസൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം വലിയ ​ഹിറ്റായി മാറി. ആദ്യ സിനിമ തന്നെ ഹിറ്റായതോടെ തിരക്കഥാകൃത്ത് ഫാസിൽ ലാൽജോസിനെ അടുത്ത പടം ചെയ്യാൻ ക്ഷണിച്ചു.

എന്നാൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ദിലീപ് ചിത്രത്തിന്റെ ആലോചനയിലായിരുന്നു ആ സമയത്ത് ലാൽജോസ്. ദിലീപിനും മറ്റ് സിനിമാപ്രവർത്തകർക്കും കൊടുത്ത വാക്ക് തെറ്റിക്കാതിരിക്കാൻ ലാൽജോസ് ഫാസിലിന്റെ ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു ദിലീപും നടി മഞ്ജു വാര്യറും തമ്മിലുള്ള വിവാഹം നടക്കുന്നത്.

മഞ്ജുവിന്റെ വീട്ടുകാർക്ക് സമ്മതമില്ലാത്ത വിവാഹമായതിനാൽ നടിയെ രാത്രി ആരും അറിയാതെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു വരികയായിരുന്നു. ലാൽജോസ്, ബിജു മേനോൻ, കലാഭവൻ മണി എന്നിവരുടെയെല്ലാം സഹായത്തോടെയായുന്നു അത് ചെയ്തതെന്നാണ് ലാൽ ജോസ് പറയുന്നത്.

അടുത്ത ദിവസം തന്നെ ആലുവ ക്ഷേത്രത്തിൽ വെച്ച് ദിലീപ് – മഞ്ജു വാര്യർ വിവാഹം നടന്നു. എന്നാൽ പിന്നീടുള്ള കഥ എല്ലാവർക്കുമറിയുന്നതാണ് എന്നാണ് ലാൽ ജോസ് പറഞ്ഞത്. സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസ് തന്റെ പഴയകാല അനുഭവങ്ങൾ വിവരിച്ചത്.

അതേസമയം, ഫാസിലിന്റെ ആ പടം നിരസിച്ചത് തനിക്ക് കരിയറിൽ വലിയ നഷ്ടമായെന്നും ലാൽജോസ് പറയുന്നു. ‘കൊടുത്ത വാക്ക് തെറ്റിക്കാതിരിക്കാൻ ഞാൻ അത് വിട്ടു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണു ഞാൻ അറിയുന്നത് മോഹൻലാലിനെയാണ് അവർ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നതെന്ന്. ആ സംഭവം ലാലേട്ടന്റെയും പാച്ചിക്കയുടെയും മുന്നിൽ എങ്ങനെയാണു പ്രസന്റ് ചെയ്യപ്പെട്ടതെന്ന് അറിയില്ല.

ഞാൻ എനിക്ക് ശരിയെന്ന് തോന്നിയത് പോലെയാണ് പറഞ്ഞത്, പക്ഷെ അവർ അതിനെ എടുത്തത് ലാലേട്ടനെയും പാചീക്കയെയും പോലുള്ള സീനിയർ ആയ രണ്ടുപേരുടെ ഓഫർ ഒരു സിനിമ ഹിറ്റായപ്പോൾ ഒരു പയ്യൻ നിഷേധിച്ചു എന്ന നിലയിലാണ് അവർ കണ്ടത്. അത് ഞാൻ അറിയുന്നത് വർഷങ്ങൾക്ക് ശേഷം പാചീക്കയുമായിട്ടൊക്കെ നല്ല ബന്ധം ആയ ശേഷമാണ്,’

അന്ന് ഞാൻ പഠിച്ച വലിയ പാഠം. നമ്മൾ എത്ര ആത്മാർത്ഥമായിട്ടാണ് ഒരു കാര്യം പറയുന്നത് എന്ന് വെച്ചാലും അത് അപ്പുറത്തെയാൾക്ക് ബോധ്യപ്പെടണം എന്നില്ല. ബോധ്യപ്പെട്ടു എന്ന് നമ്മൾ ഉറപ്പാക്കണം. ഇലെങ്കിൽ ഇതുപോലെ വർഷങ്ങൾ നീളുന്ന തെറ്റിദ്ധാരണ ഉണ്ടായേക്കാം. സിനിമ പോലുള്ള മേഖലയിൽ അത് ഒരുപാട് ദോഷം ചെയ്യും. ഞാൻ അറിയാതെ എനിക്ക് അത് ദോഷം ചെയ്തിരുന്നു,’ ലാൽ ജോസ് പറഞ്ഞു.