“ചില്ലറ പോറലും ഉരസലുമൊക്കെയുണ്ട്, ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു”; മനസ് തുറന്ന് സംവിധായകൻ|Lal jose |leena|wedding anniversary


സോഷ്യൽ മീഡിയ ഉപയോ​ഗത്തിന്റെ കാര്യൽ അൽപം ന്യൂജനറേഷനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽജോസ്. താരം സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹവാർഷികത്തിന് ലാൽ ജോസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിവാഹഫോട്ടോ ഉൾപ്പടെയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.

അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു. ലീന ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി. എന്നെ സഹിക്കുന്നതിന് നന്ദി.- ലാൽജോസ് കുറിച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വിവാഹ ദിവസം അതേ വേഷത്തിൽ കരിക്ക് കുടിക്കുന്നതും ലീനയുടെ കൂടെ നിൽക്കുന്നതുമായ പഴയതും ഇപ്പോഴത്തെ പുതിയ ഫോട്ടോസായിരുന്നു ലാൽ ജോസ് പങ്കുവെച്ചത്.

സംവിധായകൻ ലാൽ ജോസും ഭാര്യ ലീനയും ചേർന്ന് അവരുടെ മുപ്പത്തിയൊന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 1992 ഫെബ്രുവരി 16 നായിരുന്നു വിവാഹം നടക്കുന്നത്. അക്കാലത്ത് സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായി നടക്കുകയാണ് ലാൽ ജോസ്. താനൊരു സംവിധായകനാവുമോ എന്ന് പോലും ഉറപ്പില്ലാത്ത കാലത്താണ് ലീനയെ വിവാഹം കഴിക്കുന്നതെന്ന് മുൻപൊരു അഭിമുഖത്തിൽ ലാൽ തുറന്ന് പറഞ്ഞിരുന്നു.

അസിസ്റ്റന്റ് ഡയറക്ടറായായിരുന്നു ലാൽജോസ് തന്റെ സിനിമാജീവിതത്തിന് തുടക്കമിട്ടത്. കമലിന്റെ നിരവധി പ്രസിദ്ധ ചിത്രങ്ങളിൽ അദ്ദേഹം സഹായിയായി നിന്നിട്ടുണ്ട്. 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും അദ്ദേഹം ചെയ്തിട്ടുണ്ട്.

1998ലാണ് മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി മാറിയത്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങിയ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സോളമന്റെ തേനീച്ചകളാണ് ലാൽജോസിന്റെ അവസാനം റിലീസ് ചെയ്ത മലയാള സിനിമ. വിൻസി അലോഷ്യസ്, ദർശന നായർ, ജോജു ജോർജ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം തിയേറ്ററുകളിൽ വിജയം കണ്ടില്ലെങ്കിലും പിന്നീട് ഏറെ ചർച്ചചെയ്യപ്പെട്ടു.