‘എന്നെയും രാജുവേട്ടനെയും നോക്കിയാണ് രാവണപ്രഭുവില്‍ രേവതിയേയും മോഹന്‍ലാലിനെയും മേക്കപ്പ് ചെയ്തത്, പക്ഷേ ആ സിനിമയില്‍ ഒരു വലിയ തെറ്റുപറ്റി, അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’ യഥാര്‍ത്ഥ ജീവിതത്തിലെ ‘ഭാനുമതി’ പറയുന്നു| Revathy | Ravanaprabhu | Devasuram |


തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ചിത്രമാണ് ദേവാസുരവും രാവണപ്രഭുവും. രഞ്ജിത്തിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെയും രേവതിയുടെയും പ്രകടനം പ്രേക്ഷകരുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നതാണ്. സിനിമ പോലെ തന്നെ ഹിറ്റാണ് ഈ ചിത്രങ്ങളിലെ ഗാനങ്ങളും. ഈ ചിത്രങ്ങളെക്കുറിച്ചും അതിനു പിന്നില്‍ അധികമാര്‍ക്കും അറിയാത്ത കഥകളും ഭാനുമതി എന്ന കഥാപാത്രത്തിന് രഞ്ജിത്തിന് പ്രേരണയായ ലക്ഷ്മി രാജഗോപാല്‍.

കോഴിക്കോട്ടുകാരായ മുല്ലശ്ശേരി രാജഗോപാലിന്റെയും ഭാര്യ ലക്ഷ്മി രാജഗോപാലിന്റെയും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു തിരക്കഥാ കൃത്ത് രഞ്ജിത്ത്. പലവട്ടം ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള രഞ്ജിത്ത് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം തിരിച്ചറിയുകയും ചെറിയ ചില സിനിമാറ്റിക് എല്‌മെന്റുകള്‍ കൂടി ചേര്‍ത്ത് മംഗലശ്ശേരി നീലകണ്ഠന്‍, ഭാനുമതി എന്നീ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കുകയുമായിരുന്നു.

ദേവാസുരത്തേക്കാള്‍ രാവണ പ്രഭുവെന്ന ചിത്രത്തിലാണ് തങ്ങള്‍ക്കിടയിലെ ബോണ്ട് കുറേക്കൂടി വ്യക്തമായി കാണിച്ചതെന്നാണ് ലക്ഷ്മി രാജഗോപാല്‍ പറയുന്നത്. ബിഗൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആ കഥാപാത്രങ്ങള്‍ക്ക് തങ്ങളുമായി രൂപസാദൃശ്യമുണ്ടെന്നും ലക്ഷ്മി വെളിപ്പെടുത്തുന്നു. ‘എന്നെയും രാജുവേട്ടനെയും നോക്കിയിട്ടാണ് രേവതിയെയും മോഹന്‍ലാലിനെയും രാവണപ്രഭുവിനുവേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. രണ്ടുപേരെയും മേക്കപ്പ് ചെയ്തിട്ട് ഫോട്ടോ അയച്ചുതന്നിരുന്നു ഞങ്ങള്‍ക്ക്. എന്റെ കൊച്ചുമോള്‍ ഇവിടെയുണ്ടായിരുന്നു. മോള് ഫോട്ടോ കണ്ട ഉടനെ പറഞ്ഞു, ‘അയ്യോ മുത്തശ്ശനും അമ്മമ്മേം’ എന്ന്.’

സിനിമയ്ക്ക് തങ്ങളുടെ ജീവിതവുമായി അടുത്ത ബന്ധമുണ്ടെങ്കിലും അതിലെ കാര്‍ത്തികേയന്‍ എന്ന കഥാപാത്രം ഞങ്ങളുടെ ജീവിതത്തിലില്ലെന്നും വേറെ തന്നെ ഒരു വ്യക്തിയാണെന്നും ലക്ഷ്മി പറയുന്നു.

രാവണപ്രഭുവിലെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുമായുള്ള ബന്ധത്തെക്കുറിച്ചും രാവണപ്രഭുവിലെ ഗാനങ്ങളില്‍ ഗിരീഷ് തന്നെക്കൂടി ചേര്‍ത്തുവെച്ചിട്ടുണ്ടെന്ന കാര്യവും അവര്‍ വെളിപ്പെടുത്തി.

‘ഗിരീഷ് പണ്ടേ ഇവിടെ വരുന്ന വ്യക്തിയാണ്. എപ്പോള്‍ വരുമ്പോഴും പറയും ചേച്ചീ ചേച്ചിയുടെ പൊട്ട് നല്ല ഭംഗിയാണ്. അത് എനിക്ക് എഴുതണമെന്ന്. ഞാന്‍ വലിയ പൊട്ടാണ് തൊടുക. അത് ഞാന്‍ എവിടെയെങ്കിലും ഉള്‍പ്പെടുത്തും എന്ന് പറയാറുണ്ടായിരുന്നു. അങ്ങനെയാണ് രാവണ പ്രഭുവിലെ ‘തൊടുവിരലിന്‍ തുമ്പാല്‍ നീ തിരുനെറ്റിയിലെന്നെ നീ സിന്ദൂര രേണുവായ് അണിഞ്ഞിരുന്നു’ എന്ന വരികള്‍ വരുന്നത്. അത് ശരിക്കും ഞാന്‍ കുങ്കുമം തൊടുന്നത് കണ്ടിട്ടാണ് എഴുതിയത്.”

അതേസമയം, ചിത്രത്തില്‍ ഭാനുമതിയെന്ന കഥാപാത്രം മരണപ്പെടുമ്പോള്‍ മൃതദേഹത്തില്‍ നിന്നും നെറുകയിലെ സിന്ദൂരം തുടയ്ക്കുന്ന രംഗം തെറ്റാണെന്ന അഭിപ്രായവും അവര്‍ പങ്കുവെച്ചു.

”അതില്‍ ചെറിയൊരു തെറ്റ് വന്നത് പൊട്ടുമായ്ച്ചു കളഞ്ഞു, ബോഡി എടുത്ത് കിടത്തുമ്പോള്‍. അത് ശരിക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്. കാരണം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സുമംഗലിയായി മരിക്കുകയെന്ന് പറയുന്നത് വലിയൊരു ഭാഗ്യം തന്നെയാണ്. അപ്പോള്‍ കിടത്തുമ്പോള്‍ സിന്ദൂര രേഖയില്‍ കുങ്കുമം ഇട്ടിട്ടാണ് കിടത്തുക. പക്ഷേ അതില്‍ അത് തൊടച്ചു കളഞ്ഞു.” ലക്ഷ്മി പറയുന്നു.