”വീട്ടിൽ അരി മേടിക്കാനുള്ള ആ​ഗ്രഹം കൊണ്ട് മാറി ചിന്തിക്കാൻ തുടങ്ങി”; സിനിമാ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബൻ| Kunchako Boban | Nna Thaan Case Kodu


2022ൽ പുറത്തിറങ്ങിയ ന്നാ താൻ കേസുകൊട് എന്ന ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ എന്ന കള്ളൻ കഥാപാത്രം കുഞ്ചാക്കോ ബോബന്റെ സിനിമാ ജീവിതത്തിൽ ഇന്നേവരെ ചെയ്തിട്ടില്ലാത്ത ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു. തിയേറ്ററിൽ മികച്ച ബോക്സ് ഓഫിസ് കളക്ഷൻ കാഴചവെച്ച സിനിമ ഒടിടി പ്ലാറ്റ്ഫോമിലും മികച്ച വിജയം നേടി.

ഒരേ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന കുഞ്ചാക്കോ ബോബന് കരിയർ ബ്രേക്ക് നൽകുന്ന ചിത്രങ്ങളിൽ ഏറ്റവും മുന്നിലായിരിക്കും ഈ സിനിമ. തന്റെ കരിയറിലെ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ വീട്ടിൽ അരി മേടിക്കാനുള്ള ആ​ഗ്രഹം കൊണ്ട് മാറി ചിന്തിക്കാൻ തുടങ്ങി എന്നാണ് അദ്ദേഹം തമാശയായി പറഞ്ഞത്. ഒരുപാട് ആ​ഗ്രങ്ങളായാണ് താൻ ആദ്യമായി സിനിമയിലേക്ക് വന്നത്, അതുകൊണ്ട് ഈ മാറ്റം അനിവാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

”സിനിമയിലേക്ക് ആദ്യം വരുമ്പോൾ ഒരുപാട് ആ​ഗ്രഹിച്ച് വന്ന ആളല്ലേ ഞാൻ. അതിന് ശേഷം ഒരു ഇടവേളയെടുത്ത് തിരിച്ച് വരുമ്പോൾ ഏത് സിനിമ വേണം എന്ന് ആ​ഗ്രഹിച്ച് തന്നെ വരികയും മാറ്റങ്ങൾ ഉൾക്കൊണ്ടാൽ അല്ലെങ്കിൽ മാറ്റങ്ങൾക്ക് അനുസരിച്ച് സഞ്ചരിച്ചാൽ മാത്രമേ നിലനിൽക്കാൻ പറ്റുകയുള്ളു എന്ന തിരിച്ചറിവും ഇതിന്റെ ഭാ​ഗമായിട്ടുണ്ട്.

അതിന് വേണ്ടി ഞാൻ ശ്രമിച്ചിട്ടുണ്ട് ഒരുപാട്. എന്റെയൊരു കംഫേർട്ട് സോണിൽ നിന്ന് മാറി, മാറി ചിന്തിക്കുന്നവരുടെ കൂടെ സഹകരിച്ച് അല്ലെങ്കിൽ അവരുടെ അടുത്ത് ചെന്നിട്ട് എനിക്ക് ഒരു സിനിമ ചെയ്ത് തരണം അല്ലെങ്കിൽ ഒരു റോൾ തരണം എന്ന് അങ്ങോട്ട് ചെന്ന് ചോദിച്ച് മേടിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. അത് നല്ല കഥാപാത്രങ്ങളും സിനിമകളും ചെയ്യണമെന്ന ആ​ഗ്രഹത്തിന്റെ പുറത്ത് സംഭവിച്ചിട്ടുള്ളതാണിതെല്ലാം. അതിന്റെയൊരു തുടർച്ചയാണ് ഇപ്പോൾ പുറത്തിറങ്ങുന്ന കഥാപാത്രങ്ങൾ”- അദ്ദേഹം വ്യക്തമാക്കി

തൊണ്ണൂറുകളുടെ അവസാനത്തിലാണ് കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. പതിവ് നായക സങ്കൽപ്പത്തെ തിരുത്തിയെഴുതിയ കുഞ്ചാക്കോയുടെ കഥാപാത്രം വൻ വിജയമായി. പ്രേക്ഷകരുടെ, പ്രത്യേകിച്ച് ടീനേജ് പെൺകുട്ടികളുടെ പ്രിയതാരമായി കുഞ്ചാക്കോ ബോബൻ വളർന്നു. ഇറങ്ങിയ ചിത്രങ്ങളെല്ലാം വിജയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ താരമൂല്യം കുറഞ്ഞില്ല.

2005ൽ വിവാഹിതനായ ചാക്കോച്ചൻ സിനിമ ഉപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് തിരിഞ്ഞു. ഇതിനിടെ രണ്ട് മൂന്ന് ചിത്രങ്ങൾ ചെയ്തെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയില്ല. ചാക്കോച്ചന്റെ നല്ല കാലം കഴിഞ്ഞെന്ന് പലരും പറഞ്ഞു. എന്നാൽ 2010 ആയതോടെ താരം മലയാള സിനിമയിൽ വീണ്ടും സജീവമാവുകയായിരുന്നു. ലൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടിയിലെ പാലുണ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടി. പിന്നീടിതുവരെ താരത്തിന് വെറുതെയിരിക്കേണ്ടി വന്നിട്ടില്ല.