”മുഖത്ത് തൊട്ടതേ ഓർമ്മയുള്ളൂ, അവൾ അലറി വിളിച്ച് മുറിയിലേക്കോടി, ​വരാൻ പോകുന്ന ​ഗോസിപ്പ് ഭയന്ന് ഞാൻ ഇനി അഭിനയിക്കുന്നില്ലായെന്ന് വരെ പറഞ്ഞു”; അനുഭവം വെളിപ്പെടുത്തി കൊല്ലം തുളസി| Kollam Thulasi| VG Thampi


ഒരു സമയത്ത് മലയാള സിനിമാ ടെലിവിഷൻ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്നു നടൻ കൊല്ലം തുളസി. നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ താരം ഈയിടെയാണ് കാൻസറിനെ അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നത്. അദ്ദേഹം നേരത്തെ നൽകിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാ​ഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

വിജി തമ്പി സംവിധാനം ചെയ്ത ‘പണ്ട് പണ്ടൊരു രാജകുമാരി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയ്ക്കാണ് കൊല്ലം തുളസിക്ക് നടുക്കുന്ന അനുഭവമുണ്ടായത്. ഊട്ടിയിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അഞ്ജു എന്ന് പേരുള്ള വളരെ ചെറുപ്പമായിരുന്ന ഒരു പുതുമുഖ നടിയുമായി തനിക്ക് കോമ്പിനേഷൻ സീനുണ്ടായിരുന്നു. സീനിന്റെ ഭാ​ഗമായി കൊല്ലം തുളസി നടിയുടെ മുഖത്ത് തൊട്ടതും അവർ ഉറക്കെ കരയാൻ തുടങ്ങിയെന്നാണ് താരം പറയുന്നത്. അത് കണ്ട് താൻ വല്ലാതെ ഭയന്ന് പോയെന്നും അദ്ദേഹം പറയുന്നു.

”അഞ്ജു എന്നായിരുന്നു നടിയുടെ പേര്, ചെറിയ കുട്ടി പ്രായമായിരുന്നു. ഞാനൊരു തമിഴ് നാട് പ്ലീഡറുടെ സംഘടനയുടെ നേതാവാണ് അപ്പോൾ. ഈ പെൺകുട്ടിയും ഞാനുമായിട്ടൊരു സീനുണ്ട്. മുഖമെല്ലാം തടവി, ‘അഴകാന ഇരിക്കമ്മ, അയ്യയ്യാ’ എന്ന് പറയുന്ന ഒരു സീനുണ്ട്. ആ ഷോട്ട് എടുക്കുന്ന സമയത്ത് ഡയലോ​ഗ് പറഞ്ഞ് കൊണ്ട് അഞ്ജുവിന്റെ കവിളിലും താടിയിലുമെല്ലാം ഒന്ന് തലോടി.

തടവിയതേ ഉള്ളു, ഇവളൊരൊറ്റ പൊട്ടിക്കരച്ചിൽ, പൊട്ടിക്കരയുകയെന്നാൽ അങ്ങ് അലറി വിളിച്ചു. ഞാൻ പറഞ്ഞു, അയ്യോ ഞാൻ ഒന്നും ചെയ്തില്ല. ഭയങ്കര ഏങ്ങലടിച്ച് കരയുകയാണ്. കരഞ്ഞയുടനെ അവളുടെ ആയ വന്ന് ‘സാരമില്ല മോളെ’ എന്ന് പറഞ്ഞ് പെൺകുട്ടിയെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. അൽപ്പം കഴിഞ്ഞ് സംവിധായകൻ അഞ്ജുവിന്റെ മുറിയിൽ പോയി തിരിച്ച് വന്നിട്ട് പറഞ്ഞു, പേടിക്കണ്ട അതിന് ഇടയ്ക്കിടയ്ക്ക് ഈ അസുഖം ഉള്ളതാ- കൊല്ലം തുളസി പറയുന്നു.

മാത്രമല്ല, ഇതെല്ലാം കണ്ട് താൻ പേടിച്ചുപോയെന്നും ഇനി അഭിനയിക്കുന്നില്ലായെന്ന് പറയുകയും ചെയ്തു. ​ഗോസിപ്പുകളെ ഭയന്നാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. താൻ ഒരു പെൺകുട്ടിയെ കയറിപ്പിടിച്ചെന്നും അവൾ കരഞ്ഞെന്നുമാണ് വാർത്തകൾ വരുക എന്നാണ് കൊല്ലം തുളസി പറഞ്ഞത്.

ജേണലിസം ഡിപ്ലോമധാരിയായ കൊല്ലം തുളസി 1979ൽ ഹരികുമാറിന്റെ ആമ്പൽപ്പൂവ് എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 200ലധികം സിനിമകൾ, 300ൽ കൂടുതൽ റേഡിയോ നാടകങ്ങൾ, 200ലധികം ടെലി-സീരിയലുകൾ എന്നിവയിൽ പങ്കാളിയായി. 2006ൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡ് കൊല്ലം തുളസിക്ക് ആയിരുന്നു.