”മലയാളത്തിലെ പല സൂപ്പർ താരങ്ങളും രഹസ്യമായി മൂത്രം കുടിക്കുന്നുണ്ട്, അതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം, പക്ഷേ അവരത് പുറത്ത് പറയുന്നില്ല”; വെളിപ്പെടുത്തലുമായി കൊല്ലം തുളസി| Kollam Thulasi| urine therapy
1987 മുതൽ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന നടനാണ് കൊല്ലം തുളസി. ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിക്കാറുണ്ട്. അഭിനയത്തിനുപുറമെ കവിതയെഴുത്തിലും തൽപരനായ കൊല്ലം തുളസിയുടെ കവിതകളുടെ സംഗീതാവിഷ്‌ക്കാരം ‘ഒരു പരാജിതന്റെ മോഹങ്ങൾ’ എന്ന പേരിൽ മനോരമ മ്യൂസിക്ക് പുറത്തിറക്കിയിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2004ലാണ് തിരുവനന്തപുരം നഗരസഭയിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ചത്. 1997-ൽ റിലീസായ ലേലം എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം യൂറിൻ തെറാപ്പിയുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.
ഒരുപാട് അസുഖങ്ങളുള്ള താൻ യൂറിൻ തെറാപ്പി തുടങ്ങിയതിൽപ്പിന്നെ ആരോഗ്യപരമായി ധാരാളം ഗുണങ്ങളുണ്ടായെന്നാണ് അദ്ദേഹം പറയുന്നത്. യൂറിൻ തെറാപ്പി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും പല സൂപ്പർ താരങ്ങളും ഇത് പിന്തുടരുന്നുമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അവരുടെയെല്ലാം ആരോഗ്യത്തിന്റെ രഹസ്യമിതാണ്, പക്ഷേ പുറത്ത് പറയാനുള്ള മടി കൊണ്ടാണ് പുറത്ത് പറയാത്തത്.
യൂറിൻ തെറാപ്പി ശാസ്ത്രീയമാണെന്നും അല്ലെന്നും തരത്തിലുള്ള സംവാദം നടക്കവേയാണ് കൊല്ലം തുളസിയുടെ പ്രതികരണം. ”എനിക്ക് കാൻസറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാൽ മൂത്രം കുടിക്കാൻ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിച്ചു.
അനുഭവസ്ഥരുമായി സംസാരിച്ചും യൂറിൻ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങൾ വായിച്ചുമാണ് ഞാൻ അത് ചെയ്യാൻ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാൽ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാൻ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. ശേഖരിച്ച് രണ്ട് മാസങ്ങൾ കഴിഞ്ഞ മൂത്രത്തിൽ എന്റെ കാലുകൾ അതിൽ ഇറക്കിവയ്ക്കാറുണ്ട്. എന്റെ കാലുവേദന മാറി. ഇപ്പോൾ ഞാൻ വേഗത്തിൽ നടക്കുന്നു. ശബ്ദം പോയപ്പോൾ ഒരുപാട് തവണ സ്‌കാൻ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാർഗിൾ ചെയ്തപ്പോൾ ശബ്ദം തിരിച്ചുകിട്ടി”- കൊല്ലം തുളസി പറഞ്ഞു.
അതേസമയം, മൂത്ര ചികിത്സ അശാസ്ത്രീയമാണെന്ന് ഐ.എം.എ പ്രതിനിധി ഡോക്ടർ ആർ ശ്രീജിത്ത് നേരത്തെ വ്യക്തമാക്കിയതാണ്. ശരീരത്തിന് ആവശ്യമില്ലാത്ത സാധനങ്ങളാണ് മലവും മൂത്രവും. ക്രിയാറ്റിനും അമോണിയ ഉൾപ്പെടെയുള്ളവ മൂത്രത്തിലൂടെ പുറം തള്ളുന്നു. അതിന് രോഗംമാറ്റാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മൂത്ര ചികിത്സയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്.