”ചീപ്പ്നെസ് എന്ന് പറയും, വിവരക്കേടിന്റെ ഭാ​ഗമായിട്ടാണ് ഇതിനെയൊക്കെ ഞാൻ കാണുന്നത്”; സ്ഫടികം ജോർജിനെതിരെ മുതിർന്ന നടൻ| Kollam Thulasi| Spadikam George


തലക്കനം പിടിച്ച രീതിയിലായിരുന്നു നടൻ സ്ഫടികം ജോർജ് തന്നോട് പെരുമാറിയിരുന്നതെന്ന് മുതിർന്ന നടനും നാടകപ്രവർത്തകനുമായിരുന്ന കൊല്ലം തുളസി. മാസ്റ്റിർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സലിം ബാബ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ മോഹിതം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴായിരുന്നു സ്ഫടികം ജോർജ് തന്നോട് മോശമായി പെരുമാറിയതെന്ന് അദ്ദേഹം പറയുന്നു.

ചിത്രത്തിൽ കൊല്ലം തുളസിയുടെ കഥാപാത്രം സ്ഫടികം ജോർജിന്റെ മുഖത്ത് അടിക്കുന്ന സീൻ ഉണ്ടായിരുന്നു. എന്നാൽ അത് ചിത്രീകരിക്കുന്ന സമയത്ത് മുഖത്ത് അടിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് സ്ഫടികം ജോർജ് വാശിപിടിച്ചു. തുടർന്ന് അടിക്കുന്ന സീൻ മാറ്റി എഴുതിയതിന് ശേഷമാണ് ചിത്രീകരണം തുടങ്ങാൻ കഴിഞ്ഞതെന്ന് അദ്ദേഹം ഓർക്കുന്നു.

അതേസമയം സ്ഫടികം ജോർജിന്റെ ഈ പ്രവൃത്തിയെ വിവരക്കേടായാണ് കൊല്ലം തുളസി അവതരിപ്പിക്കുന്നത്. ”കൊല്ലം തുളസി ചേട്ടൻ എന്നെ അടിക്കാൻ പറ്റില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ക്യാരക്ടർ അല്ലേ ഇതെന്ന് പറഞ്ഞിട്ടും കേട്ടില്ല. ചീപ്പ്നെസ് എന്നാണ് ഇതിനെയൊക്കെ പറയുക. ഞാനതിനപ്പുറം വില കൊടുത്തിട്ടുമില്ല. അതൊക്കെ വിവരക്കേടിന്റെ ഭാ​ഗമായിട്ടേ ഞാൻ കാണുന്നുള്ളു. അങ്ങനെയാണെങ്കിൽ നമ്മളൊക്കെ എന്തെല്ലാം ചെയ്യണം”- കൊല്ലം തുളസി ചോദിക്കുന്നു.

കൊല്ലം തുളസിയെ കേന്ദകഥാപാത്രമാക്കി ചിത്രീകരിച്ച സിനിമയായിരുന്നു മോഹിതം. ചിത്രത്തിൽ ബീന ആന്റണി, നാരായണൻകുട്ടി, മീന ​ഗണേഷ്, പ്രിയങ്ക, മച്ചാൻ വർ​ഗീസ് തുടങ്ങിയ താരങ്ങളെല്ലാം അഭിനയിച്ചിരുന്നു. തീയേറ്ററുകളിൽ വിജയം കാണാതെ പോയ റൊമാന്റിക് ചിത്രമായിരുന്നു ഇത്. ഈ സിനിമ ഇപ്പോൾ ആമസോണിൽ കാണാൻ കഴിയും.

ഗൾഫിലെ മലയാളി ക്ലബിൽ സ്ഥിരമായി നാടകങ്ങൾ അവതരിപ്പിച്ചിരുന്ന ജോർജ് 1993-ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലെ തിരുവട്ടാർ മണി എന്ന വില്ലൻ കഥാപാത്രം ചെയ്തു കൊണ്ടായിരുന്നു മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ആ വർഷം തന്നെ റിലീസായ ചെങ്കോലിലെ തോമസ് കീരിക്കാടൻ എന്ന വില്ലൻ വേഷവും ചെയ്തു. ഭദ്രൻ സംവിധാനം ചെയ്ത് 1995-ൽ പുറത്തിറങ്ങിയ ‘സ്ഫടികം’ ചിത്രത്തിലെ പൊലീസ് വേഷമാണ് ജോർജ് എന്ന നടന് സ്ഫടികം ജോർജ് എന്ന പേര് നേടിക്കൊടുത്തത്.

സ്ഫടികത്തിനു ശേഷം മലയാള സിനിമയിലെ പ്രധാന വില്ലൻമാരിലൊരാളായി മാറിയ സ്ഫടികം ജോർജ് മലയാളത്തിൽ ഇതുവരെ 120-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങൾക്കൊപ്പം തന്നെ കർശനക്കാരനായ പോലീസ് ഓഫീസറായും വേഷമിട്ട ജോർജ്ജ് 2007-ൽ റിലീസായ ഹലോ എന്ന സിനിമയിലെ വടക്കാഞ്ചേരി വക്കച്ചൻ (വെടക്ക് വക്കൻ) എന്ന കഥാപാത്രത്തോടെ കോമഡി റോളിലേക്ക് ചുവടു മാറി.