”മമ്മൂട്ടിയുമായുള്ള പ്രശ്നത്തെ തുടർന്ന് അവർ ഷൊർണൂരിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് മടങ്ങിപ്പോയി”; ഒടുവിൽ പുതിയ നടിയെ വെച്ച് സിനിമ എടുക്കേണ്ടി വന്നെന്ന് പ്രൊഡ്യൂസർ| Kireedam Unni| Mammootty| Sukanya


1997ൽ തിയേറ്ററുകളിലെത്തിയ സൈക്കോളജിക്കൽ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന സിനിമയായിരുന്നു ഭൂതക്കണ്ണാടി. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രത്തിൽ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെയധികം ആ​ഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഏറെ ചർച്ച ചെയ്യപ്പെട്ട ഈ സിനിമയിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങൾക്കും കെട്ടുറപ്പുള്ള വേഷങ്ങളായിരുന്നു ലോഹിതദാസ് നൽകിയത്.

സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ശ്രീലക്ഷ്മി ആയിരുന്നു. അവരുടെ കരിയറിൽ തന്നെ മികച്ച വേഷമായിരുന്നു അത്. എന്നാൽ ഈ വേഷം യഥാർത്ഥത്തിൽ സുകന്യയ്ക്ക് വേണ്ടിയുള്ളതായിരുന്നു. സംവിധായകൻ സുകന്യയെ കാസ്റ്റ് ചെയ്തതുമാണ്. ഒടുവിൽ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയ സുകന്യ തനിക്ക് നേരത്തെ മമ്മൂട്ടിയുമായുണ്ടായിരുന്ന ഒരു പ്രശ്നത്തെ തുടർന്ന് തിരിച്ച് പോയി. അങ്ങനെയാണ് സരോജ എന്ന പുള്ളുവത്തിയുടെ വേഷം ചെയ്യാൻ ശ്രീലക്ഷ്മി എത്തുന്നത്.

പ്രശസ്ത നിർമ്മാതാവ് കിരീടം ഉണ്ണിയാണ് മമ്മൂട്ടിയും സുകന്യയും തമ്മിലുള്ള ഈ പ്രശ്നം വെളിപ്പെടുത്തി രം​ഗത്തെത്തിയത്. സാ​ഗരം സാക്ഷി എന്ന സിനിമയുടെ സെറ്റിൽ വെച്ച് മമ്മൂട്ടി സുകന്യയോട് കയർത്തെത്തും ഇതേ തുടർന്ന് അവർ ഭൂതക്കണ്ണാടിയിൽ അഭിനയിക്കാൻ വിസമ്മതിച്ചു എന്നുമാണ് കിരീടം ഉണ്ണി പറയുന്നത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

”തമിഴ് നടി സുകന്യയെ ആയിരുന്നു എന്റെ ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത്. ഞാൻ അവരെ പോയി കണ്ടു, സംസാരിച്ചു, അഡ്വാൻസും കൊടുത്തു. പിന്നീട് ഷൂട്ടിങ് ആരംഭിച്ച സമയത്ത് ആ കുട്ടി ഷൊർണൂർ വന്നു. പണിയൊക്കെ തുടങ്ങിയ രാത്രി ആ കുട്ടി എന്നോട് പറഞ്ഞു, ഞാൻ ഈ സിനിമയിൽ അഭിനയിക്കില്ലെന്ന്. ഞാൻ പോവാണ് എനിക്ക് ഈ പടം ശരിയാവില്ല എന്നൊക്കെ പറഞ്ഞു.

കാരണം എന്താണെന്ന് ഞാൻ ചോദിച്ചു. സിനിമ വേണ്ടെന്ന് വെക്കാനുള്ള കാരണം അറിയണമല്ലോ. അവർ സിനിമയുടെ കോസ്റ്റ്യൂമിനെക്കുറിച്ചാണ് പറഞ്ഞത്. മാറ് മറയ്ക്കാതെ അഭിനയിക്കുന്ന സീൻ എല്ലാം ഉണ്ടായിരുന്നു. അത് ചെയ്യാൻ പറ്റില്ലെന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു, കഥാപാത്രം അങ്ങനെയല്ലേ അതുകൊണ്ടല്ലേ അങ്ങനത്തെ ഡ്രസ് എല്ലാം ഇടേണ്ടി വരുന്നത്. ഒരു പുള്ളോത്തിയാണ് കഥാപാത്രം, തീർച്ചയായും അങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടി വരും.

എന്തൊക്കെ പറഞ്ഞിട്ടും അവർ നിന്നില്ല, എനിക്ക് ആ ഡ്രസ്സൊന്നും ശരിയാവില്ല, ഞാൻ‍ പോകാണെന്ന് നിർബന്ധം പിടിച്ച് അവർ പോയി. പിന്നീടാണ് എനിക്കതിന്റെ യഥാർത്ഥ കാരണം മനസിലായത്. മമ്മൂട്ടിയും സുകന്യയും തമ്മിൽ സാ​ഗരം സാക്ഷി എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു. അതിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും സുകന്യയും തമ്മിൽ എന്തോ പ്രശ്നം ഉണ്ടായെന്നും മമ്മൂട്ടി എന്തോ പറഞ്ഞെന്നും പിന്നീട് ഇവർ രണ്ടാളും തമ്മിൽ പ്രശ്നത്തിൽ ആയെന്നും പിന്നീടാണ് ഞാൻ അറിഞ്ഞത്”- നിർമ്മാതാവ് വ്യക്തമാക്കി.​