”എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്നുള്ള ഏറ്റവും മോശം പ്രവൃത്തി ഉണ്ടായത്”; ദുരനുഭവം വ്യക്തമാക്കി നടി ഖുശ്ബു| khushbu sundar| BJP leader
ബോളിവുഡിലൂടെ സിനിമാ ജീവിതം ആരംഭിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ നിറ സാന്നിധ്യമായ താരമാണ് നടി ഖുശ്ബു. പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുകയും പല പാർട്ടികളിലും പ്രവർത്തിക്കുകയും ചെയ്ത നടി നിലവിൽ ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമാണ്. ഇപ്പോൾ താൻ ബാല്യകാലത്ത് നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഖുശ്ബു.
എട്ടാം വയസ്സിൽ സ്വന്തം അച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും പതിനഞ്ചാം വയസ്സിലാണ് തനിക്കു അതു തുറന്നു പറയാൻ ധൈര്യം ലഭിച്ചതെന്നും ഖുശ്ബു പറഞ്ഞു. മോജോ സ്‌റ്റോറിക്കു വേണ്ടി ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോൾ, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവൻ നീളുന്ന മുറിപ്പാടാണ് മനസ്സിൽ ഉണ്ടാക്കുന്നതെന്ന് ഖുശ്ബു അഭിമുഖത്തിൽ പറഞ്ഞു.
”എന്റെ അമ്മയുടെ വിവാഹ ബന്ധം അങ്ങേയറ്റം മോശമായിരുന്നു. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ വ്യക്തിയായിരുന്നു അച്ഛൻ. എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാൽ പതിനഞ്ചാം വയസ്സിൽ മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്താൻ തനിക്ക് ധൈര്യം വന്നത്”- താരം വ്യക്തമാക്കി.
”എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലർത്തിയിരുന്ന ആളാണ് അമ്മയെന്നും അതിനാൽ അച്ഛനെക്കുറിച്ച് പറഞ്ഞാൽ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും ഖുശ്ബു പറഞ്ഞു. എന്തെങ്കിലും പറഞ്ഞാൽ കുടുംബത്തിലുള്ള മറ്റുള്ളവർ അധിക്ഷേപം കേൾക്കേണ്ടി വരുമെന്ന ആശങ്കയാണ് വർഷങ്ങളോളം മൗനം പാലിക്കാൻ കാരണം.
എന്നാൽ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലിൽ നിന്നാണ് എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്. 16 വയസ്സ് എത്തും മുമ്പുതന്നെ അച്ഛൻ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്നെന്നും ഖുശ്ബു പറയുന്നു.
എന്നാലിപ്പോൾ തമിഴ് നാട്ടിൽ സ്വന്തം പേരിൽ അമ്പലം വരെയുള്ള നടിയാണ് ഖുശ്ബു. ഖുഷ്ബു ഹിന്ദി സിനിമയിൽ ബാലതാരമായിട്ടായിരുന്നു അഭിനയരംഗത്തെത്തിയത്. ഒട്ടേറെ സിനിമകളിൽ ബാലതാരമായ അവർ പിന്നീട് തമിഴ് സിനിമയിലേക്ക് കടന്നതോടെ ഏറെ സ്വീകാര്യതയുള്ള നടിയായി മാറി. മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. ഇതുവരെ 200ലേറെ ചിത്രങ്ങളിൽ വേഷമിട്ടു.
2010ലാണ് ഖുശ്ബു രാഷ്ട്രീയരംഗത്തേക്ക് ചുവടുവച്ചത്. ഡിഎംകെയിൽ ചേർന്ന് നാല് വർഷത്തിന് ശേഷം ഡിഎംകെ വിട്ട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് വക്താവായിരുന്ന ഖുഷ്ബു സുന്ദർ പലപ്പോഴും ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നു. ഇതുകൊണ്ട് തന്നെ ഖുഷ്ബു 2020ൽ ബിജെപിയിൽ ചേർന്നത് ആളുകളിൽ ഞെട്ടലുണ്ടാക്കി.