KGF Movie Big Update | Yash | Homebale Films | ആരാധകരെ ആവേശത്തില്‍ ആറാടിക്കാനായി റോക്കി ഭായി വീണ്ടുമെത്തും; കെ.ജി.എഫ് മൂന്നാം ഭാഗം എപ്പോഴെന്ന് വെളിപ്പെടുത്തി നിർമ്മാതാവ്, അഞ്ചാം ഭാഗത്തിന് ശേഷം റോക്കിയായി പുതിയൊരാൾ


കന്നഡയില്‍ നിന്നെത്തി ഇന്ത്യന്‍ സിനിമാ ലോകത്ത് പുതിയ തരംഗം തീര്‍ത്ത ചിത്രങ്ങളാണ് കെ.ജി.എഫ് ചാപ്റ്റര്‍ ഒന്നും ചാപ്റ്റര്‍ രണ്ടും. ചലച്ചിത്രലോകം ഇന്നുവരെ കണാത്ത തരത്തിലുള്ള ആവേശത്തോടെയാണ് കെ.ജി.എഫ് രണ്ടാം ഭാഗത്തെ ആരാധകര്‍ ഏറ്റെടുത്തത്. ചിത്രം ഇറങ്ങിയ അന്ന് മുതല്‍ സിനിമാസ്വാദകര്‍ ചോദിക്കുന്ന ചോദ്യമാണ് ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന്. ഇതിനുള്ള സൂചനയോടെയാണ് ചിത്രം അവസാനിച്ചത്.

ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ വിജയ് കിരഗണ്ടൂര്‍. ജനമനസുകളില്‍ അനശ്വരനായ റോക്കി ഭായി വെള്ളിത്തിരയില്‍ വീണ്ടുമെത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

‘കെ.ജി.എഫ് ആദ്യ രണ്ട് ഭാഗങ്ങളുടെ സംവിധായകനായ പ്രശാന്ത് നീല്‍ നിലവില്‍ സലാര്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതിനാല്‍ കെ.ജി.എഫ് ചാപ്റ്റര്‍ 3 ഉടനുണ്ടാകില്ല. സലാറിന് ശേഷമാണ് കെ.ജി.എഫ് മൂന്നാം ഭാഗത്തിന്റെ ജോലികള്‍ തുടങ്ങുക. അത് ചിലപ്പോള്‍ 2025 ല്‍ ആയിരിക്കും.’ -വിജയ് കിരഗണ്ടൂര്‍ പറഞ്ഞു.

കെ.ജി.എഫ് മൂന്നാം ഭാഗം 2026 ലാകും തിയേറ്ററുകളിലെത്തുക. ആരാധകര്‍ക്ക് സന്തോഷമുണ്ടാക്കുന്ന മറ്റൊരു കാര്യം കൂടി വിജയ് കിരഗണ്ടൂര്‍ പറഞ്ഞു. കെ.ജി.എഫിന് ആകെ അഞ്ച് ഭാഗങ്ങളുണ്ടാകും എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

തീര്‍ന്നില്ല. അഞ്ച് ഭാഗങ്ങള്‍ക്ക് ശേഷം റോക്കി ഭായ് വീണ്ടും വരുമെന്ന സൂചനയും നിര്‍മ്മാതാവ് നല്‍കി. എന്നാല്‍ അഞ്ചാം ഭാഗത്തിന് ശേഷമുള്ള ചിത്രങ്ങളില്‍ കന്നഡ സൂപ്പര്‍ താരം യഷ് ആയിരിക്കില്ല, പുതിയൊരു താരമാകും റോക്കിയായി വെള്ളിത്തിരയിലെത്തുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡിലെ ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ മാതൃകയാണ് തങ്ങള്‍ കെ.ജി.എഫിന്റെ കാര്യത്തില്‍ അവലംബിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോംബാലെ ഫിലിംസാണ് കെ.ജി.എഫ് ഒന്നും രണ്ടം ഭാഗങ്ങള്‍ നിര്‍മ്മിച്ചത്. ഹോംബാലെ പ്രൊഡക്ഷന്‍സിലെ മറ്റൊരു നിര്‍മ്മാതാവായ കാര്‍ത്തിക് ഗൗഡയും കെ.ജി.എഫ് മൂന്നാം ഭാഗം വൈകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. അടുത്തിടെ ഇറങ്ങി പാന്‍-ഇന്ത്യന്‍ ഹിറ്റായി മാറിയ ‘കാന്താര’ എന്ന ചിത്രവും ഹോംബാലെ ആണ് നിര്‍മ്മിച്ചത്.

Summary: KGF: Chapter 3 big update. Producer Vijay Kiragandur of Hombale Films says KGF: Chapter 3 to go on floors by 2025 and Yash may be replaced after KGF 5.