മയക്കുമരുന്നിനെ അനുകൂലിക്കുന്ന പരാമർശം, ഒമർ ലുലുവിന്റെ നല്ല സമയം ഒടിടിയിലേക്ക്; ഹൈക്കോടതി കേസ് റദ്ദാക്കിയെന്ന് സംവിധായകൻ| Nalla Samayam| Omar Lulu
ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരേ കോഴിക്കോട് എക്സൈസ് കമ്മിഷണർ ചുമത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി. കേസിനെ തുടർന്ന് ഡിസംബർ 30-ന് തിയറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസങ്ങൾക്ക് ശേഷം പിൻവലിച്ചിരുന്നു. ഇപ്പോൾ കേസ് പിൻവലിച്ചതായി അറിയിച്ച് സംവിധായകൻ ഒമർ ലുലു തന്നെയാണ് രംഗത്തെത്തിയത്.
കേസിൽ വിധി വന്നുവെന്നും, കേരള ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും സംവിധായകൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഉമർ ലുലു പ്രതികരിച്ചത്. ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ട് എന്ന് ഞാൻ കരുതുന്നു, പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്നും ഒമർ ലുലു തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി.
ചിത്രത്തിലെ ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾക്കെതിരെയായിരുന്നു എക്സൈസ് കേസ് എടുത്തത്. അബ്‌കാരി, എൻഡിപിഎസ് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. ട്രെയിലറിൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്നതായായിരുന്നു പരാതി. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തത്.
ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും ഒമർ ലുലു നേരത്തെ പ്രതികരിച്ചിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമർ ചോദിച്ചിരുന്നു.
സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെയായിരുന്നു എക്‌സൈസ് വകുപ്പ് കേസെടുത്തത്. ട്രെയിലറിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉൾപ്പെടുത്തിയതാണ് കേസിനാധാരം. എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, എൻ.ഡി.പി.എസ് നിയമങ്ങൾ പ്രകാരം കേസ് എടുത്തത്. ഇതോടൊപ്പം സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമർശങ്ങൾ നടത്തിയതും വിവാദമായിരുന്നു. സിനിമയുടെ ഒ.ടി.ടി. റിലീസ് ഡേറ്റ് മാർച്ച് 20-ന് പ്രഖ്യാപിക്കുമെന്നാണ് ഒമർ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചത്.
നടൻ ഇർഷാദ് നായകനാകുന്ന നല്ല സമയത്തിൽ അഞ്ച് പുതുമുഖ നായികമാരാണ് അഭിനയിക്കുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.