”എനിക്ക് അഭിനയിക്കാൻ അറിയാമെന്ന് അവർക്ക് മുൻപിൽ തെളിയിക്കാൻ ഞാൻ കുറെ കഷ്ടപ്പെട്ടു”; നേരിട്ട പ്രയാസങ്ങളെക്കുറിച്ച് കീർത്തി സുരേഷ്| Keerthy Suresh| Suresh Kumar| Menak Suresh


തനിക്ക് അഭിനയിക്കാൻ അറിയാമെന്ന് തന്റെ അച്ഛനും അമ്മയ്ക്കും മുൻപിൽ തെളിയിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് തെന്നിന്ത്യൻ താരം കീർത്തി സുരേഷ്. തുടക്കത്തിൽ തന്റെ സിനിമകളൊന്നും വേണ്ടത്ര ശ്രദ്ധിക്കാതെയായപ്പോൾ വീട്ടുകാർ പേടിച്ചെന്നാണ് താരം പറയുന്നത്. ഇവൾക്ക് അഭിനയിക്കാൻ അറിഞ്ഞില്ലെങ്കിൽ എന്ത് പണിക്ക് പോയി ജീവിക്കും എന്ന് വരെ അച്ഛൻ ചിന്തിച്ചു എന്ന് കീർത്തു പറഞ്ഞു.

”അച്ഛനും അമ്മയും സിനിമയിൽ ആണെന്ന് പറ‍ഞ്ഞിട്ട് മാത്രം ഞാൻ നന്നായിട്ട് അഭിനയിക്കണം എന്ന് പറ‍ഞ്ഞാൽ പറ്റില്ലല്ലോ. എന്റെ പണി ഞാൻ നന്നായിട്ട് ചെയ്യണമല്ലോ. തുടക്കത്തിൽ ഞാൻ അഭിനയിക്കാൻ വരുമ്പോൾ എന്റെ അച്ഛനും അമ്മയ്ക്കും അറിയില്ലായിരുന്നു ഈ കുട്ടി മര്യാദയ്ക്ക് അഭിനയിക്കുമോ എന്ന്. എന്റെ അച്ഛന് ഭയങ്കര പേടിയായിരുന്നു. കാരണം എന്റെ മോൾ അഭിനയം തിരഞ്ഞെടുത്തിട്ട് പിന്നെ അവൾക്ക് സിനിമയും വന്നില്ലെങ്കിൽ പിന്നെ അവൾ എന്ത് ജോലി ചെയ്ത് ജീവിക്കും എന്ന് അച്ഛന് ടെൻഷനായിരുന്നു.

ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരു സാധാരണ അച്ഛനായിട്ടാണ് എന്റെ അച്ഛനൊക്കെ ആലോചിച്ചിട്ടുള്ളത്. എനിക്ക് അഭിനയിക്കാൻ അറിയാം എന്ന് ആദ്യത്തെ ഘട്ടത്തിൽ ഒന്ന് പ്രൂവ് ചെയ്യാൻ ഞാൻ കുറെ കഷ്ടപ്പെട്ടു, അവരുടെ മുന്നിൽ പ്രൂവ് ചെയ്യാൻ. എന്നാൽ പ്രേക്ഷകർക്ക് മുൻപിൽ അവരുടെ മകൾ ആയത് കൊണ്ടല്ല, അല്ലെങ്കിലും ഞാൻ എന്താണെന്ന് തെളിയിക്കണം”- കീർത്തി സുരേഷ് വ്യക്തമാക്കി.

വിഷ്ണു വി രാഘവ് സംവിധാനം ചെയ്ത വാശി ആയിരുന്നു കീർത്തി സുരേഷിന്റെ ഒടുവിലത്തെ മലയാള ചിത്രം. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമ കൂടി ആയിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വാശി. ടൊവിനോ തോമസ് ആയിരുന്നു ഇതിലെ നായകൻ. കീർത്തുയുടെ അച്ഛനും പ്രശസ്ത നിർമ്മാതാവുമായ സുരേഷ് കുമാറും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. കീർത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷും സഹോദരി രേവതി സുരേഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.

തമിഴ് ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചതോടെയാണ് കീർത്തിയുടെ ഭാവി തെളിയുന്നത് എന്ന് വേണം പറയാൻ. നാ​ഗ് അശ്വൻ സംവിധാനം ചെയ്ത മഹാനടിയിലെ അഭിനയത്തിന് ദേശീയ പുരസ്കാരമാണ് താരത്തെ തേടിയെത്തിയത്. കീർത്തിയുടെ 2022ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രവും വലിയ ഹിറ്റായിരുന്നു. അതിന് ശേഷം താരം അഭിനയിച്ച സിനിമയാണ് ദസറ. നാനി പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയിൽ മലയാള നടൻ ഷൈൻ ടോം ചാക്കോയാണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഷൈനിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്.