‘ ഗന്ധർവൻ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് അദ്ദേഹത്തെത്തന്നെയായിരുന്നു; ‘പത്മരാജ’നെക്കുറിച്ച് ​ഗണേഷ് കുമാർ


രുകാലത്ത് മലയാളസിനിമയിലെ ഏറെ കഥാപ്രാധാന്യമുള്ള റോളുകൾ കൈകാര്യം ചെയ്തിരുന്ന നടനായിരുന്നു ​ഗണേഷ് കുമാർ. ഹാസ്യതാരമായും സ്വഭാവനടനായും വില്ലനായുമെല്ലാം ​ഗണേഷ് ഒരുപോലെ തിളങ്ങി. എന്നാലിപ്പോൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് ശേഷം അദ്ദേഹം ചലച്ചിത്ര ലോകത്ത് നിന്ന് വിട്ട് നിൽക്കുകയാണ്.

ഇപ്പോൾ തന്റെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട കഥകൾ ഓർത്തെടുക്കുകയാണ് അദ്ദേഹം. താൻ അത്ഭുതകരമായ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ടു സ്ഥലങ്ങളിലാണ്. ഒന്ന് ഫാസിലിന്റെ മണിച്ചിത്രത്താഴ് ആണെന്നും അദ്ദേഹം പറയുന്നു. കേരള നിയമസഭയുടെ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തെക്കുറിച്ച് ഓർത്തത്.

അഞ്ച് സംവിധായകർ ചേർന്ന് പുറത്തിറക്കിയ മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രത്തെക്കുറിച്ച് ഏറെ ആദരവോടെയാണ് ​ഗണേഷ് സംസാരിക്കുന്നത്. പാച്ചിക്ക സംവിധാനം ചെയ്തിട്ടുണ്ട്, ഒരു സ്ഥലത്ത് പ്രിയദർശൻ, ഒരിടത്ത് സിബി മലയിൽ, ഒരിടത്ത് സിദ്ദീഖ് ലാൽ. ഈ അഞ്ചു പേരുടെയും കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്. ‘‘ദാസപ്പാ നീ എന്നെ ഒന്നു നോക്കിയേ’’ എന്നു പറയുന്ന രംഗം സിബി മലയിൽ ആണ് ഷൂട്ട് ചെയ്തത്.- ​ഗണേഷ് വ്യക്തമാക്കി.

മൺമറഞ്ഞ് പോയ സംവിധായകൻ പത്മരാജനെക്കുറിച്ചും ​ഗണേഷ് സംസാരിച്ചു. അദ്ദേഹത്തിന്റെ ​ഞാൻ ​ഗന്ധർവൻ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാ​ഗ്യമായാണ് കരുതുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിരവധി ഹിറ്റ് പടങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ സംവിധായകനാണ് പത്മരാജൻ. അദ്ദേഹം ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ഞാൻ ​ഗന്ധർവൻ.

1991ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ​പത്മരാജൻ തന്നെയായിരുന്നു. വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രം അണിനിരന്ന ചിത്രത്തിൽ ​ഗണേഷ് കുമാറിന്റെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. അദ്ദേഹം ഗന്ധർവനായി ജീവിക്കുകയാണ്. ഗന്ധർവ്വൻ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് അദ്ദേഹത്തെത്തന്നെയായിരുന്നു എന്നാണ് പത്മരാജനെക്കുറിച്ച് ​താരം പറയുന്നത്. സ്ക്രിപ്റ്റ് എഴുതിയത് മുതൽ അത് നമുക്ക് പറഞ്ഞു തരുമ്പോഴും അഭിനയിപ്പിക്കുമ്പോഴും എല്ലാം അദ്ദേഹം ഗന്ധർവനായി മാറുകയായിരുന്നു.’’–ഗണേഷ് വ്യക്തമാക്കി.