“ചില സിനിമകളെ പ്രോത്സാഹിപ്പിക്കും, ചില സിനിമകളെ തകർക്കും; ഒരു കോടി രൂപ കൊടുത്താൽ ഈ യൂട്യൂബർമാർ സിനിമ നല്ലതാണെന്നും പറയും”|KB ganesh kumar| yutubers | Malayalam Film industry


യൂട്യൂബ് ചാനലുകളിലൂടെ സിനിമകൾക്ക് നെ​ഗറ്റീവ് റിവ്യൂ കൊടുക്കുന്നതിനെതിരെ പരക്കെ വിമർശനം നേരിടുകയാണിപ്പോൾ. ചില യൂട്യൂബർമാർ സിനിമ റിലീസ് ചെയ്ത ദിവസം തന്നെ തങ്ങളുടെ ചാനലിലൂടെ നെ​ഗറ്റീവ് റിവ്യൂ കൊടുക്കുന്നതിനെതിരെ ഈയിടെ സിനിമാമേഖലയിലുള്ളവർ രം​ഗത്ത് വന്നിരുന്നു.

പല സിനിമകളും തിയേറ്ററിൽ വിജയം കാണാതെ ആദ്യ ദിവസം തന്നെ തകർന്ന് പോകാൻ കാരണം ഇത്തരം റിവ്യൂവർമാരാണെന്നും അഭിപ്രായമുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി നടനും എംഎൽഎയുമായ കെബി ​ഗണേഷ്കുമാർ രം​ഗത്തെത്തിയിരിക്കുകയാണ്.

ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകർക്കാനും മലയാളത്തിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഗണേഷ് കുമാർ പറയുന്നത്. ഒരു കോടി രൂപ കൊടുത്താൽ സിനിമ നല്ലതാണെന്ന് യൂട്യൂബർമാർ പറയും. പണം കൊടുത്തിട്ടില്ലെങ്കിൽ എത്ര നല്ല സിനിമയേയും മോശമെന്ന് ഇവർ വിമർശിക്കും.

പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററിൽ കയറ്റി ഇവരെക്കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിക്കുകയാണെന്നും ഇതിന് പിന്നിൽ ഗൂഢ സംഘം ഉണ്ടെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. അടുത്ത നിയമസഭാ സമ്മേളത്തിൽ ഈ വിഷയം താൻ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായിൽ ഗോൾഡൻ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ. ഇത്തരം കാര്യങ്ങളെക്കുറിച്ച് സർക്കാരിനും നിർമാതാക്കൾക്കും അഭിനേതാക്കൾക്കും അറിയാമെന്നാണ് അ​ദ്ദേഹം പറയുന്നത്. ടിക്കറ്റ് വിൽക്കുന്ന കമ്പനി സിനിമയുടെ നിലവാരം തീരുമാനിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷത്തിരുന്ന് പ്രതിപക്ഷത്തെ പോലെ താൻ പ്രവർത്തിക്കുന്നു എന്ന വിമർശനത്തിൽ അടിസ്ഥാനമില്ല. ഏതെങ്കിലും പക്ഷത്തിനോ രാഷ്ട്രീയ പാർട്ടിക്കോ എതിരെയല്ല തന്റെ വിമർശനം. സംവിധാനത്തിലെ പോരായ്മകളെയാണ് വിമർശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും യുഎഇ ഗോൾഡൻ വിസ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസിഎച്ച് ഡിജിറ്റൽസർവ്വീസിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് ഗണേഷ് കുമാർ വിസ ഏറ്റു വാങ്ങിയത്.