“കവിതയായാൽ വൃത്തം വേണം, വൃത്തമില്ലെങ്കിൽ ഇത്തിരി വൃത്തിയെങ്കിലും വേണം”: കാവ്യാമാധവന്റെ കവിത തിരുത്തിയ സലീംകുമാർ|Salim Kumar|Kavya Madhavan|Stage Show
മലയാളികളെ ഏറെ രസിപ്പിക്കുന്ന ഒരു കലാരൂപമാണ് മിമിക്രി അഥവാ അനുകരണ കല. മലയാള സിനിമയിലേക്ക് ഒരുപിടി നല്ല നടൻമാർ കടന്ന് വന്നത് മിമിക്രിയിലൂടെയാണ്. കലാഭവൻ മണി ദിലീപ്, സലിം കുമാർ, നാദൃഷ എന്നിവരെല്ലാം അതിന് ഉദാഹരണമാണ്. നടൻ സലിംകുമാർ തന്റെ തുടക്കകാലത്ത് മിമിക്രിയിൽ സജീവമായിരുന്നു. നാദൃഷയ്ക്കും ദിലീപിനുമെല്ലാമൊപ്പം ധാരാളം സ്റ്റേജ് ഷോകളും ടിവി പരിപാടികളും ചെയ്തിട്ടുണ്ട്.
ഒരു കാലത്ത് ഇവരുടെയെല്ലാം കോമഡി പരിപാടികളുടെ കാസറ്റിന് വേണ്ടി ആളുകൾ ക്യൂ നിൽക്കുന്ന അവസ്ഥയായിരുന്നു. ടിക്കറ്റ് വെച്ച് കേരളത്തിലുടനീളം പരിപാടികൾ സംഘടിപ്പിക്കുന്നതിന് പുറമേ വിദേശരാജ്യങ്ങളിലും ധാരാളം പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ട്രൂപ്പുകൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നതുപോലെ ടെലിവിഷനുകളിൽ നർമ്മപ്രാധാന്യമുള്ള പരിപാടികൾ സംപ്രേക്ഷണം ചെയ്തു വരുന്നുണ്ട്. അതിലൂടെയും ധാരാളം താരങ്ങൾ ചലച്ചിത്രലോകത്തേക്ക് കടന്നു വരുന്നുണ്ട്.
എന്നാലിപ്പോൾ സലീം കുമാറും നാദൃഷയും സിദ്ധിക്കും പങ്കെടുത്ത ഒരു പരിപാടിയാണ് വൈറലാവുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത സിനിമ ചിരിമ എന്ന പരിപാടിയിലെ രംഗങ്ങളാണ് വൈറലാവുന്നത്. എട്ട് വർഷം മുൻപ് സംപ്രേഷണം ചെയ്ത പരിപാടി ഇപ്പോൾ വീണ്ടും ശ്രദ്ധേയമാവുകയാണ്.
സലീം കുമാറും നാദൃഷയും ചേർന്ന് തങ്ങളുടെ പഴയകാല അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. കാവ്യാ മാധവൻ താനെഴുതിയ കവിത തിരുത്താനായി സലിം കുമാറിനെ സമീപിച്ചപ്പോഴുണ്ടായ രസകരമായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. താൻ ജനിക്കുന്നതിന് മുൻപ് മരിച്ചുപോയ ഒരു ബന്ധുവിനെക്കുറിച്ചായിരുന്നു കാവ്യയുടെ കവിത. എന്നാൽ കവിതയുമായി വന്ന കാവ്യയെ ദേഷ്യം പിടിപ്പിക്കാനായി താൻ അന്ന് പറഞ്ഞ കാര്യങ്ങളോർത്തോർത്ത് ചിരിക്കുകയാണ് താരം.
കവിതയിൽ പുരുഷകഥാപാത്രത്തെ കാവ്യ പുഷ്പം എന്ന് അഭിസംബോധന ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ സ്ത്രീകളെയാണ് പുഷ്പമെന്ന് വിളിക്കുക, ആണുങ്ങളെ അങ്ങനെ ഒരിക്കലും വിളിക്കാൻ പാടില്ല എന്ന് പറഞ്ഞ സലിം “കവിതയായാൽ വൃത്തം വേണം, വൃത്തമില്ലെങ്കിൽ ഇത്തിരി വൃത്തിയെങ്കിലും വേണം” എന്ന് പറഞ്ഞ് കളിയാക്കി. ആദ്യം കവിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചെല്ലാം സംസാരിച്ച കാവ്യ പിന്നീട് എന്തോ തെറ്റ് ചെയ്തുപോയി എന്ന അവസ്ഥായിലായെന്ന് സലിം കുമാർ പറയുന്നു.
അതുവരെ ചലച്ചിത്ര താരങ്ങളെയും മറ്റ് ശബ്ദങ്ങളും മാത്രം അനുകരിച്ച് പോന്ന മിമിക്രിയുടെ ചരിത്രത്തിലാദ്യമായി രാഷ്ട്രീയക്കാരുടെ ശബ്ദങ്ങൾ ആദ്യമായി അനുകരിച്ചത് സലീം കുമാറാണ്. കെ കരുണാകരൻ, ഇകെ നയനാർ, കെആർ ഗൗരിയമ്മ, എംവി രാഘവൻ, പിപി ജോർജ്, കെഎം മാണി, സാമ്പശിവൻ തുടങ്ങിയവരെയെല്ലാം സലിം അനുകരിച്ചിരുന്നു. ഇതിന് ശേഷമാണ് മറ്റുള്ള കലാകാരൻമാരും ഈ രീതി പിന്തുടരാൻ തുടങ്ങിയത്.
സിദ്ധിഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് സലിം കുമാർ സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. 2000-ൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാർട്ടിൻ ടീം സലിമിനെ വിളിക്കാൻ കാരണമായത്.
മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, കല്യാണരാമനിലെ പ്യാരി, മായാവിയിലെ ആശാൻ, തിളക്കത്തിലെ ഓമനക്കുട്ടൻ എന്നിവ അതിൽ ചിലതുമാത്രം. 2004-ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലത്തിലായിരുന്നു സലിംകുമാറിലെ നടന്റെ മറ്റൊരുമുഖം പ്രേക്ഷകർ കണ്ടത്. അതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു തമാശപോലും പറയാതെ നടൻ എന്ന രീതിയിൽ സലീം കുമാർ അതിൽ തിളങ്ങി.