”പെണ്ണിന്റെ പുറകെ നടന്ന് പ്രപ്പോസൽ, തേപ്പ് ഇതൊന്നും എനിക്ക് താൽപര്യമുള്ള മേഖലയല്ല”; മനസ് തുറന്ന് കാർത്തിക് ശങ്കർ| karthik sankar| Yutuber


കോവിഡിന്റെ തുടക്കകാലത്താണ് അമ്മയുടെയും മകന്റെയും കഥ പറയുന്ന വെബ് സീരീസിലുടെ കാർത്തിക് ജയശങ്കർ സാധാരണ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായത്. വർഷങ്ങളായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന കാർത്തിക് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിനൊപ്പം സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും
ഡയറക്ടറായുമെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സൗണ്ട് എൻജിനീയറായി കരിയർ ആരംഭിച്ച കാർത്തിക് അമ്മയുടെ പ്രോത്സാഹനത്തോടെയാണ് ഇഷ്ടപ്പെട്ട സിനിമാ മേഖല തിരഞ്ഞെടുത്തത്.

ലോക്ഡൗൺ സമയത്ത് സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടതോടെയാണ് കാർത്തിക് കണ്ടന്റ് ക്രിയേറ്റിങ്ങ് എന്ന മേഖലയിലേക്ക് തിരിഞ്ഞത്. അയാം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനൽ പരിപാടിയിലൂടെയാണ് കാർത്തിക് മനസ് തുറക്കുന്നത്. ആളുകളെ കരയിപ്പിക്കുന്ന സിനിമകൾ, ത്രില്ലർ തുടങ്ങി വളരെ സീരിയസ് ആയ പ്രമേയങ്ങളായിരുന്നു കാർത്തിക്കിന്റെ ഇഷ്ടമേഖല.

മാത്രമല്ല, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പെണ്ണിന്റെ പിറകെ നടക്കൽ, തേപ്പ് തുടങ്ങിയ കാര്യങ്ങളൊന്നും തനിക്ക് തീരെ ഇഷ്ടമല്ല എന്നാണ് താരം പറയുന്നത്. പക്ഷേ ഇപ്പോൾ പ്രേക്ഷകർ കൂടുതലുള്ളത് ഇത്തരം കണ്ടന്റുകൾക്ക് ആയതിനാലാണ് ഇത് തന്നെ തിരഞ്ഞെടുത്തത്. കാർത്തിക്കിന്റെ അച്ഛൻ ഒരു സ്റ്റുഡിയോ നടത്തുകയാണ്. കല്യാണ വർക്കുകൾ ആയിരുന്നു ഇവരുടെ പ്രധാന വരുമാനമാർ​ഗം.

ലോക്ഡൗൺ ആയപ്പോൾ കല്യാണങ്ങൾ ഇല്ലാതായി, ജോലിയും കുറഞ്ഞു. അങ്ങനെയാണ് കാർത്തിക് കണ്ടന്റ് ക്രിയേഷനിലേക്ക് ശ്രദ്ധ തിരിക്കുന്നത്. അതേസമയം താൻ ആദ്യം ചെയ്തിരുന്ന ഷോർട് ഫിലിമെല്ലാം വെച്ച് നോക്കുമ്പോൾ അതിന്റെ പകുതി പ്രയത്നം പോലും ഇതിന് വേണ്ടി എടുത്തിട്ടില്ല എന്നാണ് കാർത്തിക് പറയുന്നത്.

”എന്റെ ആദ്യത്തെ ഷോർട്ഫിലിമൊക്കെ വെച്ച് നോക്കുമ്പോൾ അതിന്റെ പകുതി എഫേർട്ട് പോലും ഞാൻ ഇതിന് വേണ്ടി എടുത്തിട്ടില്ല. കാരണം ചെറിയൊരു ക്യാമറയിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് അമ്മയോട് കുറച്ച് ഡയലോ​ഗുകൾ മാത്രം പറഞ്ഞാൽ മതിയായിരുന്നു. എന്റെ കാഴ്ചപ്പാടാണ് ഞാൻ പറയുന്നത്. ചിലപ്പോൾ ഇത്രയും കാലം കഷ്ടപ്പെട്ടത് കൊണ്ടാവാം ഇങ്ങനെയൊരു വിജയം കിട്ടിയത്.

അവിടെ നിന്നുമാണ് എന്റെ വീഡിയോസ് ഇതുവരെ കാണാത്ത ആളുകളിലേക്ക് വരെ എത്തിയത്. അത് പോകരുത് എന്നൊരു ആ​ഗ്രഹം എനിക്കുണ്ടായിരുന്നു. മറ്റ് കണ്ടന്റുകൾ ചെയ്യുന്നത് ആണ് എനിക്കിഷ്ടമെങ്കിലും ഇത്രയും ആളുകൾ നമ്മുടെ കണ്ടന്റ്സ് കാണുന്നു, അതുകൊണ്ട് തന്നെ അതെനിക്ക് നഷ്ടപ്പെടരുത് എന്നുണ്ടായിരുന്നു”- കാർത്തിക് ജയശങ്കർ വ്യക്തമാക്കി.