”യുവ നടൻമാരിൽ പലരും ഞങ്ങളുടെ ഫാൻസ് ആണ്, ഭാവിയിൽ സിനിമാ താരങ്ങളും കരിക്കിൽ എത്തും”; വിശേഷങ്ങൾ പങ്കുവെച്ച് നിഖിൽ പ്രസാദ്| Karikku| Nikhil Prasad


2018ൽ ആരംഭിച്ച കരിക്ക് യൂട്യൂബിലെ പോപ്പുലർ കണ്ടന്റ് ക്രിയേറ്റർമാരിൽ ഒന്നാണ്. കരിക്കിലെ തേരാ പേരാ എന്ന വെബ് സീരീസ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ചെറിയ ചെറിയ കണ്ടന്റുകൾ ചെയ്ത ഇവർ സംഭവം സീരിയസ് ആയി എടുത്ത് തുടങ്ങി. കരിക്കിന്റെ പല എപ്പിസോഡുകളിലും മലയാളത്തിലെ സെലിബ്രിറ്റികൾ ഭാ​ഗമായിട്ടുണ്ട്.

ഇപ്പോൾ തങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ചാനലിന്റെ സ്ഥാപകൻ നിഖിൽ പ്രസാദ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഒടിടിയിൽ കണ്ടന്റ് ഇറക്കുന്ന അത്ര എളുപ്പമല്ല യൂട്യൂബിൽ എന്നാണ് നിഖിൽ പറയുന്നത്. സെലിബ്രിറ്റികളുടെ പേര് ഉണ്ടെങ്കിലേ അവർ കൺവിൻസ് ആകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൊവിനോ തോമസ്, ബേസിൽ ജോസഫ്, രജിഷ വിജയൻ, സാനിയ ഇയ്യപ്പൻ തുടങ്ങിയ താരങ്ങളെല്ലാം നേരത്തെ കരിക്കിന്റെ ഭാ​ഗമായിട്ടുണ്ടായിരുന്നു. മാത്രമല്ല പല നടൻമാരും സംവിധായകൻമാരും തങ്ങളെ അഭിനന്ദനമറിയിച്ച് ബന്ധപ്പെടാറുണ്ട് എന്നും എല്ലാവരുടെയും പേരെടുത്ത് പറയുന്നില്ല എന്നേയുള്ളു എന്നും നിഖിൽ പ്രസാദ് പറയുന്നു.

”ടൊവിനോ തോമസിനെ നമ്മളൊരു വീഡിയോയിൽ അസോസിയേറ്റ് ചെയ്തിരുന്നു. പ്രമോഷൻ പർപ്പസിന് വേണ്ടി ചെയ്തതായിരുന്നു അത്. ടൊവിനോയെ കൊണ്ട് വരണം എന്ന് പ്ലാൻ ചെയ്ത് സംഭവിച്ചതല്ല അത്. അവരുടെ മൂവി പ്രമോഷന്റെ കൂടെ ഭാ​ഗമായിരുന്നു അത്. ഒരു നടനെ കൊണ്ടു വന്ന് പ്രോ​ഗ്രാമിന് പ്രശസ്തിയുണ്ടാക്കാൻ ശ്രമിക്കുന്നില്ല, നമ്മുടെ കണ്ടന്റ് ആണ് കിങ് ആയിട്ട് ഇരിക്കേണ്ടത്.

ഒരു സെലിബ്രിറ്റിയെ കൊണ്ട് കണ്ടന്റിന് പോപ്പുലർ ആക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല. എന്നാൽ ഭാവിയിൽ നമ്മുടെ ടാലന്റ് വെച്ച് മാത്രം വിജയിക്കുമെന്ന് പറയാൻ കഴിയില്ല. കൂടുതൽ സെലിബ്രിറ്റികളെ വെച്ച് കണ്ടന്റ് ചെയ്യാൻ ആ​ഗ്രഹമുണ്ട്. എല്ലാവരെയുമായിട്ടും അത്യാവശ്യം നല്ല ബന്ധമുണ്ട്. എല്ലാവരും കരിക്കിന്റെ കണ്ടന്റ് കാണുന്ന ആൾക്കാരാണ്. അതുകൊണ്ട് ഇവരുമായെല്ലാം കോൺവർസേഷൻ ഉണ്ട്.

അവരുമായിട്ട് പ്രോജക്റ്റ്സ് ചെയ്യണമെന്നാണ് നമ്മളുടെ ആ​ഗ്രഹം. അവരെ ഇതിൽ അസോസിയേറ്റ് ചെയ്യിപ്പിക്കാം, നമ്മുടെ ടാലന്റിനെയും അതിനകത്ത് അസോസിയേറ്റ് ചെയ്യിപ്പിക്കാം. എന്തായാലും ഇത് സമയമെടുത്ത് പ്രാബല്യത്തിൽ വരുത്താവുന്ന പരിപാടിയാണ്. മാത്രമല്ല, ഓരോ വീഡിയോ റിലീസ് ചെയ്യുമ്പോഴും ഒരുപാട് സെലിബ്രിറ്റികൾ മെസേജ് വഴിയും കോൾ വഴിയും നമ്മളെ കോണ്ടാക്റ്റ് ചെയ്യാറുണ്ട്”- നിഖിൽ പറയുന്നു.