“ഇന്നസെന്റിന്റെയും ശ്രീനിവാസന്റെയും കോമഡികൾ തമ്മിൽ വളരേ വ്യത്യാസമുണ്ടായിരുന്നു, ശ്രീനിവാസൻ മറ്റുള്ളവരെ വേദനിപ്പിച്ചാണ് തമാശയുണ്ടാക്കുന്നത്”; മോഹൻലാൽ വിഷയത്തിൽ പ്രതികരണവുമായി നടൻ| Kannan Pattambi| Sreenivasan


മോഹൻലാലിനെതിരെ നടൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ സിനിമാ ലോകത്താകെ ചർച്ചയാവുകയാണ്. ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി. ബി ബട്ടർഫ്ലൈ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് തുറന്ന് പറഞ്ഞത്.

ഇന്നസെന്റിന്റെയും ശ്രീനിവാസന്റെയും കോമഡികൾ തമ്മിൽ വളരെ വ്യത്യാസമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മറ്റുള്ളവരെ പൊളിച്ചടുക്കി അതിൽ ചിരി കാണുന്ന രീതിയാണ് ശ്രീനിവാസൻ സ്വീകരിച്ചിരുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് രാജീവ് നാഥിന്റെയും മറ്റും പേരുകൾ പറഞ്ഞ് സ്വന്തം കൂട്ടുകാരനെ മോശമാക്കി ചിത്രീകരിച്ചത് എന്നും അദ്ദേഹം പറയുന്നു.

“ഇന്നസെന്റേട്ടന്റെയും ശ്രീനിവാസന്റെയും കോമഡികൾ തമ്മിൽ വളരെ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ശ്രീനിയേട്ടന്റെ കോമഡി പലതും ഞാൻ കേട്ടിട്ടുള്ളത് മറ്റുള്ളവരെ വേദനിപ്പിച്ചാണ് തമാശയുണ്ടാക്കുന്ന രീതിയായിരുന്നു. മറ്റുള്ളവരെ പൊളിച്ചടുക്കി അതിൽ ചിരി കാണുന്ന ഒരു രീതിയായിരുന്നു.

അതിന്റെ ഉദാഹരണം തന്നെയാണ് ഇപ്പോൾ രാജീവ് നാഥിന്റെ പേരും മറ്റുള്ളവരുടെ പേരൊക്കെ പറഞ്ഞ് സ്വന്തം കൂട്ടുകാരനെ ഇങ്ങനെ പറഞ്ഞത്. നമ്മുടെയൊക്കെ അറിവിൽ ഇവരുടെ കൂട്ടുകെട്ട് വമ്പൻ വിജയം ആയിരുന്നു. ലാലേട്ടൻ ഇദ്ദേഹത്തിന് ഒരു ഉമ്മ കൊടുത്തു എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ലാലേട്ടൻ അത് ആത്മാർത്ഥമായി കൊടുത്തത് തന്നെ ആയിരിക്കാം”- കണ്ണൻ പട്ടാമ്പി വ്യക്തമാക്കി.

ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശ്രീനിവാസൻ മോഹൻലാലിനെതിരെ വിവാദപരമായ പരാമർശം നടത്തിയത്. മോഹൻലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിൻറെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നുമായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. മരിക്കും മുമ്പ് എല്ലാം തുറന്ന് എഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞു.

ഡോ. സരോജ് കുമാർ എന്ന സിനിമ സംവിധായകൻ രാജീവ് നാഥിൽ നിന്നുമുള്ള അനുഭവത്തിൽ എഴുതിയതാണെന്നും ശ്രീനിവാസൻ പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ മോഹൻലാൽ ശ്രീനിവാസനെ ചുംബിക്കുന്നതായ സംഭവം ഓർത്തെടുത്ത ശ്രീനിവാസൻ മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്നും അതേ അഭിമുഖത്തിൽ പരിഹസിച്ചു. ഡോ സരോജ് കുമാർ എന്ന സിനിമ ഒരു തരത്തിൽ മോഹൻലാലിൻറെ സ്പൂഫ് ആയിരുന്നില്ലേയെന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ല എന്നായിരുന്നു മറുപടി.