”പൃഥ്വിരാജൊക്കെ കഴിക്കുന്ന സാധനങ്ങളാണ് മല്ലികാമ്മ എനിക്ക് തന്നത്, അത് കഴിച്ച് പൃഥ്വിയെപ്പോലെയാകുമെന്ന് കരുതി, സംഭവിച്ചത് മറ്റൊന്ന്”; കലാഭവൻ ഷാജോൺ| Kalabhavan Shajon| Mallika Sukumaran| Anu sithara


കഴിഞ്ഞ മാസമാണ് അനു സിത്താരയും കലാഭവൻ ഷാജോണും പ്രധാന വേഷത്തിലെത്തിയ സന്തോഷം എന്ന സിനിമ റിലീസ് ആയത്. ചിത്രത്തിൽ മുതിർന്ന നടി മല്ലിക സുകുമാരനും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. സിനിമാ സെറ്റിൽ മല്ലികയുമായി ബന്ധപ്പെട്ട ചില രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഷാജോണും അനുശ്രീയും. ബിഹൈൻഡ് വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്.

മല്ലികാ സുകുമാരൻ കൈ നിറയെ ആഹാരസാധനങ്ങളായാണ് ഷൂട്ടിങ് സെറ്റിൽ വരുന്നത് എന്നാണ് അനുവും ഷാജോണും പറയുന്നത്. എപ്പോഴും ആൽഫൻലീബേ കഴിക്കുന്ന ശീലക്കാരിയായ മല്ലിക അത് കഴിക്കുന്ന സമയത്ത് എല്ലാവരോടും വേണോ എന്ന് ചോദിച്ചിട്ടേ കഴിക്കു. നട്സും ഡേറ്റ്സുമെല്ലാം കൊണ്ട് വന്ന് എല്ലാവർക്കും കൊടുക്കുമായിരുന്നു എന്നാണ് അനു പറയുന്നത്.

”ഡേറ്റ്സ് എന്ന് പറഞ്ഞാൽ സാധാരണ ഡേറ്റ്സ് ഒന്നുമല്ല, പൃഥ്വിരാജൊക്കെ കഴിക്കുന്ന ഡേറ്റ്സ് ആണ്. അത്രയും ​ഗുണമേൻമയുള്ള സാധനങ്ങളാണ്. ബണ്ടിൽ കണക്കാണ് നമുക്ക് കൊണ്ട് തരുന്നത്. അത് കഴിഞ്ഞ് എനിക്കൊക്കെ വീട്ടിലേക്ക് കൊണ്ടു പോകാനും തന്നിട്ടുണ്ട്. പേരക്കയും മറ്റും അങ്ങനെ എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വന്ന് തരുമായിരുന്നു.

ഞാൻ വിചാരിച്ചു അതൊക്കെ കുറെ കഴിച്ചാൽ പൃഥ്വിരാജിനെപ്പോലെ ആകും എന്ന്. പക്ഷേ അങ്ങനെയൊന്നും ആയില്ല”- ഷാജോൺ പറഞ്ഞു. പക്ഷേ അതെല്ലാം കഴിച്ചത് കൊണ്ടാണ് സന്തോഷം സിനിമയിൽ ഷാജോൺ വളരെ ചെറുപ്പമായി ഇരിക്കുന്നത് എന്ന് പറഞ്ഞ് അനു സിത്താര ഷാജോണിനെ കളിയാക്കുന്നുമുണ്ട്. അജിത് തോമസ് സംവിധാനം ചെയ്ത സന്തോഷത്തിൽ അമിത് ചക്കാലക്കലും ആശ അരവിന്ദുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

തന്റെ ജീവിതം സന്തോഷപൂർണമാക്കാൻ അക്ഷര എന്ന കൊച്ചു മിടുക്കി നടത്തുന്ന ശ്രമങ്ങളാണ് സന്തോഷം എന്ന സിനിമയുടെ കാതൽ. മനോഹരമായ ഗാനങ്ങൾകൊണ്ട് സമ്പന്നമാണ് ഈ ചിത്രം. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയ്ഹരിയാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ മനോഹരമായ വിഷ്വലുകൾ പകർത്തിയിരിക്കുന്നത് കാർത്തിക് ആണ്. മീസ്-എൻ-സീൻ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി. തോമസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.