”എടാ നിന്നെയൊക്കെ ഞാൻ എന്തോരം സ്‌നേഹിക്കുന്നുണ്ട് എന്നറിയാമോ, അപ്പോൾ നീയൊക്കെ എന്നോട് ഇങ്ങനെയാണോടാ”; സുബിക്കൊപ്പം മുറിയിലേക്ക് ചെന്നപ്പോൾ ഇതുപറ‍ഞ്ഞ് മണിച്ചേട്ടൻ കരയുകയായിരുന്നു| kalabhavan shajon| kalabhavan mani| subi suresh


കഴിഞ്ഞ ദിവസമായിരുന്നു കലാഭവൻ മണിയുടെ ഓർമ്മദിവസം. നടൻ ഓർമ്മയായിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ മനസിൽ മങ്ങാത്ത ഓർമ്മയായി അദ്ദേഹമുണ്ട്, അദ്ദേഹത്തിന്റെ ഈണങ്ങളും ചിരിച്ച മുഖവുമുണ്ട്. വളരെ അടുപ്പമുള്ള ഒരു അയൽക്കാരനോട് തോന്നുന്ന സ്നേഹമായിരുന്നു പലർക്കും അദ്ദേഹത്തിനോട് തോന്നിയിരുന്നത്.

മറ്റെന്തിനുമുപരി സൗഹൃദത്തിന് വില കൊടുത്ത കലാഭവൻ മണിയെ ഇന്നും സുഹൃത്തുക്കൾ ഓർക്കുന്നു. നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഷാജോൺ മണിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. പേരിനൊപ്പം കലാഭവൻ എന്ന് വന്നത് തന്നെ ഭാ​ഗ്യമായി കരുതുന്നയാളാമ് ഷാജോൺ.

കലാഭവൻ എന്ന പ്രസ്ഥാനത്തിന്റെ മഹത്വം എന്നതിലുപരി, മണിച്ചേട്ടൻ എന്ന വ്യക്തിയുടെ, അത്രയും വലിയ കലാകാരനൊപ്പമുള്ള ഒരു ലേബൽ, അത് നമ്മുടെ പേരിനൊപ്പവും ചേർത്തുവെക്കാൻ പറ്റിയെന്നതിൽ ഒരുപാട് അഭിമാനം… മണിച്ചേട്ടനെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് നല്ല നിമിഷങ്ങൾ, സന്തോഷങ്ങൾ മനസ്സിലുണ്ട്. എങ്കിലും ഇന്നും മറക്കാനാവാതെ ഉള്ളിൽ നനവാർന്നൊരോർമ കിടപ്പുണ്ടെന്നും ഷാജോൺ പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

”വർഷങ്ങൾക്കുമുമ്പാണ്, ഒരിക്കൽ അമേരിക്കൻ ട്രിപ്പിൽ വെച്ച് ഒരു പ്രത്യേകസാഹചര്യത്തിൽ എനിക്ക് മണിച്ചേട്ടനോട് ഇച്ചിരി ദേഷ്യത്തിൽ സംസാരിക്കേണ്ടി വന്നു. മറ്റൊന്നുമല്ല, സ്‌നേഹമുള്ളവരെ അദ്ദേഹം അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യും. അങ്ങനെയൊരു സാഹചര്യത്തിൽ അറിയാതെ അദ്ദേഹത്തിന്റെ കൈയിൽ കിടന്ന വള, അതെന്റെ മൂക്കിലൊന്നു തട്ടി. ആ സ്വർണവളയുടെ ഭാരവും അതിന്റെ വലുപ്പവുമൊക്കെ നമുക്കറിയാമല്ലോ. പെട്ടെന്ന് വന്നൊരു ദേഷ്യത്തിൽ ഞാനെന്തോ മണിച്ചേട്ടനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും അവിടെ എന്ത് നടക്കുമെന്ന് നമുക്ക് ഉദ്ദേശിക്കാവുന്നതേയുള്ളൂ.

അന്ന് ഞങ്ങൾക്കൊപ്പം ദിലീപേട്ടൻ, സലിംകുമാർ ചേട്ടൻ എല്ലാവരുമുണ്ടായിരുന്നു. ഇവരെല്ലാവരും ഇതു കണ്ടിട്ട് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടന്നങ്ങ് മാറിപ്പോയി. മണിച്ചേട്ടൻ തിരിച്ചൊന്നും പ്രതികരിക്കാതെ എന്റെ കണ്ണിലേയ്ക്ക് രണ്ടുസെക്കന്റ് നോക്കിയിട്ട് നടന്നുപോയി. അതുകഴിഞ്ഞ് രണ്ടുമൂന്ന് ദിവസത്തിന് ശേഷം മറ്റെന്തോ കാര്യം പറഞ്ഞ് ധർമജന്റെ കൈപിടിച്ച് തിരിച്ചു അദ്ദേഹം. സ്‌നേഹം കൊണ്ട് ചെയ്യുന്നതാണ്‌ട്ടോ. എന്നാലും ആ സമയത്ത് ധർമജനും മണി ചേട്ടനോട് ദേഷ്യപ്പെട്ടു. ‘എന്നാൽ പിന്നെ എന്നെയങ്ങട് കൊല്ല്, എന്റെ കുടുംബം മണിച്ചേട്ടൻ നോക്ക്’ എന്നൊക്കെ പറഞ്ഞു. അന്നും ഇതുപോ ഒന്നും മിണ്ടാതെ മണിച്ചേട്ടൻ പോയി.

സാധാരണ ഞങ്ങൾക്കൊപ്പം തന്നെ ചിരിച്ചുകളിച്ച് നടക്കുന്ന മണിച്ചേട്ടനാണ്. മണിച്ചേട്ടന്റെ നെഞ്ചിൽ തലവെച്ചാണ് ഞാനും ധർമജനും കിടക്കാറുണ്ടായിരുന്നതും. എന്നാൽ ധർമജനുമായിട്ട് ദേഷ്യപ്പെട്ട അന്ന് അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി. കുറച്ചുകഴിഞ്ഞാൽ വരുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. പക്ഷേ അന്നേറെ വൈകിയിട്ടും അദ്ദേഹത്തെ കണ്ടില്ല. അപ്പോൾ ഞങ്ങളുടെ കൂടെയുള്ള ആർട്ടിസ്റ്റ് സുബി ചോദിച്ചു, ‘മണിച്ചേട്ടനും നിങ്ങളും തമ്മിൽ എന്താ പ്രശ്‌നമെന്ന്?’ മണിച്ചേട്ടൻ മുറിയിലിരുന്ന് കരയുകയാണെന്ന് പറഞ്ഞു.

ഞങ്ങൾ അവളെയും കൂട്ടി മണിച്ചേട്ടന്റെ മുറിയിലേക്ക് ചെന്നു. ഞങ്ങൾ നോക്കുമ്പോൾ കൊച്ചു കുട്ടികളെപ്പോലെ മണിച്ചേട്ടൻ പൊട്ടിക്കരയുന്നു. ഞാനും ധർമജനും കാര്യം ചോദിച്ചപ്പോൾ പെട്ടെന്ന് അദ്ദേഹം സങ്കടത്തോടെ ഞങ്ങളെ നോക്കി. ‘എടാ നിന്നെയൊക്കെ ഞാൻ എന്തോരം സ്‌നേഹിക്കുന്നുണ്ട് എന്നറിയാമോ, അപ്പോൾ നീയൊക്കെ എന്നോട് ഇങ്ങനെയാണോടാ പറയുക” അതുകേട്ടതും ഞങ്ങൾക്കും സങ്കടം വന്നു.

ഞങ്ങൾ മണിച്ചേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആ കരച്ചിലിനുശേഷം ഞങ്ങൾക്കൊപ്പം മുറിയിലേക്ക് വന്നു. അന്നെനിക്ക് മനസ്സിലായി, ഈ പുറമേ കാണിക്കുന്ന ദേഷ്യമോ പരുക്കൻസ്വഭാവമോ ഒന്നുമല്ല, ഒരു കൊച്ചുകുട്ടിയുടെ മനസ്സാണ് അദ്ദേഹത്തിന്റേത്. പിന്നീടൊരിക്കൽ പോലും മണിച്ചേട്ടനെ വേദനിപ്പിക്കുന്നതരത്തിലുള്ള ഒരു സംസാരമോ പെരുമാറ്റമോ എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അദ്ദേഹത്തെ വിഷമിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു”- ഷാജോൺ വ്യക്തമാക്കി.