” എന്റെ ഭാര്യയാണ് മഞ്ജുവിനെ ആ പടത്തിലേക്ക് ശുപാര്‍ശ ചെയ്തത്” സല്ലാപത്തിലെ നായികയായി മഞ്ജുവാര്യര്‍ എത്താനുണ്ടായ സാഹചര്യം വിശദീകരിച്ച് കൈതപ്രം ദാമോദരൻ | Manju Warrier | Sallapam


ലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ നായികയായെത്തിയ ആദ്യ ചിത്രമാണ് സല്ലാപം. ആദ്യ ചിത്രത്തില്‍ തന്നെ അമ്പരിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ മനംകവരാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. പിന്നീട്, ഈ പുഴയും കടന്ന്, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ മഞ്ജുവിന്റെ നടനവൈഭവം കൊണ്ട് ശ്രദ്ധനേടിയ ചിത്രങ്ങള്‍ നിരവദിയാണ്.

വിവാഹശേഷം പതിമൂന്ന് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും പിന്നീടുള്ള തിരിച്ചുവരവില്‍ മഞ്ജുവിന് ലഭിച്ച സ്വീകരണം അവര്‍ മലയാളി മനസുകളില്‍ നിന്നും ഒരിക്കലും മാഞ്ഞുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു. അഭിനയത്തോടൊപ്പം നൃത്തത്തെയും ഏറെ സ്‌നേഹിക്കുന്ന മഞ്ജു ഈ രംഗത്തും സജീവമാണ്.

സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്നും നൃത്തവേദികളിലൂടെയുമൊക്കെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് വന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മഞ്ജു ആദ്യമായി സിനിമയില്‍ നായികയായെത്തിയത് എങ്ങനെയായിരിക്കും? ആ കഥ പറയുകയാണ് ഗാന രചയിതാവായ കൈതപ്രം ദാമോദരൻ.

മഞ്ജുവിന്റെ ആദ്യ ചിത്രമായ സല്ലാപം ഹിറ്റായതുപോലെ തന്നെ അതിലെ പാട്ടുകളും ഹിറ്റായിരുന്നു. ”ചന്ദനച്ചോലയില്‍..” ” പൊന്നില്‍ കുളിച്ചുവന്ന ചന്ദ്രികാവസന്തം” , ” പഞ്ചവര്‍ണ്ണ പൈങ്കിളിപ്പെണ്ണേ..” തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ആളുകള്‍ ഇഷ്ടഗാനങ്ങളുടെ കൂട്ടത്തില്‍ കൊണ്ടുനടക്കുന്നവയാണ്. ഈ വരികള്‍ രചിച്ചത് കൈതപ്രമായിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ ഓര്‍ക്കവെയാണ് മഞ്ജു സിനിമയിലേക്ക് വരാനിടയായ സാഹചര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

‘എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. ഭാര്യ പയ്യന്നൂരില്‍ മഞ്ജുവിനെ ഡാന്‍സ് പഠിപ്പിച്ച മാഷുടെ നമ്പര്‍ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്.

അവര്‍ക്ക് ഭയങ്കര അഭിപ്രായം ആയിരുന്നു മഞ്ജുവിനെ പറ്റി. ഇപ്പോഴും അതെ. എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ. അവരെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. കണ്ണൂരില്‍ ഏതോ ഒരു പരിപാടിക്ക് പോയപ്പോള്‍ മധു സാറും ഞാനും കൂടിയുള്ള വേദിയില്‍ മഞ്ജു വന്നിരുന്നു. പരിചയപ്പെടുകയും ചെയ്തു.” അദ്ദേഹം പറയുന്നു.