നിഷ്കളങ്കനും ദുഖാർത്ഥനുമായ കൊലയാളി, ഒടുവിൽ ഫിംഗർ പ്രിന്റ് കുടുക്കി; 2018ൽ ജോസഫ് തെളിയിച്ചത് പഴയിടം കൊലപാതകം| Joseph Movie | Joju George
എം പത്മകുമാർ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ജോസഫ് മികച്ച ബോക്സ് ഓഫിസ് കളക്ളൻ നേടിയ സിനിമയായിരുന്നു. നടൻ ജോജു ജോർജിന് കരിയർ ബ്രേക്ക് നൽകിയ ഈ ചിത്രത്തിൽ ജോജുവിന്റെ എൻട്രി ഒരു കൊലപാതകം തെളിയിക്കുന്ന സീനായിരുന്നു. പിന്നീടങ്ങോട്ട് ഇതേക്കുറിച്ച് പ്രാധാന്യമുണ്ടായിരുന്നില്ലെങ്കിലും പ്രശസ്തമായ പഴയിടം കൊലപാതകമായിരുന്നു സിനിമയിൽ ചിത്രീകരിച്ചത്.
2013ൽ നടന്ന ഈ സംഭവം സംവിധായകൻ തന്റെ സിനിമയിലേക്ക് പകർത്തുകയായിരുന്നു. സർവ്വീസിൽ നിന്നും വിരമിച്ച സാധാരണ പൊലീസുകാരനായ ജോസഫ് പഴയിടം കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കേസ് തെളിയിക്കുന്നതായാണ് സിനിമയിൽ കാണിക്കുന്നത്. എന്നാൽ യത്ഥാർത്ഥത്തിൽ സംഭവം നടന്ന് നാളുകൾ കഴിഞ്ഞാണ് കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുവായ അരുൺ ശശിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പുതിയ കാർ വാങ്ങാൻ വേണ്ടിയായിരുന്നു അരുൺ ശശി തന്റെ ബന്ധുക്കളെ ചുറ്റിക കൊണ്ട് തലക്കടിച്ച് വകവരുത്തിയത്. പൊതുവെ നാട്ടിൽ നല്ല പേരുണ്ടായിരുന്ന ഇയാൾ ഏറെ ദുഖത്തോടെയായിരുന്നു മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തത്. മാധ്യമങ്ങൾക്ക് നൽകായി കൊല്ലപ്പെട്ട ദമ്പതികളുടെ ഫോട്ടോ ഒപ്പിച്ച് നൽകിയത് വരെ അരുൺ ആയിരുന്നു. ആർക്കും സംശയത്തിന് ഇട കൊടുക്കാത്ത വിധത്തിലായിരുന്നു പ്രതിയുടെ പെരുമാറ്റം.
വിരലടയാള വിദഗ്ധരായിരുന്നു അരുണിനെ കുടുക്കിയത്. കൊലപാതകം നടന്ന മുറിയിൽ നിന്ന് എന്തോ പൊതിഞ്ഞ് കൊണ്ട് വന്ന രീതിയിൽ കണ്ടെത്തിയ ഒക്ടോബർ മാസത്തിലെ കലണ്ടർ പേജ് വഴിത്തിരിവായി. ജോസഫ് സിനിമയിലും ഇതേ കലണ്ടർ പേജാണ് പ്രതിയിലേക്ക് എത്തിച്ചത്. പ്രതിയുടെ വീട്ടിൽ നിന്നും ജോജുവിന് പാതി കീറിയ കലണ്ടർ പേജിന്റെ അവശേഷിപ്പുകൾ കണ്ടെത്താനായി.
ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എന്ന് പറഞ്ഞ പോലെ കഥയിൽ വലിയ പ്രാധാന്യമില്ലാത്ത ഈ കൊലക്കേസ് തിയേറ്ററിലെത്തിയ പ്രേക്ഷകർക്ക് സിനിമ തുടർന്ന് കാണാനുള്ള ഇന്ധനമായി മാറി. 2018 ലെ മികച്ച മലയാള ചലച്ചിത്രമാണിതെന്ന് പല വിമർശകരും പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തിന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജോജു മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നേടുകയും ചെയ്തു.
കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ കാതൽ. പൊലീസിന്റെ അന്വേഷണ രീതികളും പോലീസ് ഭാഷയും കൃത്യമായി പിന്തുടരുന്ന ഈ തിരക്കഥ ഒരുക്കിയിരിക്കുന്നത് പോലീസ് ഉദ്യാഗസ്ഥനായ ഷാഫി കബീറാണ്. അനാവശ്യമെന്ന് തോന്നുന്ന ഒരു രംഗം പോലും ജോസഫിൽ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. ദിലീഷ് പോത്തൻ, ഇർഷാദ് അലി, അത്മിയ, ജോണി ആന്റണി, സുധി കോപ്പ, മാളവിക മേനോൻ, മാധുരി ബ്രഗൻസ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.