അന്ന് മാലാഖമാരെപ്പോലെ ചിലര്‍ വന്നാണ് രക്ഷപ്പെടുത്തിയത്” എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയ നിമിഷത്തില്‍ തനിക്ക് ജീവിതത്തില്‍ ഏറെ പ്രതീക്ഷയായി മാറിയ ആ ഞായറാഴ്ചയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ജോജു ജോര്‍ജ്


ടന്‍ ജോജു ജോര്‍ജിന്റെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരുന്നു ജോസഫ്. എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായക കഥാപാത്രത്തിലൂടെ ജോജു അഭിനയരംഗത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും ജോജു തന്നെയായിരുന്നു.

ജോസഫ് ഇറങ്ങിയ ആദ്യ രണ്ട് ദിവസത്തെ പ്രകടനം ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നെന്നും എന്നാല്‍ പിന്നീട് തിയേറ്ററിലേക്ക് വന്ന പ്രേക്ഷകരാണ് രക്ഷകരായതെന്നുമുള്ള ഓര്‍മ്മകള്‍ ജോജു പങ്കുവെക്കുകയാണ്. ജോജു നായകനായ ഇരട്ട എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍വെച്ചായിരുന്നു ജോജു പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

ജോസഫ് എന്ന ചിത്രം ആദ്യ ദിവസത്തെ പ്രദര്‍ശനത്തോടെ പൊളിഞ്ഞുവെന്ന് കരുതിയിരിക്കുമ്പോഴാണ് മാലാഖമാരെ പോലെ കുറേപേര്‍ ഞായറാഴ്ച ചിത്രം കാണാനായി എത്തിയതെന്നും അവരാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പുറത്തെത്തിച്ചതെന്നുമാണ് ജോജു പറഞ്ഞത്.

”ജോസഫ് എന്ന സിനിമ ഇറങ്ങിയ സമയത്ത് ആദ്യ ദിവസം പെരുമഴയായിരുന്നു. വെറും ഒന്നേകാല്‍ ലക്ഷം രൂപയോ മറ്റോ ആണ് അന്ന് കളക്ഷന്‍ കിട്ടിയത്. തീരുമാനമായി എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സെക്കന്റ് ഡേ അടിപൊളിയൊരു ഹര്‍ത്താല്‍ വരുന്നത്. അതോടെ പൂര്‍ത്തിയായി. അതും കഴിഞ്ഞ് അന്ന് വൈകുന്നേരം ഏകദേശം അതുപോലെ തന്നെ പോയി. ഇരട്ടയുടെ ടീം തന്നെയാണ് അന്നും ഉള്ളത്. അവരുമായിട്ട് എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഞാന്‍ ചര്‍ച്ച ചെയ്തു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഞായറാഴ്ച മാലാഖമാരെ പോലെ കുറേ പേര്‍ സിനിമ കാണാന്‍ കേറിയത്. അവരാണ് പരസ്പരം പറഞ്ഞ് ആ ഒരു ലക്ഷത്തില്‍ നിന്ന് ആ ആഴ്ച 35ലക്ഷത്തിലേക്ക് രൂപ ലഭിക്കുന്നതിലേക്ക് എത്തിക്കുന്നത്.

എന്റെ സിനിമ കണ്ടിട്ട് ഇഷ്ടപ്പെടാത്ത ഒരുപാട് പേരുണ്ടാകും പക്ഷെ ഇഷ്ടപ്പെട്ട കുറച്ച് പേരുണ്ട്. അവര്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍, അവര്‍ സിനിമ കാണാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് ഇരട്ടയും ഇഷ്ടപ്പെടും. പണ്ട് കിട്ടിയ കയ്യടിയുടെ ബലത്തിലാണ് ഇരട്ട പോലെ ഒരു സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിക്കാനുള്ള കാരണം,” ജോജു ജോര്‍ജ് പറഞ്ഞു.

നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇരട്ട. ജോജു ജോര്‍ജ്ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇരട്ട. തികച്ചും വ്യത്യസ്തരായ രണ്ടു ഇരട്ട സഹോദരന്മാരാണ് ജോജുവിന്റെ കഥാപാത്രങ്ങള്‍. ഇരുവര്‍ക്കും ഇടയിലുള്ള പകയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്.

തെന്നിന്ത്യന്‍ താരം അഞ്ജലി നായികയായി എത്തുന്ന ചിത്രത്തില്‍ ശ്രിന്ദ, ശ്രീകാന്ത്, ശരത് സഭ, കിച്ചു ടെല്ലസ്, ആര്യ സലിം, സാബുമോന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.