”ഒരാൾ ഒരു പെട്ടിയുമായി ഒറ്റയ്ക്ക് റൂമിലേക്ക് വരുന്ന ഒരു സീനും ഇതിലില്ല, കൊറോണയുമായി ബന്ധപ്പെട്ട അവസാന സിനിമയും ഇത്”; പുതിയ ചിത്രത്തെക്കുറിച്ച് ജീൻ പോൾ ലാൽ| Jean Paul Lal | Shine Tom Chakko
പ്രിയദർശൻ സംവിധാനം ചെയ്ത് റിലീസിനായി കാത്ത് നിൽക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റിന് ശേഷം പ്രിയന്റെ സംവിധാനത്തിൽ ഇറങ്ങുന്ന സിനിമയാണിത്. പൊതുവെ മോഹൻലാൽ- പ്രിയൻ കൂട്ടുകെട്ടിലുള്ള പടങ്ങൾ കണ്ടാണ് പ്രേക്ഷകർക്ക് പരിചയം. അതിൽ നിന്ന് വിപരീതമായി അദ്ദേഹം യുവനടൻമാരെ വെച്ച് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുമാകാം ഇത്.
അതേസമയം ഈ സിനിമയുടെ പേര് കൊറോ പേപ്പേഴ്സ് എന്നാണെങ്കിലും ഇതിന് കൊറോണയുമായി യാതൊരു ബന്ധവുമില്ലെന്നാണ് നടൻമാരായ ഷൈൻ ടോം ചാക്കോയും നടനും സംവിധായകൻ ലാലിന്റെ മകനുമായ ജീൻ പോളും പറയുന്നു. കൊറോണയുമായി ബന്ധപ്പെട്ട് റിലീസ് ചെയ്യുന്ന അവസാന ചിത്രവും ഇത് തന്നെയാകുമെന്നാണ് അദ്ദേഹം ഡീൻ പറയുന്നത്. കൊറോണ പേപ്പേഴ്സിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന്റെ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരങ്ങൾ.
”കൊറോണ ഡിസീസിനെക്കുറിച്ചോ അതിന്റെ പ്രശ്നങ്ങളെക്കുറിച്ചോ ഇതിൽ സംസാരിക്കുന്നില്ല. ആ കാലഘട്ടത്തിന് ശേഷമുണ്ടായ ഒരു കഥ ആണിതെന്നാണ് ഷൈൻ പറയുന്നത്. ഇനി ഒരു പടം കൂടി കൊറോണയെക്കുറിച്ച് എടുക്കാൻ പറ്റുമോ എന്നെനിക്ക് അറിയില്ല. എനിക്ക് തോന്നുന്നത് കഴിഞ്ഞ് പോയ കൊറോണ കാലഘട്ടത്തിലെ അവസാന പടം ഇതായിരിക്കും എന്നാണ്.
ആ രോഗം പടർത്തിയ ഭീതിയെ കുറിച്ചോ, അത് ആൾക്കാർക്കിടയിൽ ഉണ്ടാക്കിയ ടെൻഷനെപ്പറ്റിയോ ഒന്നും നമ്മൾ സംസാരിക്കുന്നില്ല. കൊറോണയുടെ ബാക്കി സിനിമകളിൽ നിന്നും ഈ സിനിമയെ വ്യത്യസ്തപ്പെടുത്ത കാര്യം ഇതാണ്. ഒരാൾ ഒരു പെട്ടിയുമായി ഒറ്റക്ക് ഒരു മുറിയിലേക്ക് വരുന്ന പരിപാടി ഈ പടത്തിലില്ല. എല്ലാ കൊറോണ സിനിമയും അങ്ങനെയല്ലേ?”- ജീൻ പോൾ ലാൽ ചോദിക്കുന്നു.
ലാലിന്റെ സഹസംവിധായകനായിട്ടായിരുന്നു ജീനിന്റെ തുടക്കം. ന്യൂ യോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് ബിരുദാനന്തര ബിരുദം എടുത്ത് തിരിച്ചെത്തിയ ശേഷം 2013ലാണ് ജീൻ പോൾ ലാൽ ഹണി ബീ സംവിധാനം ചെയ്യുന്നത്. 2019ൽ പൃഥ്വിരാജ് സുകുമാരൻ,സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം സംവിധാനം ചെയ്തു. രണ്ടും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ചിത്രമായിരുന്നു.
ചില ചിത്രങ്ങളിലെല്ലാം ചെറിയ വേഷങ്ങളിൽ ജീൻ അഭിനയിച്ചിട്ടുണ്ടെങ്കിലും അധികം സീനുകളുള്ള തന്റെ രണ്ടാമത്തെ ചിത്രമാണ് കൊറോണ പേപ്പേഴ്സ് എന്നാണ് അദ്ദേഹം പറയുന്നത്. നടൻ ഷെയ്ൻ നിഗമാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് താരം ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായെത്തുന്ന സിനിമ എന്ന പ്രത്യേകതയും ‘കൊറോണ പേപ്പേഴ്സി’നുണ്ട്.
സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.