”അന്ധകാരനാഴി തന്നെ വേണോ സത്യാ? കൂരിരുട്ട് പോരെ, ഈ ഒരൊറ്റ ഡയലോഗിന് 25ൽ അധികം ടേക്ക് പോയി”; ചിത്രീകരണത്തിനിടെയുണ്ടായ കുഴപ്പിക്കുന്ന സംഭവങ്ങൾ വിവരിച്ച് ജയറാം| Sheela| Jayaram | Sathyan Anthikkad
വർഷങ്ങളുടെ ഇടവേളയെടുത്ത് നടി ഷീല മലയാള സിനിമയിലേക്ക് തിരിച്ച് വന്നത് രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ്. ഷീലയുടെ തിരിച്ച് വരവ് എന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാന മികവുകൊണ്ടും ഉറപ്പുള്ള തിരക്കഥ കൊണ്ടുമെല്ലാം സമൃദ്ധമായിരുന്നു. 1982ൽ ഇറങ്ങിയ ആശ എന്ന ചിത്രത്തിന് ശേഷം 21 വർഷത്തിന് ശേഷമായിരുന്നു ഷീല തിരിച്ച് വന്നത്.
നൂറ് ദിവസത്തിലേറെ തിയേറ്ററുകളിലോടിയ ഈ ചിത്രത്തിൽ ജയറാമും ഷീലയുമായിരുന്നു മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിനിടെ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു രംഗം ചിത്രീകരിക്കുന്ന സമയത്ത് ഡയലോഗ് പറയാൻ കിട്ടാതെ ഷീല വിഷമിച്ചതിന് കുറിച്ച് സംസാരിക്കുകയാണ് നടൻ ജയറാം. ചിത്രത്തിൽ വളരെ വൈകാരികമായി സംസാരിക്കുന്നതിനിടെ ഷീല അന്ധകാരനാഴി എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ 25ൽ അധികം ടേക്ക് പോയിട്ടാണ് അത് ശരിയായത് എന്നാണ് ജയറാം പറയുന്നത്.
”മാത്തുക്കുട്ടിച്ചായന്റെ കൂടെ ഞാൻ എന്താണ് ഏതാണ് എന്ന് നോക്കാതെ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ അന്ധകാരനാഴിയിൽ അകപ്പെട്ട പോലെയായി എന്ന് പറയുന്നുണ്ട്. ചേച്ചി മദ്രാസിൽ അല്ലേ വർഷങ്ങളായിട്ട്, അന്ധകാരനാഴി എന്നൊരു വാക്കൊന്നും ജീവിതത്തിൽ ഇതുവരെ പറഞ്ഞിട്ടില്ല, കേട്ടിട്ടുമില്ല. അന്ന് ഞാൻ ഇറങ്ങിത്തിരിച്ചപ്പോൾ ഞാൻ അണ്ഡകടാഹമൂഴിയിൽ അകപ്പെട്ട പോലെ എന്നെല്ലാമാണ് പറയുന്നത്.
ആ സമയത്ത് സത്യൻ ഒരുപാട് തവണ അന്ധകാരനാഴി എന്ന് പഠിപ്പിച്ചു. ഇതുമായി സാമ്യമുള്ള പല വാക്കുകളും ഷീല പറഞ്ഞു. എന്തൊക്കെയായാലും അന്ധകാരനാഴി വരില്ല. അങ്ങനെ 25 ടേക്കെല്ലാം ആയപ്പോൾ ഷീല സത്യനോട് പറഞ്ഞു, എന്റെ സത്യ ഈ വാക്കൊന്ന് മാറ്റിയിട്ട് വേറെ ചെയ്തൂടെ എന്ന്. അന്ധകാരനാഴി എന്നുള്ളത് ഒരു ഫ്രേസ് ആണെന്ന് പറഞ്ഞ് സത്യേട്ടൻ കൺവിൻസ് ചെയ്യിപ്പിച്ചു ഷീല ചേച്ചിയെ. എങ്കിൽ കൂരിരുട്ട് എന്ന് പറയട്ടേ എന്ന് ചോദിച്ചു. ഒടുവിൽ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു”- ജയറാം പറയുന്നു.
ഇന്നസെൻറ്, നയൻതാര, കെ.പി.എ.സി. ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നയൻതാരയുടെ ആദ്യത്തെ സിനിമ കൂടിയാണിത്. ചിത്രീകരണം ആരംഭിച്ചിട്ടും നായികയെ കിട്ടാതെ സത്യൻ ഒരു മാഗസിനിലെ ജ്വല്ലറി പരസ്യത്തിൽ മോഡലായ നയൻതാരയെ ശ്രദ്ധിക്കുകയും തന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുകയുമായിരുന്നു.