”പിടിച്ചാൽ കിട്ടാത്ത ആളാണ് കേട്ടോ, അദ്ദേഹം ചെയ്യുന്ന നന്മ എന്താണെന്ന് അറിയാമോ?”; മനസ് തുറന്ന് ജാഫർ ഇടുക്കി| Jafar Idukki| Lijo Jose Pellissery
സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രങ്ങളിൽ ഒട്ടുമിക്കതിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ച നടനാണ് ജാഫർ ഇടുക്കി. ചുരുളി, അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചുട്ടുണ്ട്. ലിജോ പെല്ലിശേരി അസാധ്യ മനുഷ്യനാണ്, പിടികിട്ടാത്ത ആളാണ് എന്നെല്ലാമാണ് ജാഫർ പറയുന്നത്. മണിയൻ പിള്ള രാജുവുമൊന്ന് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
മാത്രമല്ല, അദ്ദേഹം വളരെ വലിയ ഒരു നൻമ ചെയ്യുന്ന ആളാണെന്നും താരം പറയുന്നു. ഇപ്പോൾ സിനിമയൊന്നുമില്ലാതെ വെറുതെ ഇരിക്കുന്ന നടൻമാരെ തന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത് അഭിനയിപ്പിച്ച് വീണ്ടും സജീവമാകാനുള്ള അവസരം ലിജോ ജോസ് ഒരുക്കി കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ നൻമ എന്നാണ് ജാഫർ ഇടുക്കി പറയുന്നത്. അതേസമയം താൻ ലിജോയുടെ ആരാധകനാണ് അദ്ദേഹത്തിന്റെ പടങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടില്ല ഇതുവരെ എന്ന് മണിയൻ പിള്ള രാജുവും പറയുന്നുണ്ട്.
”ഇപ്പോൾ വർക്ക് ഇല്ലാതെ ഇരിക്കുന്ന പഴയ ചേട്ടൻമാരില്ലേ, വില്ലൻമാരായും മറ്റും അഭിനയിച്ച് ജോലിയില്ലാതെ ഇരിക്കുന്ന രണ്ട് മൂന്ന് പേരെ ഇയാൾ വിളിച്ച് തന്റെ സിനിമയുടെ ഭാഗമാക്കും. ആ ഒരു സന്തോഷവും പ്രാർത്ഥനയും കിട്ടും. അത് കൂടാതെ ഒരാളെ കണ്ട് കഴിഞ്ഞാൽ ഇങ്ങേര് ചെയ്യും എന്ന് ഇയാൾക്ക് ഉറപ്പാ. പക്ഷേ നമ്മൾ ആ ലെവൽ തെറ്റിച്ചാൽ ആ പുള്ളി വല്ലാതെ വയലന്റ് ആയിട്ട് പറയും, ചേട്ടാ എന്ത് ബോറാണ് ചേട്ടാ, ചേട്ടൻ എന്തൊച്ചയാ ഈ കേൾപ്പിച്ചേ എന്ന്.
ചേട്ടൻ ഒരു ഒച്ച കേൾപ്പിച്ചല്ലോ അതെന്നാ ഒച്ചയാ കേൾപ്പിച്ചേ എന്നൊക്കെ ചോദിക്കും. ഡയലോഗ് ആയിരിക്കും നമ്മൾ പറഞ്ഞത്. ഇങ്ങനെയൊന്നുമല്ല ചേട്ടാ, അത് പറയുമ്പോൾ തന്നെ അതിന്റെയൊരു റൂട്ടിൽ പറയണം. ഇത് ശരിയാകൂല്ല ഇത് എന്ന് പറഞ്ഞിട്ട് കുറച്ച് നേരം മാറി നിൽക്കും. എന്നിട്ട് ഒന്ന് പറഞ്ഞേ അത് എന്ന് വീണ്ടും പറയും. ഇതെല്ലാം കേട്ട് നമ്മൾ ആകെ ഒരു ലെവലിൽ നിൽക്കുകയായിരിക്കും അപ്പോൾ.
പക്ഷേ ഇതെല്ലാം കഴിഞ്ഞ് അയാൾ വിചാരിച്ച രീതിയിൽ നമ്മളെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കും അത്. എല്ലാം കഴിഞ്ഞതിന് ശേഷം വന്നിട്ട് പറയും, അത് ആദ്യം അങ്ങോട്ട് ചെയ്താൽ പോരായിരുന്നോ എന്തിനാ എന്നെയിങ്ങനെ ചുറ്റിക്കാൻ നിൽക്കുന്നത്. ഇതൊക്കെ അറിയാം എന്നുറപ്പുള്ളതോണ്ടാ ഞാൻ വിളിച്ചേ എന്ന് പറയും. ആ ഒരു സന്തോഷം ഭയങ്കരമാണ്”- ജാഫർ ഇടുക്കി പറയുന്നു.