“എന്നെ എൻറെ വഴിക്ക് ഒന്ന് വിട്ടുതന്നാൽ വലിയ ഉപകാരം. ഞാൻ അഭിനയിച്ച് സൈഡിൽക്കൂടി പൊക്കോളാം”: സൈബർ ആക്രമണത്താൽ സഹികെട്ട് താരം|Joju George| Iratta| New Film
സോഷ്യൽ മീഡിയയിൽ സജീവസാനിന്ധ്യമായിരുന്നു നടൻ ജോജു ജോർജ്. എന്നാൽ രാഷ്ട്രീയമായ ഒരു അഭിപ്രായ പ്രകടനത്തെ തുടർന്ന് തനിക്കെതിരെ സൈബർ അതിക്രമം കടുത്തതോടെ ഓൺലൈനിൽ നിന്ന് മാറിനിൽക്കുകയായിരുന്നു . പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷാവസാനത്തോടെയാണ് താരം വീണ്ടും തിരിച്ചെത്തിയത്.
ഇപ്പോഴിതാ വീണ്ടും തനിക്കെതിരെ സൈബർ അതിക്രമം നടക്കുകയാണെന്ന് പറയുകയാണ് ജോജു ജോർജ്. വായിക്കാൻ സന്തോഷമുള്ള കാര്യങ്ങളല്ല തൻറെ ഇൻബോക്സിലേക്ക് വരുന്നതെന്നും ഒരുപാട് കാര്യങ്ങളിലേക്ക് താൻ വലിച്ചിഴയ്ക്കപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. ഓൺലൈനിൽ നിന്ന് വീണ്ടും ഒരു ഇടവേളയെടുത്ത് ജോലിയിൽ ശ്രദ്ധിക്കാനാണ് തീരുമാനമെന്നും. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ജോജു കാര്യങ്ങൾ വിശദീകരിക്കുന്നത്.
വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നതുമൂലം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്നാണ് നടൻ പറയുന്നത്. ഒരു കലാകാരനെന്ന നിലയിൽ എന്നെ അംഗീകരിച്ചവർക്ക് നന്ദി പറയുന്നു. വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നതു മൂലം സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണ്. ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം അഭിനയത്തിലും സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കും. ഇതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. എല്ലാ സിനിമകളെയും പിന്തുണയ്ക്കണമെന്നും ജോജു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
‘ഇരട്ട എന്ന എൻറെ പുതിയ സിനിമയോട് നിങ്ങൾ കാണിച്ച് സ്‌നേഹത്തിന് നന്ദി. ഞാൻ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇൻബോക്‌സിൽ എല്ലാം കടുത്ത ആക്രമണമായി. ഞാൻ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നെ വെറുതെ വിടണം. ഞാൻ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്‌ക്കോളാം. കരിയറിൽ ഞാൻ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതിൽ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിർബന്ധമെങ്കിൽ ഒന്നും പറയാൻ പറ്റില്ല. പിന്തുണയ്ക്കുന്നവർക്ക് നന്ദി ജോജു വീഡിയോയിൽ പറഞ്ഞു.
താൻ നായകനായ ഇരട്ട എന്ന സിനമയുടെ പ്രമോഷൻറെ ഭാഗമായി സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം ദുബായിൽ മാധ്യമപ്രവർത്തകരെ കാണുമ്പോൾ സോഷ്യൽ മീഡിയകളിലെ സിനിമാ റിവ്യുകളെ ജോജു വിമർശിച്ചിരുന്നു. ഒരുപാടുപേരുടെ ജീവിതമാണ് സിനിമ. അത് വെച്ച് കളിക്കരുതെന്നും സിനിമ മോശമാണെങ്കിൽ അങ്ങനെ പറയാൻ പ്രേക്ഷകർക്ക് അവകാശമുണ്ടെന്നും ജോജു ജോർജ് പറഞ്ഞിരുന്നു.