”സ്വന്തം ജാതിവാൽ മുറിച്ച് കളഞ്ഞ് ധീരമായ നിലപാടെടുത്ത ഒരു പെൺകുട്ടിക്കെതിരെ നികൃഷ്ടമായ ആൺകോമാളിത്തം കാണിക്കുകയല്ല വേണ്ടത്”; ബൂമറാങ് വിഷയത്തിൽ ഹരീഷ് പേരടി| Hareesh Peradi | Samyuktha | Shine Tom Chakko
‘ബൂമറാങ്’ സിനിമയുടെ പ്രമോഷന് നടി സംയുത പങ്കെടുക്കാതിരുന്നതും അതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാവും നടൻ ഷൈൻ ടോം ചാക്കോയും പരസ്യമായി പ്രതികരിച്ചതും വാർത്തകളിൽ ഇടം നേടിയിട്ടുണ്ടായിരുന്നു. എന്നാലിപ്പോൾ നടി സംയുക്തയെ വിമർശിച്ച നടൻ ഷൈൻ ടോമിനെതിരെ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ എതിർപ്പ് പ്രകടിപ്പിച്ചത്.
ജോലി സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നിയമപരമായോ തൊഴിൽ സംഘടനകളുമായി ചർച്ച ചെയ്‌തോ പരിഹരിക്കണമെന്നും പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച് നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിക്കുകയല്ല ചെയ്യേണ്ടിയിരുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു.
‘‘ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായോ, തൊഴിൽ സംഘടനകളുമായി ചർച്ചചെയ്‌തോ ആണ് പരിഹരിക്കപ്പെടേണ്ടത്. അല്ലാതെ സ്വന്തം ജാതിവാൽ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച്.. നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ല…സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോൾ..ഷൈൻ, ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആൺ മാത്രമാകുന്നു..ഷൈൻ തിരുത്തുമെന്ന പ്രതീക്ഷയോടെ..?’’–ഹരീഷ് പേരടി പറഞ്ഞു.
‘ബൂമറാങ്’ സിനിമയുടെ പ്രസ്മീറ്റിനിടെയാണ് സംയുക്തയ്ക്കെതിരെ ഷൈൻ രംഗത്തുവന്നത്. ഒരു ജോലി ഏറ്റെടുത്താൽ അത് പൂർണമാക്കാനുള്ള കടമ നമുക്കുണ്ട്. എന്തുകൊണ്ട് ഈ സിനിമയുടെ പ്രമോഷന് അവർ വന്നില്ല?–ഷൈൻ ടോം ചോദിച്ചു. പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്നു പറഞ്ഞ സംയുക്തയുടെ പ്രസ്താവനയെ അധികരിച്ചായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം.
‘‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നതിനുശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലായ്മയല്ല. ചെയ്ത ജോലി മോശമായി പോയി എന്ന ചിന്തകൊണ്ടാകും അവർ വരാത്തത്. ’–ഇത്തരത്തിലായിരുന്നു ഷൈനിന്റെ പ്രതികരണം.
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിൻ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൂമറാങ്. അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കൃഷ്‍ണദാസ് പങ്കിയാണ്.