ഡിവോഴ്സ് പേപ്പറിലൊപ്പിടാനെത്തിയവർ ക്യാന്റീനിലിരുന്ന് ഒരേ പാത്രത്തിൽ നിന്ന് ഗുലാബ് ജാം പങ്കിട്ട് കഴിക്കുന്നത് കണ്ട് ഞെട്ടിപ്പോയ വക്കീൽ, വേർപിരിയൽ നിമിഷത്തെ രസകരമായി ഓർത്തെടുത്ത് ലെന
സിനിമാക്കാരുടെ പ്രണയങ്ങളും പ്രണയ ഭംഗങ്ങളും കുടുംബത്തകർച്ചയും വിവാഹ മോചനവുമാക്കെ പൊടിപ്പും തൊങ്ങലും ചേർത്ത കഥന കഥകളായി പ്രചരിക്കാറുണ്ട്. എന്നാൽ തന്റെ ഫ്രണ്ട്ലി ഡിവോഴ്സിനെക്കുറിച്ചും അന്നേ ദിവസം കോടതിയിൽ വെച്ചുണ്ടായ വളരെ രസകരമായ മുഹൂർത്തങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അഭിനയേത്രി ലെന. ഫ്ലവേഴ്സ് ചാനലിലെ ശ്രീകണ്ഠൻ നായരോടൊപ്പമുള്ള ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിലാണ് വർഷങ്ങളായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചു മുൻ ഭർത്താവിനെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമെല്ലാം ലെന വാചാലയാകുന്നത്.
സ്കൂൾ പഠനകാലത്ത് ആറാം ക്ലാസിൽ വെച്ച് ഒരു മലയാളം പിരിയിഡിനിടെയാണ് തൊട്ടടുത്ത ക്ലാസിലെ പ്രണയിതാവിനെ ആദ്യമായി കണ്ണിലുടക്കിയതെന്നാണ് നിറഞ്ഞ പുഞ്ചിരിയോടെ ലെന പറയുന്നത്. അക്കാലം മുതൽ തുടങ്ങിയ ആ സൗഹൃദം വർഷങ്ങൾ പ്രണയമായി നീണ്ട് നിൽക്കുകയും അതിനു ശേഷം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
22 ഫീമെയിൽ കോട്ടയത്തിന്റെ സഹ എഴുത്തുകാരനും ശ്രീനാഥ് ഭാസി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചട്ടമ്പി സിനിമയുടെ സംവിധായകനുമായ അഭിലാഷ് എസ് കുമാറാണ് തന്റെ കഥയിലെ നായകനെന്നും ലെന തുറന്ന് പറയുന്നുണ്ട്.
പന്ത്രണ്ട് വയസു മുതൽ പരസ്പരം കാണുന്ന രണ്ടു പേർക്കിടയിൽ പരസ്പരമുണ്ടായ മടുപ്പ് മാത്രമാണ് ഏഴ് വർഷം നീണ്ടു നിന്ന വിവാഹ ബന്ധം വേർപെടുത്തുന്നതിലേക്ക് രണ്ടുപേരെയും നയിച്ചതെന്നാണ് ലെനയുടെ വെളിപ്പെടുത്തൽ. സ്വന്തം ജീവി തവും ചുറ്റുമുള്ള ലോകവും എക്സ്പ്പോർ ചെയ്യുക എന്നതായിരുന്നു രണ്ടു പേരുടെയും വിവാഹ വേർപിരിയലിന് പിന്നിലുള്ള പ്രധാന ലക്ഷ്യമെന്നും ലെന വിശദമാക്കുന്നുണ്ട്. തല്ലുകൂടിയിരുന്നെങ്കിൽ ഒരുമിച്ച് ജീവിച്ച് പോയേനെ, തല്ലു കൂടാതെ ഹാപ്പിയായി ജീവിച്ചതാണ് യഥാർത്ഥത്തിൽ പ്രശ്നമായതെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നാണ് ലെന ഷോയിൽ വ്യക്തമാക്കിയത്.
പരസ്പരം തല്ലിയും പോർവിളി നടത്തിയും വേർപിരിയുന്നവർക്കിടയിൽ തങ്ങളുടെ സൗഹൃദപരമായ വേർപിരിയൽ നിമിഷങ്ങളും ലെന പങ്കു വെച്ചു. ഒപ്പിട്ട് ഡിവോഴ്സ് വാങ്ങാനായി ലെനയും മുൻ ഭർത്താവും കോടതിയിൽ എത്തിച്ചേർന്ന നേരത്ത് അവിടെ ഭയങ്കര തിരക്കായിരുന്നെന്നും രണ്ടു പേർ തമ്മിൽ ഡിവോഴ്സിന്റെ പേരിൽ വലിയ വാഗ്വാദങ്ങൾ നടക്കുകയായിരുന്നെന്നും പറഞ്ഞു കൊണ്ട് അന്നത്തെ കോടതിയന്തരീക്ഷം ലെന വിവരിക്കുന്നുണ്ട്.
ഇത് കുറേ നേരമെടുക്കും താഴെ ഒരു ക്യാന്റീനുണ്ട്. അവിടെ പോയി പോയി വെയ്റ്റ് ചെയ്തോളൂ, ഞാൻ വിളിക്കാം എന്ന് ലോയർ പറഞ്ഞത് പ്രകാരം അവിടെ നിന്ന് മാറി നിൽക്കുകയായിരുന്നെന്നും ഒടുവിൽ ലോയർ അന്വേഷിച്ചെത്തിയപ്പോൾ ഞാനും അഭിലാഷും ഒരേ പാത്രത്തിൽ നിന്ന് ഗുലാബ് ജാമുൻ പങ്കിട്ട് കഴിക്കുന്ന കാഴ്ച കണ്ട് ഞെട്ടി നിങ്ങൾ ഡിവോഴ്സിന് തന്നെയല്ലേ വന്നത് എന്ന് ചോദിച്ചതായി ലെന ഓർത്തെടുക്കുന്നുണ്ട്. വളരെ രസകരമായാണ് അന്നത്തെ സംഭവങ്ങൾ ലെന പറയുന്നത്.
മലയാള സിനിമയിലേക്ക് കടന്നുവന്ന ആദ്യ ഘട്ടത്തിൽ വേണ്ടത്ര തിളങ്ങാനായില്ലെങ്കിലും പിന്നീട് ശക്തമായ തിരിച്ചു വരവ് നടത്തി തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച കലാകാരിയാണ് ലെന. 2011-ല്‍ പുറത്തിറങ്ങിയ ട്രാഫിക്കിലൂടെ ലെനക്ക് കിട്ടിയത് മികച്ച ഒരു കരിയർക്ക് ബ്രേക്ക് തന്നെയായിരുന്നു. 2022 – ൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമയായ ഭീഷ്മപർവത്തിലും ശക്തമായ ഒരു കഥാപാത്രത്തെ ലെന അവതരിപ്പിച്ചിട്ടുണ്ട്.