കണ്ണീർ പൂവിന്റെ കവിളില്‍ തലോടി…; കിരീടത്തിലെ എവർഗ്രീന്‍ ഗാനം പാടേണ്ടിയിരുന്നത് മറ്റൊരു ഗായകന്‍, ഒടുവില്‍ പാടാന്‍ മടിച്ചിട്ടും പാടിയ എംജി ശ്രീകുമാറിന് അവാർഡും, തലവരയില്ലാതെ പോയ ഗായകനെക്കുറിച്ച് നിർമ്മാതാവ്
മലയാളത്തിന്റെ തിളക്കം മങ്ങാത്ത കിരീടം അഭ്രപാളിയിൽ നിന്ന് ഇനിയും വിസ്മൃതിയിലേക്ക് മടങ്ങിയിട്ടില്ല. മോഹൻലാലിന്റെ സേതുമാധവനും തിലകന്റെ അച്ഛൻ കഥാപാത്രവുമൊക്കെ ആർക്ക് മറക്കാനാകും.
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത കിരീടത്തിൽ മോഹൻലാൽ, തിലകൻ, മുരളി, പാർവതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
ഇച്ഛാഭംഗവും പ്രണയ നൈരാശ്യവുമെല്ലാം കടന്നുവരുന്ന കിരീടത്തിലെ കഥാമുഹൂർത്തങ്ങളെ ഓർമ്മിപ്പിക്കും വിധം ചിത്രത്തിന്റെ പാട്ട് റെക്കോർഡിങ്ങുമായി ബന്ധപ്പെട്ടുണ്ടായ ഒരു മോഹഭംഗത്തിന്റെ കഥയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കിരീടത്തിന്റെ നിർമ്മാതാക്കളിലൊരാളും സിനിമാ സീരിയൽ അഭിനേതാവുമായ ദിനേഷ് പണിക്കരാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ജോൺസൺ മാഷിന്റെ സംഗീതത്തിലും കൈതപ്രത്തിന്റെ രചനയിലും ജീവൻ വെച്ച ഒരുപിടി നല്ല ഗാനങ്ങളും കിരീടത്തിന് മുതൽക്കൂട്ടായിരുന്നു. കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന അതി മനോഹരമായ ഗാനം ഒരു വരിയെങ്കിലും മൂളാത്ത മലയാളികളുണ്ടാവില്ല. കാമുകിയെ പിരിയുന്ന സേതുമാധവന്റെ വേദന, പാടുന്നത് മോഹൻലാൽ തന്നെയാണോ എന്ന് തോന്നിക്കുന്ന വിധം എം.ജി പാടി ഫലിപ്പിച്ചു. ഹൃദയത്തെ നനയ്ക്കുന്ന ആ പാട്ടിന് സ്റ്റേറ്റ് അവാർഡ് കിട്ടിയതിലും അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ എം.ജി ശ്രീകുമാർ എന്ന ഗായകന്റെ കഴിവിനെ ആവോളം അടയാളപ്പെടുത്തിയ ആ ഗാനം തിരസ്ക്കരിച്ച് ചിത്രത്തിലെ മറ്റൊരു പാട്ട് പാടാൻ മോഹിച്ച എം.ജി യുടെ കഥയാണ് ദിനേശ് പണിക്കർ പറയുന്നത്.
ദിനേശ് പണിക്കരുടെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ ബാലഗോപാലൻ തമ്പിയും പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാറുമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തേ തന്നെ പാട്ട് പാടി വിസ്മയിപ്പിച്ച പ്രിയ സ്നേഹിതൻ ബാലഗോപാലൻ തമ്പിയെക്കുറിച്ചും കാട്ടുകുരങ്ങ് എന്ന സിനിമയിലെ നാദബ്രഹ്മത്തിൽ എന്ന് തുടങ്ങുന്ന ഗാനം താൻ പലവട്ടം തമ്പിയെക്കൊണ്ട് പാടിച്ചതിനെക്കുറിച്ചുമെല്ലാം പറഞ്ഞ് തുടങ്ങുന്ന ദിനേശ് പിന്നീട് കിരീടത്തിന്റെ പ്രൊഡ്യൂസർ വേഷം എടുത്തണിഞ്ഞ ശേഷം സംഭവിച്ച കാര്യങ്ങളാണ് വിശദീകരിക്കുന്നത്.
കുറേ വർഷങ്ങൾക്ക് ശേഷം കിരീടം സിനിമയിലെ ഒരു ഗാനം പാടാനായി ദിനേശ് പണിക്കർ ബാലഗോപാലൻ തമ്പിയെ വിളിക്കുകയും തമ്പി സന്തോഷത്തോടെ അത് ഏറ്റെടുക്കുകയും ചെയ്തു. മേടപ്പൊന്നോടം എന്ന മനോഹരമായ പാട്ടാണ് അന്ന് തമ്പി കിരീടം സിനിമയിൽ പാടിയത്. റെക്കോർഡിങ്ങ് വേളയിൽ ഈ പാട്ട് കേട്ട് വന്ന എം.ജി ശ്രീകുമാർ കണ്ണീർ പൂവിന് പകരം ഈ മെലഡി സോങ്ങ് തനിക്ക് പാടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും പക്ഷേ ദിനേശ് പണിക്കർ നിർബന്ധം പിടിച്ചതിന്റെ ഫലമായി പാട്ട് തമ്പി തന്നെ പാടിയതായുമാണ് അദ്ദേഹം പറയുന്നത്. കണ്ണീർ പൂവിന് അത്തവണത്തെ സ്റ്റേറ്റ് അവാർഡ് വാങ്ങാനുള്ള ഭാഗ്യം എം.ജി ശ്രീകുമാറിന് ലഭിച്ചു. എന്നാൽ മോഹൻലാൽ – പാർവതി ജോഡിയുടെ പ്രണയം കൊഴുപ്പിക്കാനായി ചിത്രത്തിൽ ചേർത്ത മേടപ്പൊന്നോടം കിരീടത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
തമ്പിയുടെ തലയിലെഴുത്ത് മോശമായതുകൊണ്ടാവാം.. എം.ജി യുടെ തലയിലെഴുത്ത് നല്ലതായതുകൊണ്ടാവാം ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നു പറഞ്ഞു കൊണ്ട് തന്റെ യൂട്യൂബ് ചാനലിന്റെ പ്രേക്ഷകർക്കായി ദിനേശ് പണിക്കർ ബാലഗോപാലൻ തമ്പി എന്ന അറിയപ്പെടാതെ പോയ കലാകാരനെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
സിനിമയിൽ കാണാതെ പോയെങ്കിലും കിരീടത്തിലെ മറ്റ് ഗാനങ്ങൾക്കൊപ്പം മേടപ്പൊന്നോടം എന്ന ഗാനം യൂട്യൂബിൽ ഇപ്പോഴുമുണ്ട്.