‘മമ്മൂട്ടിക്ക് നാഷണൽ അവാർഡ് കിട്ടരുത്, അന്ന് ഞാനങ്ങനെ ചിന്തിച്ചു’ മനസ് തുറന്ന് ‘ഇന്നസെന്റ്’


ലയാളികൾക്ക് ഏറ്റവും മനോഹരമായ ഹാസ്യാനുഭവങ്ങൾ പകർന്ന് നൽകിയ നടനാണ് ഇന്നസെന്റ്. പല ചിത്രങ്ങളും ഇന്നസെന്റ് അനശ്വരമാക്കിയ ഹാസ്യരം​ഗത്തിന്റെ പേരിലായിരിക്കും പ്രേക്ഷകർ ഓർത്തിരിക്കുന്നത് തന്നെ. അദ്ദേഹം ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നിട്ട് അരനൂറ്റാണ്ട് തികഞ്ഞു. അന്നും ഇന്നും ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ മലയാളികളെ ചിരിപ്പിക്കുന്നു, ഇടയ്ക്കൊക്കെ കരയിപ്പിക്കുന്നു.

ചലച്ചിത്രജീവിതത്തിലെ തന്റെ തുടക്കകാലം അത്ര സുഖകരമല്ലായിരുന്നുവെന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങിയെങ്കിലും നിർമാതാവായിട്ടായിരുന്നു തിരിച്ച് വരവ് നടത്തിയത്. നടനായും നിർമാതാവായും എഴുത്തുകാരനായും എം.പിയായുമെല്ലാം ഇന്നസെന്റ് തിളങ്ങുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നടനെന്ന തട്ട് താണ് തന്നെയിരിക്കും.

തന്റെ വ്യക്തിജീവിതത്തെലെയും സിനിമാജീവിതത്തിലെയും അനുഭവങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നയാളാണ് ഇന്നസെന്റ്. പലപ്പോഴും നർമ്മത്തിൽ പൊതിഞ്ഞായിരിക്കും യഥാർത്ഥ സംഭവങ്ങൾ അവതരിപ്പിക്കുക. ഈയിടെ ചലച്ചിത്ര അവാർഡുകളെക്കുറിച്ച് ഇന്നസെന്റ് പങ്കുവെച്ച വിവരങ്ങളാണ് ശ്രദ്ധേയമാകുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ഡെന്നിസ് ജോസഫിന്റെ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിൽ ഇന്നസെന്റ് ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2009ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഒരു മാനസിക രോ​ഗിയുടെ വേഷത്തിലെത്തിയ ഇന്നസെന്റിന്റെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. അനൂപ് മേനോൻ, ഇന്ദ്രൻസ്, മീര നന്ദൻ, വിജയരാഘവൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ ചിത്രം ദേശീയ അവാർഡിലേക്ക് തിരഞ്ഞെടുത്തിരുന്നു. അവാർഡ് പ്രഖ്യാപിക്കുന്ന ദിവസം ടിവിയിൽ മമ്മൂട്ടി, ഇന്നസെന്റ്, അമിതാഭ് ബച്ചൻ എന്നീ പേരുകൾ എഴുതിക്കാണിച്ചെന്നും അൽപസമയം കഴിഞ്ഞ് അതിൽനിന്ന് ഇന്നസെന്റിന്റെ പേര് ഒഴിവാക്കിയെന്നും നടൻ പറയുന്നു. ആ സമയത്ത്, അമിതാഭ് ബച്ചന് അവാർഡ് കിട്ടണമെന്നും മമ്മൂട്ടിക്ക് കിട്ടരുതെന്നും തന്റെ ഭാര്യയോട് പറഞ്ഞെന്നുമാണ് ഇന്നസെന്റ് പറയുന്നത്.

നിങ്ങളെന്നോട് ഒരിക്കലും വിഷമം വിചാരിക്കരുതെന്ന് പ്രേക്ഷകരോട് ആവശ്യപ്പെട്ടിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയുമായി വളരെയധികം അടുപ്പമുണ്ടായിട്ടും എന്തുകൊണ്ടാണിങ്ങനെ ചിന്തിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ, അങ്ങനെയൊക്കെ ചിലപ്പോൾ തോന്നാം, ഇതെല്ലാം കൂടെ ചേർന്നതാണ് മനുഷ്യൻ എന്നും വളരെ താത്വികമായി ഇന്നസെന്റ് തന്നെ പറയുന്നു.