‘അയാള്‍ ചെയ്തത് ശരിയായില്ല, ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് അത്രമേല്‍ ആഗ്രഹിച്ചു’; നടന്‍ ഇന്ദ്രന്‍സിന്റെ വാക്കുകള്‍ക്ക് നിര്‍ത്താതെ കയ്യടിച്ച് ജനം, വീഡിയോ പങ്കുവച്ച് ജയസൂര്യ


സ്ത്രാലങ്കാരകനായി മലയാള സിനിമാ ലോകത്തേക്കെത്തിയ കെ.സുരേന്ദ്രൻ പിന്നീട് മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസായി മാറി. അദ്ദേഹത്തിന്റെ ശരീരവും അതിനെ പിൻപറ്റിയുള്ള ഹാസ്യാത്മമെന്ന് തോന്നിപ്പിക്കുന്ന ചേഷ്ഠകളുമായിരുന്നു ആദ്യ കാലത്ത് മലയാള സിനിമ ആവശ്യപ്പെട്ടതെങ്കിലും കാലത്തിനൊത്ത് ഇന്ദ്രൻസ് വളർന്നത് അഭിനയ പ്രാധാന്യമർഹിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിക്കൊണ്ടാണ്. ഒരു കാലത്ത് നിരന്തരം നേരിട്ട ബോഡി ഷെയ്മിങ്ങുകളെയെല്ലാം തരണം ചെയ്ത് ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി നിലകൊള്ളുമ്പോഴും എളിമ ഒഴിച്ചു നിർത്തി ഒരു ജീവിതം തനിക്ക് സാധ്യമല്ലെന്ന് പലതവണ ഇന്ദ്രൻസ് പറയാതെ പറഞ്ഞിട്ടുണ്ട്.

ഇത്തവണത്തെ കെ.എൽ.എഫ് വേദിയിൽ അതിഥിയായിരിക്കവേ സദസിൽ നിന്ന് ഇന്ദ്രൻസിന് നേരെ ഉയർന്ന ഒരു ചോദ്യത്തിന് തന്റെയുള്ളിലെ സഹജ നർമ്മ ബോധത്തെ കൂട്ടുപിടിച്ച് അദ്ദേഹം നൽകിയ അതീവ രസകരമായ മറുപടി ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്.

പല നടൻമാരും ചെയ്യുന്ന ക്യാരക്ടേഴ്സ് ഉണ്ടാവും അതിൽ ഏതെങ്കിലും ഒരു ക്യാരക്ടർ സാറിന് ചെയ്താൽ കൊള്ളാമെന്ന് അത്രയും ആഗ്രഹം തോന്നിയിട്ടുള്ളതുണ്ടോ ? എന്ന ചോദ്യത്തിന് ഇന്ദ്രൻസ് മറുപടി നൽകിത്തുടങ്ങുന്നത് വളരെ ഗൗരവത്തോടെയാണെങ്കിലും പതിയ അദ്ദേഹത്തിന്റെ മുഖം മാറുന്നതും കുസൃതി കലർന്ന ഭാവത്തോടെ മറുപടി തുടരുന്നതും വീഡിയോയിൽ നമുക്ക് കാണാം.

‘ആ കഥാപാത്രം ശെരിയായില്ല, അതൊന്ന് ചെയ്യണമെന്ന് തോന്നിയത് ബാഹുബലിയിലെ പ്രഭാസിന്റെ താണ് ‘
ഇത്രയും പറഞ്ഞ് തീരുന്നതിന് മുന്നേ തന്നെ കാണികൾക്കിടയിൽ നിന്ന് നിറചിരികളും കയ്യടികളുമുയരുന്നുണ്ട്. അതോടെ ഇന്ദ്രൻസിന്റെ കുസൃതി നാണത്തിലേക്ക് വഴുതിമാറുന്നതായും കാണാം. ചോദ്യകർത്താവിന് വിഷമം വരാത്ത രീതിയിൽ ഏറെ രസകരമായും എളിമയോടെയുമാണ് ഇന്ദ്രൻസ് ചോദ്യത്തിന് മറുപടി നൽകുന്നത്.
ക്ലാസിൽ ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ കുസൃതിത്തരം കാണിച്ച ഒരു ചെറിയ കുട്ടിയെ ഓർമ്മപ്പെടുത്തുന്നതായിരുന്നു ഇന്ദ്രൻസിന്റെ ചെയ്തികൾ.

ജയസൂര്യ പങ്കു വെച്ച വീഡിയോയ്ക്ക് താഴെ കമന്റ് ബോക്സിൽ ഇന്ദ്രൻസിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ‘ബാഹുബലിയേക്കാൾ വലുപ്പമുണ്ട് ഇന്ദ്രൻസേട്ടന്റെ മനസിനും കഴിവിനും ‘ എന്നൊക്കെയുള്ള ഏറെ പോസിറ്റീവായ അനേകം പ്രതികരണങ്ങൾ ഇതിനോടകം തന്നെ നിറഞ്ഞിട്ടുണ്ട്.

ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലചിത്ര അവാർഡും . 2019-ൽ പുറത്തിറങ്ങിയ വെയിൽ മരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവുമടക്കം സ്വന്തമാക്കിയ ഇന്ദ്രൻസ് ഇപ്പോൾ പുതിയ കാല സിനികളുടെ കൂടെ തളരാതെ സഞ്ചരിക്കുകയാണ്.