‘സാരിയുടെ പല്ലു താഴേക്ക് ഇടണമെന്ന് പറഞ്ഞു, മറ്റൊന്നും ചിന്തിക്കാതെ ഞാനത് ചെയ്തു, ആ സിനിമയില്‍ വേശ്യയുടെ വേഷം മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു, സിനിമാ ജീവിതം അത്ര സുഖകരമായിരുന്നില്ല’; നടി ഗീതാ വിജയന്‍ മനസ് തുറക്കുന്നു | Geetha Vijayan | Actress


ഗീതാ വിജയന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇന്‍ ഹരിഹര്‍ നഗര്‍ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നീ നാല് നായകന്മാര്‍ക്കൊപ്പം സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്ന ശക്തമായ നായികാ കഥാപാത്രമായ മായയെ അത്ര എളുപ്പം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.

തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഗീതാ വിജയന്‍. ഒരു ചാനല്‍ പരിപാടിക്കിടെയാണ് അവര്‍ തന്റെ അനുഭവങ്ങള്‍ ലോകത്തോട് വെളിപ്പെടുത്തിയത്. സിനിമാ ജീവിതം തനിക്ക് സുഖകരമായ ഒന്നായിരുന്നില്ലെന്ന് ഗീത പറയുന്നു. അഭിനയിച്ച സിനിമകളില്‍ പലതിനും പ്രതിഫലം ലഭിച്ചിരുന്നില്ല. കിട്ടിയതെല്ലാം വണ്ടിച്ചെക്കുകളായിരുന്നുവെന്നും ഗീതാ വിജയന്‍ പറഞ്ഞു.

‘ആ വണ്ടിച്ചെക്കുകളെല്ലാം എന്റെ വീട്ടിലുണ്ട്. അതൊക്കെ ഓര്‍ക്കുമ്പോള്‍ വല്ലാതെ സങ്കടം വരും. കാരണം സത്യസന്ധമായാണ് ഞാന്‍ ജോലി ചെയ്തത്. ഒരു സിനിമ കിട്ടുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് ഓര്‍ക്കും. അത് കിട്ടുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്ന് നേരത്തേ കണക്ക് കൂട്ടി വയ്ക്കും. എന്നാല്‍ സിനിമ കഴിഞ്ഞ് കിട്ടിയ ചെക്കും കൊണ്ട് ബാങ്കിലെത്തി ചെക്ക് മടങ്ങിയെന്ന് അറിയുമ്പോള്‍ വല്ലാത്ത മാനസിക വേദന തോന്നും. വണ്ടിച്ചെക്ക് തിരികെ വാങ്ങി പണം തന്ന ആരുമില്ല.’ -ഗീതാ വിജയന്‍ പറഞ്ഞു.

‘എനിക്ക് മാനേജര്‍ ഒന്നുമില്ല. ഭര്‍ത്താവാണ് കാര്യങ്ങള്‍ നോക്കുന്നത്. എന്റെ ഒരു കാര്യത്തിലും അദ്ദേഹം ഇടപെടില്ല. അതാണ് അദ്ദേഹം എനിക്ക് നല്‍കുന്ന സ്വാതന്ത്ര്യം. എനിക്ക് എന്റെതായ സ്ഥാനം അദ്ദേഹം നല്‍കി. അതാണ് അദ്ദേഹത്തിന്റെ മഹത്വം. ചില സിനിമകളുടെ ലൊക്കേഷനുകളില്‍ നിന്ന് മോശം അനുഭവമുണ്ടാകുമ്പോള്‍ ഞാന്‍ കരയും. അപ്പോള്‍ ഇനി മേലാല്‍ അഭിനയിക്കാന്‍ പോകരുതെന്ന് അദ്ദേഹം പറയും. സ്‌കൂള്‍ കാലം മുതല്‍ അറിയാവുന്ന ആളാണ് അദ്ദേഹം. എന്റെ കൂടെ ജീവിക്കാന്‍ വലിയ പ്രയാസമാണ് എന്ന് അദ്ദേഹം ഇടയ്ക്കിടെ പറയും. അത് സത്യമാണ്. ആര്‍ക്കും എന്റെ കൂടെ ജീവിക്കാന്‍ സാധിക്കില്ല, വലിയ ബുദ്ധിമുട്ടാണ്.’

‘തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോകാത്തതിന് കാരണമുണ്ട്. അവിടെ ഗ്ലാമറസ് ആയ വേഷങ്ങള്‍ ചെയ്യണം. അഭിനയിക്കാന്‍ പോയിട്ട് ഇത് അറിഞ്ഞപ്പോള്‍ സിനിമ ചെയ്യാതെ തിരിച്ച് വരികയായിരുന്നു. വിനോദ് കുമാര്‍ എന്നയാള്‍ അഭിനയിക്കുന്ന സിനിമയായിരുന്നു അത്. അതിലൊരു പാട്ട് സീനില്‍ മൂന്ന് സ്വിം സ്യൂട്ട് മാറി മാറി ധരിക്കണമെന്ന് പറഞ്ഞു. കരാര്‍ ഒപ്പിടാനായി അവരുടെ ഓഫീസില്‍ പോയെങ്കിലും ഭാഗ്യത്തിന് ഒപ്പിട്ടില്ല. പ്രതിഫലം എത്ര, ഷൂട്ടിങ് എത്ര ദിവസം എന്നീ കാര്യങ്ങള്‍ നോക്കുമെന്നല്ലാതെ നമ്മള്‍ മുഴുവന്‍ കരാറും വായിച്ച് നോക്കാറില്ല. സംവിധായകന്‍ സ്വിം സ്യൂട്ടിന്റെ കാര്യം പറഞ്ഞതാണ് എനിക്ക് രക്ഷയായത്. ആ വേഷം എനിക്ക് ചേരില്ല.’

‘വെട്ടം എന്ന സിനിമയില്‍ വേശ്യയായിട്ടാണ് അഭിനയിച്ചത്. ആ റോള്‍ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ ധരിച്ച വസ്ത്രങ്ങളും എനിക്കിണങ്ങുന്ന നല്ല വസ്ത്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് കുഴപ്പമില്ലായിരുന്നു. അന്ന് ഷൂട്ടിങ്ങിനിടെ ഒരു കാര്യവും മുമ്പ് പറഞ്ഞിരുന്നില്ല. വെട്ടത്തില്‍ ഒരു അലമാരിയുടെ ഉള്ളില്‍ നില്‍ക്കുന്ന സീനുണ്ട്. അതില്‍ നിന്ന് ഇറങ്ങിയ ഉടന്‍ എന്നോട് സാരിയുടെ പല്ലു താഴേക്ക് ഇടാന്‍ പറഞ്ഞു. കേട്ടപാടെ മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ അത് ചെയ്തു. അതില്‍ മോശമായി ഒന്നും ഉണ്ടായിരുന്നില്ല.’ -ഗീതാ വിജയന്‍ പറഞ്ഞു നിര്‍ത്തി.

Content Highlights / English Summary: In Harihar Nagar fame malayalam actress Geetha Vijayan talks about the prostitute role and her experience