”അണ്ണന് മുണ്ട് മുട്ടുവരെ ഉടുക്കാമെങ്കിൽ എനിക്കെന്തുകൊണ്ട് അത് പറ്റില്ല”; അനുഭവം പങ്കുവെച്ച് നടി അനുശ്രീ|Anusree| Shorts| interview


ലാൽ ജോസിന്റെ ഡയമണ്ട് നെക്ലൈസ് എന്ന സിനിമയിലൂടെ 2012ലാണ് അനുശ്രീ സിനിമാ രം​ഗത്തേക്ക് കടന്നുവരുന്നത്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

ഡയമണ്ട് നെക്ലൈസിന് ശേഷം ചന്ദ്രേട്ടൻ എവിടയാ, മഹേഷിൻ്റെ പ്രതികാരം, വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, 12th മാൻ തുടങ്ങി നിരവധി സിനിമകളിൽ അനുശ്രീ തന്റെ പ്രതിഭ തെളിയിച്ചു. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് നടത്താറുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

ഇപ്പോൾ അനുശ്രീയുടെ ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിൽ വന്ന അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. വസ്ത്രധാരണത്തെക്കുറിച്ചും അതിൽ തന്റെ വീട്ടുകാരുടെ റോളിനെക്കുറിച്ചെല്ലാമുള്ള രസകരമായ കാര്യങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ വീട്ടുകാർ അത്ര പുരോ​ഗമന ചിന്താ​ഗതിക്കാരല്ലെന്ന് അനുവിന്റെ വാക്കുകളിൽ നിന്ന് മനസിലാക്കാം.

വീട്ടിൽ ഷോർട്സ് ഇട്ട് നടക്കാനൊന്നും സമ്മതിക്കില്ലെന്നാണ് താരം പറയുന്നത്. ഷോർട്സ് ഇട്ട് നടക്കാൻ മാത്രം മോഡേൺ ആയിട്ടില്ല തന്റെ ഫാമിലി, എന്നാലും താൻ മാറ്റം വരുത്തുമെന്നാണ് അനുവിന്റെ വാക്കുകൾ. കൊച്ചിയിൽ വേണമെങ്കിൽ ഇട്ടോ, കമുകച്ചേരിയിലേക്ക് ഷോർട്സ് വേണ്ടെന്നാണ് വീട്ടുകാരുടെ അഭിപ്രായം. അച്ഛൻ ഒന്നും പറയാറില്ല, അമ്മയും അണ്ണനുമാണ് പ്രശ്നമെന്ന് താരം പറയുന്നു.

എന്നാൽ ഒരു തവണ വീട്ടിലേക്ക് പോയപ്പോൾ പകൽ സമയത്ത് ഷോർട്സ് ധരിച്ച് മുറ്റത്തേക്കിറങ്ങിയപ്പോൾ ഉണ്ടായ രസകരമായ സംഭവം അനുശ്രീ പങ്കുവയ്ക്കുന്നുണ്ട്. നീ ഇതിട്ടുകൊണ്ടാണോ പുറത്തേക്കിറങ്ങുന്നതെന്ന് ചോദിച്ച് സഹോദരൻ പരിഭ്രമിച്ചു. അതേസമയം സഹോദരൻ മുട്ടിന് മുകളിൽ മുണ്ട് മടക്കിക്കുത്തിയിരിക്കുകയായിരുന്നു. ഇതുപറഞ്ഞ് രണ്ട് പേരും തമ്മിൽ സംവാദത്തിലേർപ്പെടുകയും ഒടുവിൽ ഷോർട്സ് ധരിച്ച് കൊണ്ട് തന്നെ താൻ പുറത്തേക്കിറങ്ങിയ കഥയാണ് അനുശ്രീ പറഞ്ഞത്.