”പടം തുടങ്ങുന്നത് തന്നെ ഞങ്ങള്‍ക്ക് ആരോടും നന്ദി പറയാനില്ല എന്ന് എഴുതിക്കാണിച്ച്, ക്ലൈമാക്‌സില്‍ നായിക പറയുന്ന ഡയലോഗ് ഞാനിവിടെ ആവര്‍ത്തിക്കുന്നില്ല” മുകുന്ദനുണ്ണി അസോസിയേറ്റ് മുഴുവന്‍ നെഗറ്റീവ്, ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടവേള ബാബു | Mukundan Unni Associates | Vineeth Sreenivasan
വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഇടവേള ബാബു. ചിത്രം മുഴുവന്‍ നെഗറ്റീവാണെന്നും ഇങ്ങനെയൊരു ചിത്രം തന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
”മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാല്‍ ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?” എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്തുകൊണ്ട് ഇങ്ങനെയൊരു സിനിമ ചെയ്‌തെന്ന് വിനിതീനെ വിളിച്ച് താന്‍ ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
”ആ സിനിമ ഇവിടെ ഓടിയ സിനിമയാണ്. പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ്. അങ്ങനത്തെ ഒരു സിനിമയുടെ കഥ വന്ന് പറഞ്ഞാല്‍ ചെയ്യുന്നത് എനിക്കൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ല. ഞാന്‍ വിനീത് ശ്രീനിവാസനെ വിളിച്ചു ചോദിച്ചു, ‘വിനീതേ എങ്ങനെ ഈ സിനിമയില്‍ അഭിനയിച്ചെന്ന്’ അപ്പോള്‍ വിനീത് എന്റടുത്ത് പറഞ്ഞത് ഏഴോളം നായകന്മാരുടെ അടുത്ത് ഈ കഥ പറഞ്ഞു, ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്യുന്നത്. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. അത്രമാത്രം നെഗറ്റീവാണ്. അപ്പോള്‍ സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനേക്കാള്‍ എനിക്ക് അത്ഭുതം പ്രേക്ഷകന്‍ എങ്ങോട്ടാണ് പോകുന്നതെന്നാണ്. ” ഇടവേള ബാബു പറയുന്നു.
പ്രമുഖ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ വിനീതിന് എതിര്‍പ്പുണ്ടായിരുന്നുവെന്ന അടുത്തിടെ അഭിനവും വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം വിശ്വസിക്കാത്ത ഒരാശയമാണ് ആ ക്ലൈമാക്‌സെന്നാണ് അഭിനവ് പറഞ്ഞത്.