”ഞാൻ വല്ലാത്ത പേടിയിലായിരുന്നു, കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് തിരിച്ച് പോയത്”; സമീറ റെഡ്ഡി
2002ൽ പുറത്തിറങ്ങിയ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സമീറ റെഡ്ഡി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. എന്നാൽ താരത്തിന് ഒരു കരിയർ ബ്രേക്ക് നൽകിയ ചിത്രം 2004ൽ പുറത്തിറങ്ങിയ മുസാഫിർ ആയിരുന്നു. തുടർന്ന് തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി വേഷങ്ങൾ ചെയ്തു.
വിവാഹത്തോടെ താരം സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരിയാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. സ്ത്രീകൾക്ക്, പ്രത്യേകിച്ച് പ്രസവിച്ച സ്ത്രീകൾക്ക് ഏറെ പ്രചോദനമാണ് സമീറയുടെ ഫോട്ടോകളും കുറിപ്പുകളും.
ആദ്യ പ്രസവത്തിന് ശേഷം തനിക്കുണ്ടായ പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമെല്ലാം താരം തുറന്ന് പറഞ്ഞത് കുറച്ച് പേർക്കെങ്കിലും ഉപകാരമായിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. സൗന്ദര്യത്തെ കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടുകൾ പൊളിച്ചടുക്കുന്ന സമീറയുടെ നിലപാട് എപ്പോഴും ആരാധകരുടെ കയ്യടി നേടാറുണ്ട്. “ഇതാണ് ഞാൻ,” എന്നു പറഞ്ഞുകൊണ്ട് നരച്ച മുടിയും മേക്കപ്പില്ലാത്ത മുഖവുമായി എത്തിയ സമീറയെ ആരാധകർ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
എന്നാലിപ്പോൾ ശ്രദ്ധനേടുന്നത് സമീറയുടെ ആദ്യ ഓഡിഷനിൽ നിന്നുള്ള ചിത്രങ്ങളാണ്. മഹേഷ് ബാബുവിന്റെ നായികയാവാനുള്ള ആദ്യ ഓഡിഷൻ പരാജയമായതിനെക്കുറിച്ചാണ് സമീറ പറഞ്ഞത്. കരഞ്ഞുകൊണ്ടാണ് അന്ന് സമീറ വീട്ടിലേക്ക് തിരിച്ചുപോയത്. തുടർന്ന് രണ്ട് വർഷം വാച്ചിന്റെ കമ്പനിയിൽ ജോലി ചെയ്‌തെന്നും താരം പറയുന്നു.
“1988ൽ എന്റെ ആദ്യത്തെ ഓഡിഷൻ. മഹേഷ് ബാബുവിനൊപ്പമുള്ള സിനിമയായിരുന്നു അത്. ഞാൻ വല്ലാത്ത പേടിയിലായിരുന്നു. ഏതിനാൽ എനിക്ക് പെർഫോം ചെയ്യാൻ കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് തിരിച്ചുപോയത്. അങ്ങനെ ഡെസ്‌ക് ജോബ് ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു. രണ്ടുവർഷം ഒമേഗ വാച്ച് കമ്പനിയിൽ ജോലി ചെയ്തു. വീണ്ടും ധൈര്യം വീണ്ടെടുത്ത് ആദ്യത്തെ മ്യൂസിക് വിഡിയോ ചെയ്യുന്നതുവരെ ഞാൻ ആ ജോലി ചെയ്തു”.- സമീറ റെഡ്ഡി വ്യക്തമാക്കി.
Content Highlights / English Summary: Actress Sameera Reddy shares her experience