”പൃഥ്വിരാജിന്റെ രണ്ടാമത്തെ സിനിമയിലാണ് ഞാനിത് പറഞ്ഞത്. അവനിന്ന് എവിടെയെത്തി നിൽക്കുന്നു,”- പുതിയ വെളിപ്പെടുത്തലുമായി ഭദ്രൻ‌‌‌‌‌| Bhadran| Prthviraj| Vellithira


സംവിധായകൻ ഭ​ദ്രൻ വെള്ളിത്തിര സംവിധാനം ചെയ്ത സമയത്ത് നടൻ പൃഥ്വിരാജിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞ വാചകം ചിലർക്കെങ്കിലും ഇപ്പോൾ ഓർമ്മയുണ്ടാകും. അന്ന് മോഹൻലാലിന് പകരക്കാരനെ കണ്ടെത്തിയെന്ന് ഭദ്രൻ പറഞ്ഞതായിട്ടായിരുന്നു വാർത്തകൾ. എന്നാലിപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.

ആദ്യ ചിത്രമായ നന്ദനം വലിയ ഹിറ്റായതിന് പിന്നാലെ നടൻ പൃഥ്വിരാജ് രണ്ടാമത് അഭിനയിച്ച സിനിമയായിരുന്നു വെള്ളിത്തിര. 2003 ലായിരുന്നു ഭദ്രൻ വെള്ളിത്തിര സംവിധാനം ചെയ്തത്. പൃഥ്വിരാജ്, നവ്യ നായർ, കലാഭവൻ മണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ പൃഥ്വിരാജിന്റെ രാജ് എന്ന കഥാപാത്രം ആദ്യചിത്രത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു.

വളരെ ജെനുവിനായി പറഞ്ഞതാണ്. പക്ഷെ താൻ പറഞ്ഞ അർത്ഥം മനസ്സിലേക്കേണ്ടതുണ്ടെന്നാണ് ഭദ്രനിപ്പോൾ വ്യക്തമാക്കുന്നത്. ‘ഒരിക്കലും മോഹൻലാലിന് പൃഥ്വിരാജ് പകരക്കാരനാവില്ല. മോഹൻലാലിനെപ്പോലെ നന്നായി വരാനുള്ള ഒരു ​ഗ്രാഫ് ഞാൻ പൃഥ്വിരാജിൽ കാണുന്നെന്നാണ് ഞാൻ പറഞ്ഞത്. പൃഥ്വിരാജിന്റെ രണ്ടാമത്തെ സിനിമയിലാണ് ഞാനിത് പറഞ്ഞത്. അവനിന്ന് എവിടെയെത്തി നിൽക്കുന്നു,’ ഭദ്രൻ ചോദിക്കുന്നു.

‘അയാൾക്കെങ്ങനെ മോഹൻലാലാവാൻ കഴിയും? തലകുത്തി നിന്നാൽ പറ്റില്ല. അയാൾക്കെങ്ങനെ മമ്മൂട്ടിയാവാൻ കഴിയും. മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കിൽ കയറി നിന്നാൽ ആ പ്രദേശം മുഴുവൻ പ്രസരണം ചെയ്യുകയല്ലേ. മമ്മൂട്ടി എന്ന വ്യക്തി ഷർട്ടും മുണ്ടുമിട്ട് വന്ന് നിൽക്കുന്ന കാര്യമല്ല ഞാൻ പറയുന്നത്. ചില വേഷപ്പകർച്ചകളിലൂടെ സ്ക്രീനിലേക്ക് വന്ന് നിൽക്കുമ്പോൾ അയാൾ ആവാഹിക്കുന്ന ശക്തിയുണ്ട്. അത് തന്നെയാണ് മോഹൻലാലും,’ ഭദ്രൻ പറഞ്ഞു.

‘വർഷങ്ങൾക്ക് ശേഷം ഞാനെന്റെ തന്നെ സിനിമയായ സ്ഫടികം എഫക്ടുകളിട്ട് കണ്ടപ്പോൾ ഈ സിനിമ ഞാൻ തന്നെ ചെയ്തതാണോയെന്ന് തോന്നിപ്പോയി, ‘സിനിമ മാത്രമല്ല ഈ ആർട്ടിസ്റ്റുകളെക്കാെണ്ടൊക്കെ ഇങ്ങനെ ചെയ്യിക്കാൻ പറ്റിയോ എന്ന്. എല്ലാ കഥാപാത്രങ്ങളും തമ്മിൽ ഒരു വ്യാകരണമുണ്ട്. എന്നെ ഇതിന് നിയോ​ഗിച്ചതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു’- ഭദ്രൻ വ്യക്തമാക്കി.

കൂടാതെ ഇന്നത്തെ സിനിമയിൽ കണ്ടന്റ് ഓറിയന്റായി സിനിമ ചെയ്യുന്നവരില്ലാത്തതിനെ കുറിച്ച് ഭദ്രൻ സംസാരിച്ചു. ഇന്നത്തെ ചെറുപ്പക്കാരുടെ സിനിമകളിൽ കണ്ടന്റ് പലപ്പോഴും മറന്ന് കൊണ്ട് അവെയ്ലബിളായ പ്ലാറ്റ്ഫോമിലേക്കാണ് ഇവരുടെ താൽപര്യം. പല സിനിമകളും കാണുമ്പോൾ കണ്ടന്റും അതിന്റെ ദൃശ്യാവിഷ്കരണവും തമ്മിൽ ഒത്തുപോവുന്നോ എന്ന് സംശയമുണ്ട്. ഓരോ യൂസേജിനും ഒരു ഉദ്ദേശ്യമുണ്ടെന്നും ഭദ്രൻ പറഞ്ഞു.